സൂപ്പർ താരം ലയണൽ മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് എന്ന അഭ്യൂഹങ്ങൾ വളരെ ശക്തിയായി പ്രചരിക്കാൻ തുടങ്ങിയിട്ട് ഏകദേശം ഒരാഴ്ച്ചയോളമായി. എന്നാൽ മെസ്സിയെ കൈവിടാൻ ബാഴ്സ ഒരുക്കമല്ല. മെസ്സിയാണേൽ ബാഴ്സ വിട്ടു പുറത്തു പോണം എന്ന പിടിവാശിയിലുമാണ്. ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും എവിടെയും എത്താത്ത രീതിയിൽ ആണ് ചർച്ചകൾ നടക്കുന്നത്. ഇരുകൂട്ടരും തങ്ങളുടെ നിലപാട് മയപ്പെടുത്താൻ തയ്യാറാവാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
ഇതിനിടെ മെസ്സി ട്രാൻസ്ഫർ അഭ്യൂഹങ്ങളോട് ആദ്യമായി പ്രതികരിക്കുന്ന താരമായിരിക്കുകയാണ് എറിക് ഗാർഷ്യ. മുമ്പ് ബാഴ്സയുടെ താരമായിരുന്നു ഈ സ്പാനിഷ് ഡിഫൻഡർ. ലാമാസിയയിലൂടെ വളർന്ന താരത്തെ പിന്നീട് 2017-ൽ ബാഴ്സയിൽ നിന്ന് പെപ് ഗ്വാർഡിയോള റാഞ്ചുകയായിരുന്നു. എന്നാൽ പിന്നീട് മനസ്സ് മാറിയ ബാഴ്സ താരത്തെ തിരികെ ക്ലബ്ബിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മെസ്സിയുടെ ഈ ട്രാൻസ്ഫർ വാർത്തകൾ പരക്കുന്നത്. ഇതോടെ താരം ത്രിശങ്കുവിലാവുകയായിരുന്നു. അത് തന്നെയാണ് കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ താരം അറിയിച്ചതും.
ഇതുവരെ സിറ്റി വിട്ട് ബാഴ്സയിലേക്ക് തന്നെ മടങ്ങാൻ ആഗ്രഹിച്ച താരമായിരുന്നു എറിക് ഗാർഷ്യ. എന്നാൽ കഴിഞ്ഞ ദിവസം താരം തന്റെ നിലപാട് അല്പം മയപ്പെടുത്തിയ രൂപത്തിലാണ് സംസാരിച്ചത്. അതായത് മെസ്സി സ്വന്തം ടീമിൽ ഉണ്ടായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് എന്ന് ചോദിച്ച താരം തനിക്ക് സിറ്റിയുമായി ഒരു വർഷത്തെ കരാർ ഇനിയും ബാക്കിയുണ്ടെന്നും ഇദ്ദേഹം അറിയിച്ചു. അതായത് മെസ്സി ബാഴ്സ വിട്ട് സിറ്റിയിൽ എത്തിയാൽ താരം സിറ്റിയിൽ തന്നെ തുടരും. അതെല്ലങ്കിൽ മെസ്സി ബാഴ്സയിൽ തന്നെ കരാർ പുതുക്കി തുടർന്നാൽ ബാഴ്സയിലേക്ക് പോവും എന്ന രീതിയിലാണ് അദ്ദേഹം സൂചനകൾ നൽകിയത്.
” ഇവിടെ മാഞ്ചസ്റ്റർ സിറ്റിയിൽ മെസ്സി ഇവിടേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ഒന്നും സംസാരിച്ചിട്ടില്ല. എല്ലാവർക്കും അവരുടെ ടീമിൽ മെസ്സി ഉണ്ടാവുന്നത് ഇഷ്ടമുള്ള കാര്യമാണ്. ബാഴ്സ? സിറ്റിയുമായി കരാർ പുതുക്കില്ലെന്ന് ഞാൻ മുമ്പ് അവരെ അറിയിച്ചിരുന്നു. എന്നാൽ എനിക്ക് ഒരു വർഷം കൂടി ഇവിടെ അവശേഷിക്കുന്നുണ്ട്. മടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത് ” ഗാർഷ്യ അഭിമുഖത്തിൽ പറഞ്ഞു. മുമ്പ് താരം സിറ്റിയുമായി കരാർ പുതുക്കില്ല എന്ന് അറിയിച്ചിരുന്നു. എന്നാൽ മെസ്സിയുടെ ഈ ഇഷ്യൂവുമായി ബന്ധപ്പെട്ട് അദ്ദേഹം സിറ്റിയിൽ തന്നെ ഈ സീസണും തുടരാൻ തീരുമാനിച്ചേക്കും എന്നാണ് ഫുട്ബോൾ പണ്ഡിതർ വ്യാഖ്യാനിക്കുന്നത്.