ബാഴ്‌സലോണയും ബയേൺ മ്യൂണിക്കും തമ്മിൽ ഇന്നു രാത്രി ചാമ്പ്യൻസ് ലീഗ് മത്സരം നടക്കാനിരിക്കെ എല്ലാ കണ്ണുകളും റോബർട്ട് ലെവൻഡോസ്‌കിയെന്ന ഗോളടി വീരനിലാണ്. ബയേൺ മ്യൂണിക്കിനായി നിരവധി വർഷങ്ങൾ കളിച്ച് സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയതിനു ശേഷം ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബിനു മേൽ സമ്മർദ്ദം ചെലുത്തിയാണ് ലെവൻഡോസ്‌കി ബാഴ്‌സലോണയിൽ എത്തിയത്. അതിനു ശേഷം ആദ്യമായി ബയേൺ മ്യൂണിക്കിന്റെ മൈതാനത്ത് പോളിഷ് താരം കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകത ഇന്നത്തെ ചാമ്പ്യൻസ് ലീഗ് മത്സരത്തിനുണ്ട്.
നിരവധി വർഷങ്ങൾ ബയേൺ മ്യൂണിക്കിനായി കളിച്ചിട്ടുള്ള ലെവൻഡോസ്‌കിക്ക് ജർമൻ ക്ലബിൽ സുഹൃത്തുക്കൾ നിരവധിയുണ്ട്. അതിൽ താരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സുഹൃത്ത് മുന്നേറ്റനിരയിൽ ഒപ്പം കളിക്കുന്ന തോമസ് മുള്ളറാണ്. ഇരുവരും കളിക്കളത്തിലും പുറത്തും പുലർത്തുന്ന ഒത്തൊരുമ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതിനാൽ തന്നെ ബാഴ്‌സലോണയെ നേരിടാനിരിക്കെ തോമസ് മുള്ളർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ക്ലബിലേക്കു വന്ന പുതിയ താരമായ സാഡിയോ മാനെ. പഴയ സൗഹൃദം വെച്ച് ലെവൻഡോസ്‌കിക്ക് അബദ്ധത്തിൽ പാസ് നൽകരുതെന്നാണ് മാനെ മുള്ളറോട് ആവശ്യപ്പെട്ടത്.
Mane joking with muller 😀 pic.twitter.com/OHnyYv4dOH
— VAW BOY 😏 (@bod_jnr) September 12, 2022
“കഴിഞ്ഞ പത്ത് ദിവസമായി സാഡിയോ മാനെ തമാശരൂപത്തിൽ എന്നോട് പറയും ലെവൻഡോസ്‌കിക്ക് അബദ്ധത്തിൽ പാസ് നൽകരുതെന്ന്. ഞങ്ങൾ ഞങ്ങളുടെ മത്സരം കളിക്കുന്നത് വളരെ പ്രധാനമാണ്, പ്രത്യേകിച്ചും ഈ സീസനിലിതു വരെ ബാഴ്‌സ ലീഗിൽ നടത്തിക്കാണിക്കുന്ന വേഗത്തിലുള്ള പ്രത്യാക്രമണങ്ങൾക്കെതിരെ. ലെവിയെ ഈ മത്സരം കളിക്കാൻ അനുവദിക്കാൻ കഴിയില്ല. ടോപ് സ്‌ട്രൈക്കറാണ് താരം, ബോക്‌സിലെത്തുമ്പോൾ വളരെ അപകടകാരിയാണ് മാറ്റുന്നു. ഷൂട്ടിങ് പൊസിഷനിൽ താരത്തെ തടുത്തു നിർത്തണം.” മുള്ളർ മാധ്യമങ്ങളോട് സംസാരിക്കേ പറഞ്ഞു.
ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നും ബയേണിൽ എത്തിയതിനു ശേഷം മുള്ളർക്കൊപ്പം ഒൻപതു വർഷങ്ങൾ കളിച്ച് എട്ടു ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗും ഉൾപ്പെടെ നിരവധി നേട്ടങ്ങൾ ലെവൻഡോസ്‌കി സ്വന്തമാക്കിയിട്ടുണ്ട്. ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം തന്റെ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരം ഈ സീസണിലിതു വരെ ആറു മത്സരങ്ങളിൽ നിന്നും ഒൻപതു ഗോളുകൾ നേടിയിട്ടുണ്ട്. അതിൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ നേടിയ ഹാട്രിക്കും ഉൾപ്പെടുന്നു.