ലോക ഫുട്ബോൾ കണ്ട ഏറ്റവും മികച്ച പരിശീലകന്മാരിൽ ഒരാളാണ് പോർച്ചുഗീസുകാരനായ ജോസെ മൗറിഞ്ഞോ. യൂറോപ്പിലെ വിവിധ ക്ലബ്ബുകളെ പരിശീലിപ്പിച്ച സൂപ്പർ പരിശീലകൻ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെയുള്ള നിരവധി സ്വപ്നതുല്യമായ നേട്ടങ്ങളാണ് തന്റെ ടീമിനോടൊപ്പം സ്വന്തമാക്കിയത്. ലോക ഫുട്ബോളിലെ രാജാക്കന്മാർ എന്ന് വിശേഷണമുള്ള റയൽ മാഡ്രിഡിനെ വരെ പരിശീലിപ്പിച്ചിട്ടുള്ള ജോസ് മൗറീഞ്ഞോ നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമയെയാണ് പരിശീലിപ്പിക്കുന്നത്.
ജോസെ മോറിഞ്ഞോ ദി അബി വൺ പോഡ്കാസ്റ്റിനിടെ തനിക്ക് കീഴിൽ കളിച്ചിട്ടുള്ള താരങ്ങളുടെ ഒരു ഡ്രീം ഇലവൻ പറഞ്ഞതായി വാർത്തയുണ്ടായിരുന്നു. സൂപ്പർ താരമായ ക്രിസ്ത്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള താരങ്ങളെ അണിനിരത്തി ജോസെ മൗറിഞ്ഞോ ഡ്രീം ഇലവനിൽ അധികവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായിരുന്നു. എന്നാൽ ഈയൊരു വാർത്ത തികച്ചും വ്യാജമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി നൽകുകയാണ് ജോസെ മൗറിഞ്ഞോ. ഇങ്ങനെയൊരു ഇലവൻ താൻ പറഞ്ഞിട്ടില്ലെന്നും ഇത് തികച്ചും വ്യാജമാണെന്നും ആണ് മൗറീനോ പറഞ്ഞത്.
“ജോസെ മോറിഞ്ഞോയുടെ മികച്ച ഇലവൻ എന്നത് വ്യാജ വാർത്തയാണ്, ഞാൻ ഒരിക്കലും ഇങ്ങനെയൊരു ഇലവൻ തെരഞ്ഞെടുത്തിട്ടില്ല, ഞാൻ എല്ലായ്പ്പോഴും ഇത് നിരസിക്കുകയാണ് ചെയ്തത്, ഇങ്ങനെ ചെയ്യുക എന്നത് എല്ലായിപ്പോഴും എനിക്ക് അസാധ്യമായ കാര്യമാണ്. ഞാനിത് ഒരിക്കലും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ല. ഞാൻ ഒരുപാട് മികച്ച താരങ്ങളെ പരിശീലിപ്പിച്ചിട്ടുണ്ട്, പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ താരങ്ങൾ എനിക്ക് നൽകിയ സംഭാവനകളും സ്നേഹവുമാണ്. എനിക്കുവേണ്ടി കളിക്കളത്തിൽ ചോരയും ആത്മാവും കഷ്ടപ്പാടും സമർപ്പിച്ച് കളിച്ചവരാണ് എന്റെ എല്ലാ താരങ്ങളും. അവരെല്ലാവരും എന്റെ ബെസ്റ്റ് ഇലവനിൽ ഉണ്ടാവും. അതിനാലാണ് എന്റെ ഏറ്റവും ബെസ്റ്റ് ഇലവൻ തിരഞ്ഞെടുക്കാൻ ചെയ്യാൻ ഞാൻ എല്ലായിപ്പോഴും നിരസിക്കുന്നത്. ഞാൻ എന്റെ എല്ലാ താരങ്ങളെയും സ്നേഹിക്കുന്നുണ്ട്, എല്ലാ താരങ്ങളെയും ഞാൻ ബഹുമാനിക്കുന്നുമുണ്ട്. അതിനാൽ ദയവു ചെയ്തു എന്നോടും എന്റെ താരങ്ങളോടും ബഹുമാനം കാണിക്കുക.” – ജോസെ മൗറിഞ്ഞോ പറഞ്ഞു.
റയൽ മാഡ്രിഡ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി തുടങ്ങി ലോക ഫുട്ബോളിലെ പല വമ്പൻ ക്ലബ്ബുകളെയും പരിശീലിപ്പിച്ചിട്ടുള്ള ജോസേ മൗറീഞ്ഞോ ക്ലബ്ബായ എഫ് സി പോർട്ടോയെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ജേതാക്കൾ ആക്കിയ പരിശീലകനാണ്. തനിക്ക് കീഴിൽ പരിശീലിച്ചിട്ടുള്ള എല്ലാ താരങ്ങളെയും താൻ ഒരുപോലെ സ്നേഹിക്കുന്നുണ്ടെന്ന് അവരെല്ലാവരും തന്റെ ഇലവനിൽ ഉണ്ടാവുമെന്നുമാണ് മൗറീഞ്ഞോ പറയുന്നത്.