അർജൻറീനിയൻ നായകനായ മെസിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കർ സെർജിയോ അഗ്യൂറോ. അർജൻറീനക്കു വേണ്ടി കളിക്കുന്ന സമയത്ത് മെസിയുമായി റൂം പങ്കിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഇരുവരും തമ്മിലുള്ള ബന്ധം പ്രായമായ ദമ്പതികളെ പോലെയാണെന്നുമാണ് അഗ്യൂറോ പറയുന്നത്. 2006 മുതൽ അർജൻറീനക്കു വേണ്ടി ഒരുമിച്ചു കളിക്കുന്ന ഇരുവരും തമ്മിലുള്ള ബന്ധം വളരെ പ്രസിദ്ധമാണ്.
“മെസി എല്ലാ കാര്യങ്ങളിലും എന്നോടു പരാതിപ്പെട്ടു കൊണ്ടിരിക്കും. പ്രായമായ രണ്ടു ദമ്പതികളെ പോലെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധം. ഞാനെപ്പോഴും ടിവി ഓണാക്കിയാണ് ഉറങ്ങുക. പിറ്റേന്ന് ഉണരുമ്പോൾ മെസി അതിനെക്കുറിച്ച് പരാതി പറഞ്ഞു തുടങ്ങും.” സാന്റോ സബാഡോയെന്ന ടിവി പരിപാടിയിൽ അഗ്യൂറോ പറഞ്ഞു.
”ടീമിനൊപ്പമുള്ളപ്പോൾ ഹോട്ടലിലെത്തിയ ഉടനെ മെസി കുളിക്കും. ഞാനപ്പോൾ ട്രൗസറുമിട്ട് മൊബൈലിൽ സംസാരിക്കുകയാവും. ഒൻപതു മണിക്കാണു ഡിന്നറെങ്കിലും ഏഴരക്കു തന്നെ മെസി ധൃതി വച്ചു തുടങ്ങും. എന്നാൽ പത്തു മിനുട്ടു മുൻപു പോലും ഞാൻ റെഡിയായിട്ടുണ്ടാവില്ല. മെസിക്കു വൈകുന്നത് ഇഷ്ടമല്ലാത്തതിനാൽ അവിടെ നിന്നും പ്രശ്നങ്ങൾ ആരംഭിക്കും.” അഗ്യൂറോ വെളിപ്പെടുത്തി.
അർജന്റീനയുടെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരിൽ ഒന്നാമതും മൂന്നാമതും നിൽക്കുന്ന മെസിയും അഗ്യൂറോയും മൂന്നു ലോകകപ്പിലും നാലു കോപ അമേരിക്കയിലും ഒരുമിച്ചു കളിച്ചിട്ടുണ്ട്. അടുത്ത സീസണിൽ ഇരുവരും മാഞ്ചസ്റ്റർ സിറ്റിയിൽ ഒരുമിക്കാനുള്ള സാധ്യതയുണ്ട്.