കഴിഞ്ഞ ലാലിഗ മത്സരത്തിലായിരുന്നു ലയണൽ മെസ്സി ഇതിഹാസതാരം പെലെയുടെ റെക്കോർഡ് തകർത്തെറിഞ്ഞത്. ഒരു ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് ആണ് മെസ്സി കടപുഴക്കിയത്. 644 ഗോളുകളാണ് മെസ്സി ബാഴ്സക്ക് വേണ്ടി നേടിയത്. പെലെ ബ്രസീലിയൻ ക്ലബ് സാന്റോസിന് വേണ്ടി നേടിയ 643 ഗോളുകൾ എന്ന റെക്കോർഡാണ് മെസ്സി ഭേദിച്ചത്.
ഇതിനെ തുടർന്ന് പ്രമുഖ ബിയർ നിർമ്മാതാക്കളായ ബഡ്വെയ്സർ മെസ്സിയുടെ എതിർഗോൾകീപ്പർമാർക്ക് സമ്മാനങ്ങളയച്ചിരുന്നു.മെസ്സി ഗോൾ നേടിയ നൂറ്റി അറുപതോളം ഗോൾ കീപ്പർമാർക്ക് അവർ വഴങ്ങിയ ഗോളിന്റെ എണ്ണത്തിനനുസരിച്ചുള്ള ബിയർ ബോട്ടിലുകളാണ് ബഡ്വെയ്സർ സമ്മാനിച്ചത്. യുവന്റസിന്റെ ഇതിഹാസഗോൾകീപ്പർ ജിയാൻ ലൂയിജി ബുഫണിനും രണ്ട് ബിയർ ബോട്ടിലുകൾ ലഭിച്ചിരുന്നു. മെസ്സി നേടിയ 514, 515 ഗോളുകൾ ബുഫണിനെതിരെയായിരുന്നു. ഇതിനോട് ബുഫൺ പ്രതികരിച്ചിരിക്കുകയാണിപ്പോൾ.
2017 ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സ്റ്റേജിൽ ആയിരുന്നു ബുഫൺ മെസ്സിയിൽ നിന്നും ഗോളുകൾ വഴങ്ങിയത്. രണ്ട് ബിയർ ബോട്ടിലുകൾ കയ്യിൽ പിടിച്ചു കൊണ്ടു ബുഫൺ പറഞ്ഞത് ഇങ്ങനെയാണ്. ” ഇതെനിക്ക് മെസ്സിയിൽ നിന്നും ലഭിച്ച ചെറിയ സമ്മാനങ്ങളാണ്. മെസ്സി ബാഴ്സ കരിയറിൽ നേടിയ 514, 515 ഗോളുകളെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. എനിക്കിപ്പോഴും ആ രണ്ട് ഗോളുകൾ ഓർമ്മയുണ്ട്. എന്തെന്നാൽ ആ രണ്ട് ഗോളുകൾ എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നു. മാത്രമല്ല ആ രാത്രിയിൽ ബാഴ്സ 3-0 യുടെ വിജയവും നേടി ” ബുഫൺ തുടർന്നു.
” പക്ഷെ ഞാൻ ഒരിക്കലും മെസ്സിയുടെയോ ബാഴ്സയുടെയോ മഹത്വം നിരാകരിക്കുന്നില്ല. പ്രത്യേകിച്ച് ക്യാമ്പ് നൗവിലെ ആ രാത്രിയിലെ മഹത്വം.ഇതെനിക്ക് കിട്ടുന്ന അവസാനത്തേത് ആവട്ടെ എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ശരി മെസ്സി.. എനിക്കിത് മതിയാവും ” ബുഫൺ പറഞ്ഞു.