ലിവർപൂൾ സൂപ്പർ താരം മുഹമ്മദ് സലായുടെ ക്ലബ്ബുമായുള്ള കരാർ 2023 ൽ അവസാനിക്കും. ഈജിപ്ഷ്യൻ താരവുമായി ലിവർപൂൾ നടത്തിയ ആദ്യ ഘട്ട ചർച്ച പരാജയപ്പെടുകയും ചെയ്തിരുന്നു.തന്റെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അദ്ദേഹം ക്ലബ് വിടുമെന്ന് താരം അറിയിച്ചതായുള്ള റിപോർട്ടുകൾ പുറത്തു വന്നു.സലാ ആവശ്യപ്പെടുന്ന വേതനം നൽകാൻ ലിവർപൂൾ തയ്യാറായില്ല എങ്കിൽ താരം ക്ലബ് വിടാൻ ആണ് സാധ്യത എന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്.
ആഫ്രിക്കക്കാരനായതിനാൽ അർഹമായ കരാർ ഒരിക്കലും ലഭിക്കില്ലെന്ന് മുൻ ലിവർപൂൾ ഫോർവേഡ് ദിയൂഫ് 29 കാരനായ സൂപ്പർതാരത്തിന് മുന്നറിയിപ്പ് നൽകി.റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയിൽ നിന്നും സലക്ക് ഓഫർ ലഭിച്ച സാഹചര്യത്തിൽ ലിവർപൂളിൽ തന്നെ തുടരാൻ ദിയൂഫ് സലയോട് ആവശ്യപ്പെട്ടിരിക്കുകയാണ്.കൂടുതൽ പണം സമ്പാദിക്കാനും ലിവർപൂളിൽ കൂടുതൽ ട്രോഫികൾ നേടാനും താരത്തിന് കഴിയുമെന്നും ദിയൂഫ് ഉറപ്പിച്ചു പറഞ്ഞു.
“ലിവർപൂൾ സലായുടെ ആവശ്യങ്ങൾ അംഗീകരിക്കണം എന്നത് വ്യക്തമാണ്,ഞാൻ സലാ ആയിരുന്നെങ്കിൽ, ഞാൻ ലിവർപൂളിൽ തന്നെ തുടരും, അയാൾക്ക് കൂടുതൽ പണം സമ്പാദിക്കാം, അവൻ സാഡിയോ മാനെയ്‌ക്കൊപ്പം ക്ലബ്ബിലെ ഏറ്റവും മികച്ച കളിക്കാരനാണ്, അവനോടൊപ്പം അവർ ധാരാളം ട്രോഫികൾ നേടും. സലാക്ക് ഇപ്പോൾ 29 വയസ്സുണ്ട്, റെഡ്സിനൊപ്പം നാല് വർഷം കൂടി കളിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും. റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്ഫർ അർത്ഥമാക്കുന്നത് സലാക്ക് വീണ്ടും ആദ്യ മുതൽ ആരംഭിക്കേണ്ടി വരും ” മുൻ ലിവർപൂൾ താരം ദിയൂഫ് പറഞ്ഞു.
സലായെ ഒരു പുതിയ കരാറുമായി ബന്ധിപ്പിക്കാൻ റെഡ്സ് സജീവമായി ശ്രമിക്കുന്നു, എന്നാൽ വേതന ആവശ്യങ്ങൾ ഒരു വലിയ തടസ്സമായി നിൽക്കുകയാണ്.ആഴ്‌ചയിൽ 400,000 പൗണ്ട് വേണമെന്നാണ് സലാ ആവശ്യപെടുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെയോ കെവിൻ ഡി ബ്രൂയ്‌നെപ്പോലെയോ പ്രതിഫലം കിട്ടണമെന്നാണ് സലയുടെ ഏജന്റ് ആവശ്യപെടുന്നത്.2017ൽ റോമയിൽ നിന്ന് ആൻഫീൽഡിൽ എത്തിയതിന് ശേഷം ലിവർപൂളിലെ ഏറ്റവും പ്രധാന താരമാണ് മുഹമ്മദ് സലാ. റെഡ്സിനായി എണ്ണമറ്റ ഗോളുകൾ താരം നേടി. ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടത്തിലും യുവേഫ ചാമ്പ്യൻസ് ലീഗിലും പ്രധാന പങ്കുവെക്കാനും സലായ്ക്ക് സാധിച്ചിരുന്നു.