ചാമ്പ്യൻസ് ലീഗിൽ പി.എസ്.ജി ബാഴ്സയ്ക്കെതിരെ തകര്പ്പന് വിജയം നേടിയതിനെ തുടർന്ന് ഫുട്ബോൾ ആരാധകരെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ ഫോർവേഡായ റിവാൾഡോ.
ചാമ്പ്യൻസ് ലീഗ് ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ പി.എസ്.ജി 4 ഗോളുകൾക്ക് ബാഴ്സയെ തകർത്തിരുന്നു. ഇപ്പോഴിതാ യൂറോപ്യൻ ഫുട്ബോളിലെ ബാഴ്സയ്ക്ക് വേണ്ടിയുള്ള മെസ്സിയുടെ അവസാന മത്സരമതായിരിക്കും എന്നാണ് മുൻ ബാഴ്സ ഇതിഹാസമായ റിവാൾഡോ പറയുന്നത്.
“ഈ കനത്ത തോൽവി ചാമ്പ്യൻസ് ലീഗിൽ ക്യാമ്പ് നൗൽ ബാഴ്സയ്ക്കായുള്ള മെസ്സിയുടെ അവസാന മത്സരമായിരിക്കും.” റിവാൾഡോ ബെറ്റ് ഫെയറിനോട് പറഞ്ഞു.
“വലിയ ട്രോഫികൾക്കു വേണ്ടി പോരാടുവാനുള്ള സാധ്യതകളൊന്നും തന്നെ (ബാഴ്സ) മെസ്സിക്ക് വേണ്ടി നൽകുവാൻ സാധിക്കുന്നില്ല.”
“അവന്റെ ഭാവി പി.എസ്.ജിയിലായിരിക്കും. അവർക്ക് ട്രോഫികൾ നേടാനുള്ള കെല്പുമുണ്ട്.”
ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളായ മെസ്സിക്ക് ടീമിനെ ഇതിൽ നിന്നും ഒറ്റയ്ക്ക് കരകയറ്റാൻ സാധിക്കുകയില്ലെന്നും റിവാൾഡോ പറഞ്ഞു.
“മെസ്സിയിപ്പോൾ തന്റെ മുപ്പതുകളിലാണ്. ഇപ്പോഴും അവൻ ഒറ്റയ്ക്ക് ടീമിനെ വഹിക്കുന്നു.” റിവാൾഡോ വിശദീകരിച്ചു.
“കാര്യങ്ങളെ കൂടുതൽ കുഴപ്പത്തിലാക്കാൻ, ബാഴ്സ അവന്റെ ഉറ്റ സുഹൃത്തായ സുവാരസ്സിനെ അത്ലറ്റിക്കോയ്ക്കു നൽകുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് തന്നെ അത്ലറ്റികോ മുനപുള്ളതിനെക്കാളും ശക്തരായിരിക്കുകയാണ്. കൂടാതെ പിച്ചിച്ചി ട്രോഫിയ്ക്കുള്ള പട്ടികയിൽ നിലവിൽ സുവാരസാണ് മുന്നിൽ നിൽക്കുന്നത്….”
പി.എസ്.ജിക്കെതിരെയുള്ള രണ്ടാം പാദ മത്സരത്തിൽ ബാഴ്സയ്ക്ക് തിരിച്ചുവരാൻ കഴിയില്ലെന്നും റിവാൾഡോ വ്യക്തമാക്കി. 48കാരനായ മുൻ ബാഴ്സ താരം ക്യാമ്പ് നൗലെ പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ജോൻ ലപ്പോർട്ടയെ അനുകൂലിക്കുന്ന വിധത്തിലുള്ള സംഭാഷണങ്ങളിലും ഏർപെട്ടിരുന്നു.
ലപ്പോർട്ടയെ പോലുള്ള ശക്തനായ ഒരു പ്രെസിഡന്റിനെയാണ് ബാഴ്സയ്ക്ക് ആവശ്യമെന്നും താൻ പരസ്യമായി തന്നെ ലപ്പോർട്ടയെ അനുകൂലിക്കുന്നുവെന്നും റിവാൾഡോ അഭിമുഖത്തിൽ വെളിപ്പെടുത്തി.