അർജന്റീനക്കു വേണ്ടി അരങ്ങേറ്റം കുറിച്ചതാണെങ്കിലും വരാനിരിക്കുന്ന ലോകകപ്പിൽ മെക്സികോക്കു വേണ്ടി കളിക്കാനാണു താൽപര്യമെന്ന് സ്ട്രൈക്കർ റൊജേലിയോ ഫൂനസ് മോറി. 2012ൽ ബ്രസീലിനെതിരെ സൗഹൃദ മത്സരത്തിൽ കളിച്ച താരം നിലവിൽ മെക്സിക്കൻ ക്ലബ് മൊണ്ടെറിക്കു വേണ്ടിയാണു ബൂട്ടണിയുന്നത്. ഫോക്സ് സ്പോർട്സിനോടു സംസാരിക്കുമ്പോഴാണ് അദ്ദേഹം തന്റെ താൽപര്യം വെളിപ്പെടുത്തിയത്.
“എന്റെ മകൻ ഇവിടെയാണു ജനിച്ചത്. അതടക്കം മെക്സിക്കോയോട് എനിക്കു വളരെയധികം അടുപ്പമുണ്ട്. ഈ രാജ്യം എനിക്കു നൽകിയതിന് അൽപമെങ്കിലും തിരിച്ചു നൽകാനെനിക്കു കഴിയുന്നതു സന്തോഷമാണ്. ഇതുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ പൂർത്തിയാക്കാൻ ഞാൻ ക്ലബിനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.”
“2022 ലോകകപ്പാകുമ്പോൾ എനിക്ക് വളരെയധികം പക്വതയും ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാനും കഴിയുന്ന പ്രായമായിരിക്കും. ടീമിലെത്തുമോയെന്നത് എനിക്കു മാത്രം തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ലെങ്കിലും അതു സംഭവിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. നിരവധി മികച്ച താരങ്ങൾക്കു ജനനം നൽകിയ മെക്സികോക്ക് വേണ്ടി ബൂട്ടണിയാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.” റൊജേലിയോ പറഞ്ഞു.
റൊജേലിയോയുടെ ഇരട്ട സഹോദരനായ റാമിറോ ഫൂനസ് മോറി അർജന്റീനക്കു വേണ്ടി നിരവധി മത്സരങ്ങളിലും എവർട്ടൺ, വിയ്യാറയൽ തുടങ്ങിയ ക്ലബുകളിലും കളിച്ചിട്ടുണ്ട്.