സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സയിൽ തന്നെ തുടരുമെന്ന വാർത്ത താരത്തിന്റെയും ബാഴ്സയുടെയും ആരാധകർക്ക് തെല്ലൊന്നുമല്ല ആശ്വാസം പകർന്നത്. ഏറെ ഊഹാപോഹങ്ങൾക്കും അഭ്യൂഹങ്ങൾക്കും ശേഷം താൻ ബാഴ്സയിൽ തന്നെ തുടരുമെന്ന് മെസ്സി ഗോൾ ഡോട്ട് കോമിന് അനുവദിച്ച ഇന്റർവ്യൂവിൽ തുറന്നു പറയുകയായിരുന്നു. ഇപ്പോഴിതാ താരത്തിന് പിന്തുണയുമായി മുൻ ഇതിഹാസ താരം രംഗത്ത് വന്നിരിക്കുകയാണ്.
ബാഴ്സയുടെ മുൻ താരവും മെസ്സിയുടെ സഹതാരവുമായിരുന്ന സാമുവൽ ഏറ്റുവാണ് മെസ്സിയുടെ തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ചു കൊണ്ട് രംഗത്ത് വന്നത്. എന്റെ മകൻ എന്നാണ് അദ്ദേഹം മെസ്സിയെ സ്നേഹപൂർവ്വം അഭിസംബോധനം ചെയ്തത്. എന്റെ മകനായ മെസ്സി ബാഴ്സയിൽ തുടരാൻ തീരുമാനിച്ചതിൽ താൻ വളരെയധികം സന്തോഷവാനാണ് എന്നാണ് ഇദ്ദേഹം അറിയിച്ചത്. 2004 മുതൽ 2009 വരെ താരം ബാഴ്സക്ക് വേണ്ടി കളിച്ചിരുന്നു.
“എന്റെ മകനായ മെസ്സി ബാഴ്സയിൽ തുടരുന്നതിൽ ഞാൻ അതീവസന്തുഷ്ടനാണ്. പക്ഷെ ബാഴ്സയുടെ പ്രശ്നങ്ങൾ മെസ്സിക്കുമപ്പുറത്താണ്. ബാഴ്സയുടെ ശൈലിയിൽ കളിക്കുന്ന എട്ട് താരങ്ങളെ ബാഴ്സക്ക് ആവിശ്യമുണ്ട്. ബോക്സ്-ടു-ബോക്സ് താരങ്ങളെ അല്ല ബാഴ്സക്ക് ആവശ്യം. ടിക്കി ടാക്ക കളിക്കുന്ന താരങ്ങളെയാണ് ” ഏറ്റു പറയുന്നു.
” ഞാൻ ഇനി ചാമ്പ്യൻമാരാവാൻ പോവുന്ന ക്ലബ്ബിനെ കുറിച്ചാണ് സംസാരിക്കാൻ പോവുന്നത്. തീർച്ചയായും അത് ബാഴ്സയാണ്. എന്നാൽ എന്റെ ഹൃദയം എന്റെ മുൻ ക്ലബായ മയ്യോർക്കക്കുമൊപ്പമുണ്ട്. അവർ മുൻ നിരയിലേക്ക് തിരിച്ചു വരട്ടെ എന്നാഗ്രഹിക്കുന്നു. കൂടാതെ റയൽ ബെറ്റിസിനെയും ഞാൻ നോട്ടമിട്ടിട്ടുണ്ട്. അവരുടെ പരിശീലകനായ പെല്ലഗ്രിൻ ലോകത്തിലെ ഏറ്റവും മികച്ച ലീഗിലേക്ക് തിരിച്ചു വന്നിരിക്കുന്നു ” ഏറ്റു പറഞ്ഞു.