വിചിത്രമായ ഓഫർ സ്വീകരിക്കാൻ ഒരുങ്ങി മൗറിഞ്ഞോ, റോമയെ പരിശീലിക്കുന്നതിനോടൊപ്പം പോർച്ചുഗൽ പരിശീലകനും ആവാം |Qatar 2022

ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് തോറ്റു പോർച്ചുഗൽ പുറത്തായതിനു പിന്നാലെ പരിശീലകൻ ഫെർണാണ്ടോ സാന്റോസ് സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ സജീവമാണ്. സാന്റോസ് പരിശീലകനായതിനു ശേഷം ലഭിച്ച ഏറ്റവും മികച്ച സ്‌ക്വാഡ് ആയിട്ടും മൊറോക്കോക്കെതിരെ ഒരു ഗോൾ പോലും നേടാൻ കഴിയാതെയാണ് പോർച്ചുഗൽ കീഴടങ്ങിയത്. ഇതിനു പുറമെ നിർണായകമായൊരു മത്സരത്തിൽ റൊണാൾഡോയെ പകരക്കാരുടെ ബെഞ്ചിൽ ഇരുത്തിയതിനു ഫിഗോ അടക്കമുള്ളവർ സാന്റോസിനെ വിമർശിക്കുകയും ചെയ്‌തിരുന്നു.

സാന്റോസ് സ്ഥാനമൊഴിയുമ്പോൾ അതിനു പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഹോസെ മൗറീന്യോയെയാണ് അവർ പരിശീലകസ്ഥാനത്ത് എത്തിക്കാൻ ലക്ഷ്യമിടുന്നത്. നിരവധി മികച്ച യുവതാരങ്ങളുള്ള പോർച്ചുഗൽ ഫുട്ബോൾ ടീമിനെ കരുത്തുറ്റതാക്കാൻ പരിചയസമ്പന്നനും തന്ത്രജ്ഞനുമായ മൗറീന്യോക്ക് കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. നിലവിൽ ഇറ്റാലിയൻ ക്ലബായ റോമയുടെ പരിശീലകനാണ് മൗറീന്യോ.

നിലവിൽ ഒരു ക്ലബിന്റെ പരിശീലകനാണെങ്കിലും പോർച്ചുഗൽ ദേശീയ ടീമിന്റെ മാനേജർ സ്ഥാനമേറ്റെടുക്കാൻ മൗറീന്യോ ക്ലബിൽ നിന്നും ഒഴിവാക്കേണ്ടതില്ല എന്നതാണ് ഏറ്റവും വിചിത്രമായ കാര്യം. റോമയുടെ പരിശീലകനായി തുടർന്നു കൊണ്ടു തന്നെ അദ്ദേഹത്തിന് പോർച്ചുഗൽ ടീമിനെയും കൈകാര്യം ചെയ്യാമെന്ന ഓഫറാണ് ലഭിച്ചിരിക്കുന്നത്. വളരെ ബുദ്ധിമുട്ടേറിയതും വെല്ലുവിളി നിറഞ്ഞതുമായ കാര്യമാണ് ഇതെങ്കിലും മൗറീന്യോക്ക് ഇതേറ്റെടുക്കാൻ വളരെയധികം താത്പര്യമുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മൗറീന്യോ വന്നാൽ പോർച്ചുഗൽ ടീമിന് ഗുണം ചെയ്യുമെങ്കിലും അവരുടെ ഓഫർ സ്വീകരിക്കാൻ റോമ അനുവദിക്കുമോയെന്ന കാര്യം സംശയമാണ്. കഴിഞ്ഞ സീസണിൽ കോൺഫറൻസ് ലീഗ് കിരീടം റോമക്ക് നേടിക്കൊടുത്ത മൗറീന്യോയെ വെച്ച് വലിയ പദ്ധതികൾ ഇറ്റാലിയൻ ക്ലബ് ആവിഷ്‌കരിക്കുന്നുണ്ട്. ഏതെങ്കിലും തരത്തിൽ ഇത് യാഥാർത്ഥ്യമായാൽ അത് ചരിത്രമാകുമെന്ന കാര്യത്തിലും സംശയമില്ല.

Rate this post