ഒരു ഡിഫെൻസീവ് മിഡ്ഫീൽഡർ എന്നതിലുപരി പ്രതിരോധമാണെങ്കിലും, ആക്രമണമാണെങ്കിലും അനിയത്രിതമായ പോരാട്ട വീര്യത്തിലൂടെ മൈതാനത്തിന്റെ ഏതൊരു കോണിലും കാണാൻ കഴിഞ്ഞിരുന്ന, ഒരു കാലത്ത് ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിച്ച തളരാത്ത പോരാളി.ഉയരം കൊണ്ട് അനുഗ്രഹീതനല്ലെങ്കിലും, കരുത്തുറ്റ ശരീരവും, കമാൻഡിങ് സ്റ്റൈൽ കളിയും കൊണ്ട് “Pitbull” എന്ന് ലൂയിസ് വാൻഗാൾ പേര് ചാർത്തിയ വാഴ്ത്തപ്പെടാതെ പോയ താരം എഡ്ഗാർ ഡേവിഡ്സ്
അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഒരു ഘടകം കൂടി ഇവിടെ സൂചിപ്പിക്കുന്നു അത് അദ്ദേഹം മത്സരങ്ങൾക്കിറങ്ങുമ്പോൾ മുഖത്ത് കാണാറുള്ള അദ്ദേഹത്തിന്റെ ഐകണിക് കണ്ണട തന്നെ.!!! പ്രത്യേകിച്ചും ഹോളണ്ടിന്റെ മത്സരങ്ങൾ ആണെങ്കിൽ ഓറഞ്ച് നിറമുള്ള കണ്ണട കൂടി ചേരുമ്പോൾ കൂടുതൽ ആകർഷണീയമായി കളിക്കളത്തിൽ ശ്രദ്ധ പിടിക്കുമ്പോൾ. അതൊരു സ്റ്റൈലിന് മാത്രമായി അദ്ദേഹം ഉപയോഗിച്ചതാണെന്നും തെറ്റിദ്ധരിച്ചവർ ഉണ്ട്.സത്യത്തിൽ അയാളുടെ രോഗ അവസ്ഥക്ക് പരിഹാരമായി ഡോക്റ്ററുടെ നിർദ്ദേശമനുസരിച്ചായിരുന്നു അത്തരം കണ്ണടകൾ ഡേവിഡ്സ് ഉപയോഗിച്ച് തുടങ്ങിയത്.
ഗ്ലോക്കോമ എന്ന രോഗാവസ്ഥയാണ് ഇതിന് കാരണം, ജനിതകമോ മറ്റ് കാരണങ്ങളാലോ കണ്ണിലെ ഒപ്റ്റിക് നാഡി കേടാകുകയും തന്മൂലം കണ്ണിൽ അനുഭവപ്പെടുന്ന അമിതമായ ചൂടും അതോടൊപ്പം കാഴ്ച പരിമിതപ്പെടുത്തുകയും ചെയ്യുന്ന അവസ്ഥ.! ഈ അവസ്ഥയ്ക്ക് പ്രത്യേക ചികിത്സ ഇല്ല, നിയന്ത്രിക്കാൻ മാത്രമേ കഴിയൂ. അതിനുള്ള പരിഹാരമായിട്ടായിരുന്നു ഇത്തരം കണ്ണടകളുടെ ഉപയോഗം.അയാക്സിൽ വെച്ച് ഇത്തരം പ്രശ്നം അലട്ടിയപ്പോൾ തലയിൽ ചുറ്റിവെക്കാവുന്ന തരത്തിൽ സാധാരണ ഗ്ലാസ്സുമാണിഞ്ഞു ഒരു മത്സരത്തിൽ പ്രത്യക്ഷപ്പെട്ടെങ്കിലും, അത് റിസ്‌ക് ആയി തോന്നിയതിനാൽ പിന്നീട് ഉപേക്ഷിച്ചു.
എങ്കിലും തന്റെ കണ്ണിലെ പ്രശ്നം തുടർന്നതിനാൽ ഡോക്റ്ററുടെ കർശന നിർദ്ദേശത്തെ തുടർന്ന് 1999 സെപ്റ്റംബർ 4ന് ബെൽജിയവുമായി നടന്ന ഫ്രണ്ട്ലി മത്സരത്തിൽ ആയിരുന്നു എഡ്ഗാർ ഡേവിഡ്സ് തന്റെ ഐക്കണിക് കൂളിംഗ് ഗ്ലാസുകൾ ആദ്യമായി ധരിച്ചിറങ്ങിയത്. 5-5 ൽ കലാശിച്ച മത്സരഫലത്തിൽ 2 ഗോളും 2 അസിസ്റ്റും ഡേവിഡ്സ് നേടുകയും ചെയ്തിരുന്നു.എന്നിട്ടും, ഗ്ലോക്കോമ കാരണം തന്റെ പ്രകടനത്തെ തളർത്താൻ അനുവദിക്കാതെ ഡേവിഡ്സിന് തന്റെ കരിയറിന്റെ ഭൂരിഭാഗവും കളിക്കാൻ കഴിഞ്ഞു, അദ്ദേഹം ഒരു ശക്തമായ വ്യക്തിത്വമാണെന്ന് അത് കളിക്കളത്തിലൂടെയും തെളിയിച്ചു.
ഇപ്പോഴിതാ ഖത്തർ ലോകകപ്പിനൊരുങ്ങുന്ന നെതർലാൻഡ് ടീം പരിശീലകൻ ലൂയിസ് വാൻഗാലിന്റെ അസിസ്റ്റന്റായി മുൻ ഡച്ച് സൂപ്പർ താരം എഡ്ഗാർ ഡേവിഡ്സ് ചുമതലയേൽക്കും.ലൂയിസ് വാൻ ഗാൽ പോലെയുള്ള പ്രശസ്തനായ പരിശീലകനോടൊപ്പം ഒരു പരിശീലകനെന്ന നിലയിൽ എന്റെ കരിയർ തുടരാനും നെതർലാന്റ്സിന്റെ ഏറ്റവും മികച്ച ഒരു ടീമിനൊപ്പം പ്രവർത്തിക്കാനും കഴിയുമെന്നതിൽ എനിക്ക് അഭിമാനം മാത്രമല്ല, വളരെ ഉത്സാഹവുമുണ്ട് എന്ന് ഡേവിഡ്സ് പറഞ്ഞു.എഡ്ഗർ ഡേവിഡ്സ് ഞങ്ങളുടെ സാങ്കേതിക സ്റ്റാഫിൽ ചേരുന്നതിൽ ഞാൻ സന്തുഷ്ടനാണെന്നും.ഓറഞ്ച് ദേശീയ ടീമിന് നല്ല സംഭാവന നൽകാൻ ഡേവിഡ്‌സിന് കഴിയുമെന്നും വെറ്ററൻ ബോസ് വാൻഗാൽ വിശ്വസിക്കുന്നു.ടീമിൽ മറ്റൊരു അസിസ്റ്റന്റ് കോച്ചായി മുൻ ഡച്ച് താരവും പരിശീലകനുമായ ഡാനി ബ്ലൈന്റുമുണ്ട്.
കടപ്പാട്