മെസിയും അന്നത്തെ ബാഴ്സലോണ സഹ പരിശീലകനായിരുന്ന എഡർ സറാബിയയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരിൽ കഴിഞ്ഞ സീസണിലെ ബാഴ്സലോണ- സെൽറ്റ വിഗോ മത്സരം ഏറെ ചർച്ചയായിരുന്നു. സറാബിയയുടെ നിർദ്ദേശങ്ങൾ പരസ്യമായി അവഗണിക്കുന്ന മെസിയുടെ ദൃശ്യങ്ങൾ അന്ന് ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചകൾക്കു വിധേയമായിരുന്നു.
അന്നു മെസിയും ബാഴ്സ പരിശീലകരും തമ്മിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു എന്ന വാർത്തകൾ സത്യമാണെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്പാനിഷ് ടിവി പരിപാടിയായ ക്വി ദി ജുഗോസിനെ അടിസ്ഥാനമാക്കി മാർക്ക പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സെറ്റിയൻ അന്നു കടുത്ത ഭാഷയിലാണ് മെസിയോടു പ്രതികരിച്ചത്.
സെറ്റിയനെ അപേക്ഷിച്ച് നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ ബാഴ്സലോണ താരങ്ങളോട് കുറച്ചു കൂടി ബഹുമാനത്തോടെ പെരുമാറണമെന്നാണ് മെസി ആവശ്യപ്പെട്ടത്. എന്നാൽ അതിനു മറുപടിയായി “നിങ്ങൾക്ക് ഞാൻ പറയുന്നത് ഇഷ്ടമായില്ലെങ്കിൽ പുറത്തേക്കുള്ള വഴിയതാണ്” എന്നാണ് ബാഴ്സ നായകനോട് സെറ്റിയൻ പ്രതികരിച്ചത്.
സെറ്റിയൻ പറഞ്ഞതിനോട് യാതൊരു തരത്തിലും പ്രതികരിക്കാതെ ചിരിക്കുക മാത്രമാണ് മെസി ചെയ്തതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്തിടെ സെറ്റിയൻ മെസിയെക്കുറിച്ചു പറഞ്ഞത് ഇതിനോടു ചേർത്തു വായിക്കാവുന്നതാണ്. “മെസി വളരെ കുറച്ചു മാത്രമേ സംസാരിക്കൂ, എന്നാൽ നമ്മൾ അറിയേണ്ടതെല്ലാം മനസിലാക്കിത്തരും.”