ഐഎസ്എല്ലിലെ നിര്‍ണായക മത്സരത്തില്‍ ഗോവ എഫ്.സിക്കെതിരെ തകർപ്പൻ ജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം നാല് ഗോളുകൾ തിരിച്ചടിച്ചാണ് ബ്ലാസ്റ്റേഴ്സ് വിജയം നേടിയത്. തുടർച്ചയായ മൂന്നു ലീഗ് തോൽവികൾക്ക് ശേഷമുള്ള ബ്ലാസ്റ്റേഴ്സിന്റെ വിജയം കൂടിയായിരുന്നു ഇത്.
ബ്ലാസ്റ്റേഴ്സിനെതിരെയും പരിശീലകൻ ഇവാനെതിരെയും ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ഈ വിജയം. പ്രധാന താരങ്ങളുടെ പരിക്ക് മൂലം സീസണിന്റെ തുടക്കം മുതൽ വലഞ്ഞ ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ കുതിപ്പിൽ യുവ താരങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യൻ സൂപ്പർ ലീഗിലെ മറ്റു പല ക്ലബ്ബുകളും വലിയ തുക കൊടുത്ത് വൻ കിട താരങ്ങളെ സ്വന്തമാക്കുമ്പോൾ യൂത്ത് സിസ്റ്റത്തിലൂടെ വളർന്നു വന്ന താരങ്ങൾക്ക് കൂടുതൽ അവസരം കൊടുത്ത് വികസിപ്പിക്കുന്നതിലാണ് ബ്ലാസ്റ്റേഴ്സ് ശ്രദ്ധ കൊടുക്കുന്നത്. ആ പദ്ധതിയുടെ ഫലമാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ അനുഭവിക്കുന്നത്.
കഴിഞ്ഞ മത്സരത്തിൽ ഗോവക്കെതിരെയുള്ള വിജയത്തിൽ യുവ താരങ്ങൾ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ രണ്ടു താരങ്ങളാണ് മൊഹമ്മദ് അയ്മനും വിബിൻ മോഹനനും.പരിക്കിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം വിബിൻ കളിക്കുന്ന ആദ്യ മത്സരം കൂടിയായിരുന്നു ഇത്. കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മുൻ മത്സരങ്ങളിൽ വിബിൻ മോഹനന്റെ അഭാവം പ്രകടമായിരുന്നു. യുവ താരം ഇല്ലാതെ കളിച്ച ഏഴു മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും ബ്ലാസ്റ്റേഴ്സ് തോൽവി വഴങ്ങിയിരുന്നു.സെന്‍ട്രല്‍ മിഡ്ഫീല്‍ഡ്, ഡിഫെന്‍സീവ് മിഡ്ഫീല്‍ഡ് പൊസിഷനുകളിൽ ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരമാണ് വിബിൻ.
20 കാരന്റെ ഏറ്റവും സവിശേഷയമായ കഴിവ് പന്ത് പാസ് ചെയ്യുന്നതിലെ കൃത്യതയാണ്. ഗോവയ്ക്കെതിരെ തൊണ്ണൂറു ശതമാനം പാസുകളും കൃത്യമായി പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞു. തന്റെ പ്രായത്തേക്കാളും പക്വതയാർന്ന പ്രകടനമാണ് വിബിൻ മൈതാനത്ത് കാഴ്ചവെക്കുന്നത്.ഈ സീസണിൽ കിട്ടിയ അവസരങ്ങളിലെല്ലാം താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൂടുതൽ അവസരങ്ങൾ ലഭിക്കുന്നതോടെ ഇനിയും മികച്ച പ്രകടനം നടത്താനും കൂടുതൽ മെച്ചപ്പെടാനും താരത്തിന് കഴിയുമെന്നതിൽ യാതൊരു സംശയവുമില്ല.
ഗോവക്കെതിരെയുള്ള മത്സരത്തിന്റെ ഗതി മാറ്റിയത് പകരക്കാരനായി ഇറങ്ങിയ മൊഹമ്മദ് ഐമനാണ്.വേഗതയേറിയ നീക്കങ്ങളുമായി മൊഹമ്മദ് അയ്മൻ കളം നിറഞ്ഞു കളിച്ചപ്പോൾ എഫ്സി ഗോവ പ്രതിരോധം ആടിയുലഞ്ഞു. അവസാന മിനിറ്റുകളിൽ ബ്ലാസ്റ്റേഴ്സ് നേടിയ ഗോളുകളിൽ അയ്മൻ വലിയ പങ്കുവഹിച്ചിരുന്നു. ഇടതു വിങ്ങിലൂടെ ചാട്ടുളി പോലെ കുതിക്കുന്ന താരത്തിന്റെ ഡ്രിബ്ലിങ് എടുത്തു പറയേണ്ടതാണ്, കൂടാതെ കൃത്യതയാർന്ന ക്രോസ്സുകളും പാസ്സുകളും മികവുറ്റതാണ്.ഐഎസ്എല്ലിൽ ഒരു ഓൾ-ഇന്ത്യൻ മിഡ്ഫീൽഡ് കളിക്കുന്ന ഒരേയൊരു ടീമാണ് ബ്ലാസ്റ്റേഴ്സ്.
What a performance by Mohammed Aimen (21) against Odei Onaindia, who is one of the best defender in the league and one of the players with the best record in not allowing opponents to dribble past him. This boy has got talent. 🇮🇳👏 #IndianFootball #SFtbl
— Sevens Football (@sevensftbl) February 29, 2024
📸 IG/ _njrleo__ pic.twitter.com/2ROsstadK9
തങ്ങളുടെ യൂത്ത് സിസ്റ്റത്തിൽ നിന്നും ഉയർന്നു വന്ന ഗുണനിലവാരമുള്ള കളിക്കാരുടെ സാന്നിധ്യമാണ് അവർക്ക് ഇത് ചെയ്യാൻ കഴിയുന്നത്.എഫ്സി ഗോവയ്ക്കെതിരായ മത്സരത്തിൽ കോച്ച് ഇവാൻ വുകൊമാനോവിച്ച് ഐമനെയും അസ്ഹറിനെയും പരിചയപ്പെടുത്തിയതോടെ കളിയുടെ ഗതി മാറി. ബ്ലാസ്റ്റേഴ്സിൻ്റെ മധ്യനിരക്ക് അവർ ആവശ്യമായ മുന്നേറ്റം നൽകി. സത്യത്തിൽ, എഫ്സി ഗോവ പ്രതിരോധം പിളർന്നതും ഡയമൻ്റകോസ് ദിമിട്രിയോസിൻ്റെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും എയ്മൻ ആയിരുന്നു.