ചാമ്പ്യൻസ് ലീഗിൽ വീണ്ടും ലയണൽ മെസ്സിയും പെപ് ഗാർഡിയോളയും ഒരുമിക്കുമ്പോൾ

ഫ്രഞ്ച് ലീഗിൽ ലിയോണിനെതിരെയുള്ള മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയെ 76 ആം മിനുട്ടിൽ പരിശീലകൻ പചേറ്റിനോ പിൻവലിച്ചത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. പിന്നീട് പരിക്ക് മൂലമാണ് താരത്തെ പിൻവലിച്ചതെന്ന വിശദീകരണവുമായി പരിശീലകൻ രംഗത്തെത്തുകയും ചെയ്തിരുന്നു. സബ്സ്റ്റിട്യൂട് ചെയ്തതിൽ മെസ്സി തൃപ്തനായിരുന്നില്ല എന്ന വാർത്തകളും പുറത്തു വന്നിരുന്നു. ഫ്രഞ്ച് ലീഗിൽ ബുധനാഴ്ച മെറ്റ്സിനെ അടുത്ത മത്സരത്തിൽ മെസ്സി കളിക്കില്ല എന്നും ക്ലബ് അറിയിക്കുകയും ചെയ്തു.

എന്നാൽ ലോകമെമ്പാടുമുള്ള മെസ്സി ആരാധകർ ഉറ്റു നോക്കുന്നത് സെപ്റ്റംബർ 28 അടുത്ത ചൊവ്വാഴ്ച പാരീസ് സെന്റ് ജെർമെയിൻ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ നേരിടുമ്പോൾ സൂപ്പർ താരം കളിക്കുമോ എന്നാണ്.പാർക്ക് ഡെസ് പ്രിൻസസിൽ സിറ്റിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുമ്പോൾ മെസ്സി കളിക്കുമോ എന്നാണ് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുന്നത്. 2016 ലെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലാണ് മെസ്സി മാഞ്ചസ്റ്റർ സിറ്റിയെ നേരിട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മെസ്സി ആദ്യം ഗോൾ നേടിയെങ്കിലും സിറ്റിസൺസ് മത്സരം 3-1 ന് വിജയിച്ചു. നൗ ക്യാമ്പിൽ നടന്ന പോരാട്ടത്തിൽ മെസ്സിയുടെ ഹാട്രിക്കിന്റെ ബലത്തിൽ ബാഴ്സ 4-0ന് വിജയിച്ചു.

മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ലയണൽ മെസ്സിയും വേൾഡ് പെപ് ഗാർഡിയോളയും വീണ്ടും ഒരുമിക്കുന്നതാണ്. യൂറോപ്പിലെ ഏറ്റവും സമ്പന്നമായ രണ്ടു വ്ലബ്ബുകൾ തമ്മിലുള്ള ഏറ്റുമുട്ടൽ കൂടിയാവും ഈ മത്സരം.കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിലെ തോൽവിക്ക് ഒരു പകരം വീട്ടൽ കൂടി പിഎസ്ജി മത്സരത്തിൽ ലക്‌ഷ്യം വെക്കുന്നുണ്ട്. എണ്ണപ്പാടങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഖത്തറാണോ യുണൈറ്റഡ്‌ അറബ് എമിരേറ്റ്സ് ആണോ വിജയിക്കുന്നത് എന്ന് നോക്കാം.

രണ്ട് ക്ലബ്ബുകളുടെയും എണ്ണ പിന്തുണ കാരണം, മാൻ സിറ്റി vs പിഎസ്ജി ഏറ്റുമുട്ടലിനെ ചിലർ ‘ഓയിൽ ഡെർബി’ എന്നാണ് വിശേഷിപ്പിക്കുന്നത്.ഇവ രണ്ടും സർക്കാർ ഉടമസ്ഥതയിലുള്ള ക്ലബ്ബുകളാണ്, പ്രധാനമായും അബുദാബി യുണൈറ്റഡ് ഗ്രൂപ്പിന്റെ (എഡിയുജി) അനുബന്ധ കമ്പനിയായ സിറ്റി ഫുട്ബോൾ ഗ്രൂപ്പിന്റെ (78% ഓഹരി) ഉടമസ്ഥതയിലുള്ളതാണ്. എ.ഡി.യു.ജിയുടെ പ്രാഥമിക ഓഹരി ഉടമ മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇന്റർനാഷണൽ പെട്രോളിയം ഇൻവെസ്റ്റ്‌മെന്റ് കമ്പനിയുടെ (ഐ.പി.ഐ.സി) ബോർഡിൽ അംഗമാണ്.

അതേസമയം, ഖത്തർ ഭരണാധികാരി തമീം ബിൻ ഹമദ് അൽ താനിയുടെ ഉടമസ്ഥതയിലാണ് പി.എസ്.ജി. ഖത്തർ സ്പോർട്സ് ഇൻവെസ്റ്റ്‌മെൻറ് (ക്യുഎസ്ഐ), ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ), മറ്റ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ എന്നിവയിലൂടെ ക്ലബ്ബിനെ സാമ്പത്തികമായി സഹായിക്കുന്നത് രാജ്യത്തെ എണ്ണപ്പണം ഉപയോഗിച്ചാണ്.

Rate this post