മെസിയുമായുള്ള ഉറ്റ സൗഹൃദമാണ് ബാഴ്സലോണ തന്നെ ഒഴിവാക്കുന്നതിലേക്കു നയിച്ചതെന്നു കരുതുന്നുവെന്ന് യുറുഗ്വയ് താരം ലൂയിസ് സുവാരസ്. ആറു വർഷത്തെ വിജയകരമായ ബാഴ്സലോണ കരിയർ അവസാനിപ്പിച്ച് ആഴ്ചകൾക്കു മുൻപാണ് സുവാരസ് അത്ലറ്റികോയിലേക്കു ചേക്കേറിയത്. താരത്തെ ബാഴ്സ പുറത്താക്കുകയാണു ചെയ്തതെന്നും അത് മര്യാദകേടാണെന്നും ഇതിനു പിന്നാലെ മെസി തുറന്നടിക്കുകയും ചെയ്തിരുന്നു.
ഇഎസ്പിഎന്നിനോടു സംസാരിക്കുമ്പോഴാണ് ബാഴ്സയിൽ നിന്നുള്ള തന്റെ ട്രാൻസ്ഫറിനെ കുറിച്ച് സുവാരസ് പറഞ്ഞത്. “ഒരുപാടു വൈരുദ്ധ്യങ്ങൾ അതിലുണ്ടായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് അതിനു കാരണമെങ്കിൽ ഞാനതിൽ വേണ്ട നടപടികൾ എടുക്കാൻ തയ്യാറായിരുന്നു. സ്പോർട്ടിങ്ങ് പ്രശ്നങ്ങളായിരുന്നു എങ്കിൽ അതു മനസിലാക്കുകയും ചെയ്യാം. എന്നാൽ യഥാർത്ഥ കാരണം എനിക്കു മനസിലാകുന്നില്ല.”
“മെസിയുമായുള്ള മികച്ച ബന്ധത്തിന്റെ പുറത്താണ് എന്നെ ബാഴ്സ പുറത്താക്കിയത് എന്നാണു ഞാൻ കരുതുന്നത്. അതവരെ അസ്വസ്ഥരാക്കിയെന്നും ഞാൻ മെസിക്കൊപ്പം കൂടുതൽ തുടരുന്നത് അവർക്കിഷ്ടമായിരുന്നില്ലെന്നുമാണ് മനസിലാക്കേണ്ടത്. എന്നാൽ ടീമിനു ഞങ്ങളുടെ സൗഹൃദം എന്തെങ്കിലും കുഴപ്പമുണ്ടാക്കിയെന്നു ഞാൻ കരുതുന്നില്ല.”
“മൈതാനത്ത് ഞങ്ങൾ പരസ്പരം കണ്ടെത്താൻ ശ്രമിക്കുമായിരുന്നു. അതു ടീമിനു വേണ്ടി തന്നെയാണ്. ചിലപ്പോൾ കൂടുതൽ താരങ്ങളുമായി ചേർന്ന് മെസിയെ കളിപ്പിക്കുന്നതിനായിരിക്കാം അവരെന്നെ ഒഴിവാക്കിയത്. അതിനപ്പുറം യാതൊരു കാരണവും എനിക്കു കണ്ടെത്താൻ കഴിയുന്നില്ല.” സുവാരസ് വ്യക്തമാക്കി.