10 കളികൾ,41 ഗോൾ കോൺട്രിബ്യൂഷൻസ്, എതിരാളികളുടെ മുട്ടിടിപ്പിച്ച് മെസ്സി-നെയ്മർ-എംബപ്പേ സഖ്യം

ഈ സീസണിൽ ഉജ്ജ്വല ഫോമിലാണ് ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജിയിപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. ലീഗ് വണ്ണിൽ ആകെ കളിച്ച 7 മത്സരങ്ങളിൽ ആറിലും വിജയിച്ച് 19 പോയിന്റുമായി പിഎസ്ജി ഒന്നാമതാണ്.മാത്രമല്ല ചാമ്പ്യൻസ് ലീഗൽ നടന്ന രണ്ട് മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ പിഎസ്ജിക്ക് സാധിച്ചിട്ടുണ്ട്. ഇറ്റാലിയൻ വമ്പൻമാരായ യുവന്റസിനും പിഎസ്ജിക്ക് മുന്നിൽ അടി തെറ്റിയിരുന്നു.

ഏതായാലും ഈ തകർപ്പൻ ഫോമിന് പിന്നിലുള്ള പിഎസ്ജിയുടെ രഹസ്യം, അത് മറ്റൊന്നുമല്ല, മുന്നേറ്റ നിരയിലെ മെസ്സി-നെയ്മർ-എംബപ്പേ സഖ്യമാണ്. അപാര ഫോമിലാണ് ഈ മൂന്നു താരങ്ങളും ഈ സീസണിൽ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഇവർ മൂന്നുപേരും ഇപ്പോൾ മുന്നോട്ടു കുതിക്കുകയാണ്.

ആകെ 10 മത്സരങ്ങളാണ് ഈ സീസണിൽ പിഎസ്ജി കളിച്ചിട്ടുള്ളത്. ഈ മത്സരങ്ങളിൽ നിന്ന് ഈ മൂന്നു താരങ്ങളും ആകെ നേടിയ ഗോൾകോൺട്രിബ്യൂഷൻസ് എന്നുള്ളത് 41 ആണ്.അത്രയും മികവിലാണ് ഇവർ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.സൂപ്പർ താരം എംബപ്പേ 9 മത്സരങ്ങളാണ് ഈ സീസണിൽ കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 10 ഗോളുകൾ താരം നേടിക്കഴിഞ്ഞു. എന്നാൽ അസിസ്റ്റുകളൊന്നും എംബപ്പേയുടെ പേരിലില്ല.

അതേസമയം ഈ ട്രിയോയിൽ ഏറ്റവും നല്ല രൂപത്തിൽ കളിക്കുന്നത് ബ്രസീലിയൻ താരമായ നെയ്മർ ജൂനിയറാണ്. 10 മത്സരങ്ങൾ കളിച്ച നെയ്മർ 11 ഗോളുകളും 7 അസിസ്റ്റുകളും നേടിക്കഴിഞ്ഞിട്ടുണ്ട്.അതായത് ഇപ്പോൾ തന്നെ 18 ഗോൾ പങ്കാളിത്തങ്ങൾ നെയ്മർ നേടിക്കഴിഞ്ഞു. മെസ്സിയുടെ കാര്യത്തിലേക്ക് വരുമ്പോൾ 10 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളും 8 അസിസ്റ്റുകളുമായി 13 ഗോൾ പങ്കാളിത്തങ്ങളാണ് താരം വഹിച്ചിട്ടുള്ളത്.

ഇങ്ങനെ മൂന്നുപേരും ഒരുപോലെ അപകടകാരികളാവുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. ഇവരെ പിടിച്ചു കെട്ടാൻ ലീഗ് വണ്ണിലെ ടീമുകൾക്ക് സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. ലോക ഫുട്ബോളിലെ പിഎസ്ജിയുടെ എതിരാളികളെ ഭയപ്പെടുത്തുകയും മുട്ടിടിപ്പിക്കുകയും ചെയ്യുന്ന കണക്കുകളാണ് ഇത്. ഇത്തവണ പിഎസ്ജി മുമ്പേങ്ങും കാണാത്ത വിധമുള്ള ഫോമിലാണ് എന്നുള്ള കാര്യത്തിൽ ആർക്കും തർക്കം കാണില്ല.

Rate this post