ഈ ട്രാൻസ്ഫർ വിൻഡോയിൽ ഫുട്ബോൾ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കാര്യമാണ് മെസ്സി ബാഴ്സ വിടുമെന്ന അഭ്യൂഹം. തനിക്ക് ക്ലബ് വിടണമെന്ന ആഗ്രഹം മെസ്സി ബാഴ്സലോണയെ അറിയിച്ചതോടെ നിരവധി കിംവദന്തികളും ഊഹാപോഹങ്ങളുമായിരുന്നു പരന്നിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ആദ്യമായി പ്രതികരണമറിയിച്ച താരങ്ങളിൽ ഒരാളായിരുന്നു മെസ്സിയുടെ മുൻ സഹതാരവും ബാഴ്‌സ നായകനുമായിരുന്ന കാർലോസ് പുയോൾ.
” ലിയോ.. ബഹുമാനവും ആദരവും, എന്റെ എല്ലാവിധ പിന്തുണയുമുണ്ട് സുഹൃത്തേ ” എന്നായിരുന്നു പുയോൾ തന്റെ ട്വിറ്റെറിൽ കുറിച്ചത്. ഇത് വലിയ തോതിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തു. മെസ്സി ക്ലബ് വിടണമെന്ന അറിയിച്ച ഉടനെ പുയോൾ പിന്തുണ അർപ്പിച്ചതോടെ മെസ്സി ബാഴ്സ വിടുമെന്ന് ഉറപ്പാവുകയാണ് എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. കൂടാതെ സഹതാരം സുവാരസ് ഇതിനെ പിന്തുണക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ മെസ്സിയുടെ കാര്യത്തിൽ തന്റെ തീരുമാനം മാറ്റിയിരിക്കുകയാണ് പുയോൾ. മെസ്സി ബാഴ്സ വിടാൻ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
” ഒരു ബാഴ്സലോണ ആരാധകൻ എന്ന നിലയിൽ മെസ്സി ബാഴ്‌സ വിട്ടു പോവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ഇതാണ് ഫുട്ബോൾ. അവസാനം അദ്ദേഹം ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. ഈയടുത്തായി അദ്ദേഹം പറഞ്ഞത്, താൻ ഒരുപാട് പ്രചോദിക്കപ്പെട്ടു എന്നാണ്. അദ്ദേഹത്തിന് ബാഴ്സയിൽ ആവേശഭരിതനാണ്. ഇനിയും ഒരുപാട് വർഷങ്ങൾ അദ്ദേഹം ഇവിടെ തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അദ്ദേഹം ലാലിഗക്ക് വലിയൊരു സമ്പാദ്യമാണ്. കാരണം അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും മികച്ച താരം ” ലാ ഗസറ്റ ഡെല്ലോ സ്പോർട്ടിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഏറെ വിവാദങ്ങൾക്ക് ശേഷം മെസ്സി ബാഴ്സയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ സുഹൃത്തായ ലൂയിസ് സുവാരസ് ക്ലബ് വിടുകയും ചെയ്തു. അതേസമയം മെസ്സി അടുത്ത ട്രാൻസ്ഫർ ജാലകത്തിൽ ഫ്രീ ഏജന്റ് ആവും എന്നുള്ളത് ആരാധകരെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ്. പുതിയ ബോർഡ് വന്നു മെസ്സിയെ കൺവിൻസ് ചെയ്താൽ മാത്രമേ അദ്ദേഹം ബാഴ്‌സയിൽ തുടരുകയൊള്ളൂ.