ബാഴ്സലോണ വിടാനൊരുങ്ങുന്ന മെസിക്ക് മാഞ്ചസ്റ്റർ സിറ്റി ഓഫർ ചെയ്യുന്ന കരാറിന്റെ വിശദാംശങ്ങൾ പുറത്ത്. പ്രമുഖ മാധ്യമമായ ഇഎസ്പിഎൻ ആണ് സിറ്റിയുടെ ഓഫറിനെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്. സിറ്റിയടക്കം രണ്ടു ക്ലബിൽ കളിക്കാൻ കഴിയുന്ന തരത്തിലുള്ള അപൂർവ്വ കരാറാണ് മെസിക്ക് സിറ്റി വാഗ്ദാനം ചെയ്തിരിക്കുന്നത്.
സിറ്റിയിൽ മൂന്നു വർഷത്തെ കരാറാണ് മെസിക്ക് നൽകിയിരിക്കുന്നത്. അതിനു ശേഷം സിറ്റി ഗ്രൂപ്പിന്റെ തന്നെ ഉടമസ്ഥതയിലുള്ള എംഎൽഎസ് ക്ലബായ ന്യൂയോർക്ക് സിറ്റി എഫ്സിയിലേക്ക് മെസിക്കു ചേക്കേറാൻ കഴിയും. അവിടെയും മൂന്നു വർഷം താരത്തിനു തുടരാം. കരിയർ അവസാനിപ്പിക്കുകയാണെങ്കിൽ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ അംബാസിഡർ സ്ഥാനവും അവർ വാഗ്ദാനം ചെയ്യുന്നു.
ഒരു ഫുട്ബോൾ താരത്തെ സംബന്ധിച്ചിടത്തോളം വളരെ അപൂർവ്വമായ ഭാഗ്യമാണ് മെസിയെ തേടി വന്നിരിക്കുന്നത്. 39 വയസു വരെ കളിക്കളത്തിൽ തുടരാൻ കഴിയുകയും അതിനു ശേഷം ഫുട്ബോൾ മേഖലയിൽ തന്നെ സജീവമായി താരത്തിനു തുടരുകയും ചെയ്യാം. മെസിയുടെ സേവനം സിറ്റി എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിന്റെ തെളിവു കൂടിയാണിത്.
അതേസമയം താരം ബാഴ്സ വിടുന്ന കാര്യത്തിൽ ഇനിയും വ്യക്തത വരാനുണ്ട്. താരത്തെ ബാഴ്സയിൽ തന്നെ നിലനിർത്താനാണ് ക്ലബ് നേതൃത്വം കിണഞ്ഞു ശ്രമിക്കുന്നത്. ഫ്രീ ട്രാൻസ്ഫറിൽ മെസി ക്ലബ് വിട്ടാൽ അതിൽപ്പരം ക്ഷീണം ബാഴ്സക്കു സംഭവിക്കാനില്ല.