മെസ്യൂദ് ഓസിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ തയ്യാറെടുക്കുന്നു|Mesut Ozil

ഫുട്ബോൾ ലോകത്ത് ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി അറിയപ്പെട്ടിരുന്ന മെസ്യൂദ് ഓസിൽ ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. വിവിധ റിപ്പോർട്ടുകൾ പ്രകാരം താരം പ്രൊഫെഷണൽ ഫുട്ബോളിൽ തന്റെ അവസാനത്തെ മത്സരം കളിച്ചു കഴിഞ്ഞിട്ടുണ്ട്. വളരെയടുത്തു തന്നെ താരം കരിയർ അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

നിലവിൽ തുർക്കിഷ് ക്ലബായ ഇസ്‌തംബുൾ ബസെക്‌സാഹിറിന്റെ താരമാണ് മെസ്യൂദ് ഓസിൽ. കഴിഞ്ഞ സമ്മറിൽ തുർക്കിഷ് ക്ലബ്ബിലേക്ക് ചേക്കേറിയ താരത്തിനു പക്ഷെ വളരെ കുറഞ്ഞ മത്സരങ്ങളിൽ മാത്രമേ കളത്തിലിറങ്ങാൻ കഴിഞ്ഞിട്ടുള്ളൂ. പരിക്കിന്റെ ബുദ്ധിമുട്ടുകൾ കാരണം വലയുന്ന താരം ഏഴു മത്സരങ്ങളിൽ നിന്നും 142 മിനുട്ടുകൾ മാത്രമാണ് കളിക്കളത്തിൽ ഉണ്ടായിട്ടുള്ളത്.

മുപ്പത്തിനാലുകാരനായ ഓസിൽ തുർക്കിഷ് ക്ലബുമായുള്ള തന്റെ കരാർ അവസാനിപ്പിച്ചാണ് ഫുട്ബോൾ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. ഇനി ഫുട്ബോളിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന ആത്മവിശ്വാസം താരത്തിന് നഷ്‌ടമായിരിക്കുന്നു. ഓസിൽ കരിയർ അവസാനിപ്പിക്കുന്നതോടെ ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളാണ് കളിക്കളം വിടുന്നത്.

പ്രതിരോധനിരയെ കീറി മുറിക്കാനും അതിമനോഹരമായ പാസുകൾ നൽകാനും കഴിയുന്ന താരമായിരുന്ന മെസ്യൂദ് ഓസിൽ 645 മത്സരങ്ങൾ ക്ലബിനായി കളിച്ച് 114 ഗോളുകളും 221 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ക്ലബ് തലത്തിൽ റയൽ മാഡ്രിഡ്, ആഴ്‌സണൽ എന്നീ പ്രമുഖ ക്ലബുകൾക്കായി കളിച്ചിട്ടുള്ള ഓസിൽ ചാമ്പ്യൻസ് ലീഗ് ഒഴികെയുള്ള നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. ജർമനിക്കൊപ്പം 2014 ലോകകപ്പും താരം നേടി.