AFC ചാമ്പ്യൻസ് ലീഗിൽ അവസാന മത്സരത്തിൽ ജയം നേടി മുംബൈ സിറ്റി എഫ്സി.റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇറാഖി ക്ലബ് എയർഫോഴ്സ് ക്ലബ്ബിനെ 1-0 ന് ആണ് മുംബൈ പരാജയപ്പെടുത്തിയത്. വിജയത്തോടെ മുംബൈ സിറ്റി അവരുടെ AFC 2022 കാമ്പെയ്ൻ അവസാനിപ്പിച്ചു.
ഡിയാഗോ മൗറീസ്യോയുടെ വകയായിരുന്നു ഏക ഗോൾ. ആദ്യ ലെഗിലും മുംബൈയ്ക്ക് തന്നെയായിരുന്നു വിജയം. തോൽവിയോടെ 16-ാം റൗണ്ടിലേക്ക് മുന്നേറാനുള്ള എയർഫോഴ്സ് ക്ലബ്ബിന്റെ പ്രതീക്ഷകൾ അവസാനിപ്പിച്ചു.യുഎഇയുടെ അൽ ജാസിറയ്ക്കെതിരായ 3-2ന്റെ വിജയത്തിന്റെ പിൻബലത്തിൽ എയർഫോഴ്സ് ക്ലബ് മുംബൈയെ നേരിടാനെത്തിയത്.അഞ്ചാം മത്സരത്തിൽ സൗദി അറേബ്യയുടെ അൽ ഷബാബിനോട് 6-0ന് തോറ്റ മുംബൈ സിറ്റി ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായിരുന്നു.
അടുത്ത റൗണ്ടിലേക്ക് യോഗ്യത ലഭിച്ചില്ലെങ്കിലും ഡെസ് ബക്കിംഗ്ഹാം പരിശീലിപ്പിക്കുന്ന ടീം ടൂർണമെന്റിൽ ഉജ്ജ്വല പോരാട്ടം തന്നെയാണ് പുറത്തെടുത്തത്. രണ്ട് ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയിൽ മുംബൈ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. എഎഫ്സി ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഒരു മത്സരം ജയിക്കുന്ന ആദ്യ ഇന്ത്യൻ ക്ലബ്ബാണ് മുംബൈ സിറ്റി എഫ്സി. സൗദി ക്ലബ് അൽ ശബാബാണ് നാല് ടീമുകൾ അടങ്ങിയ ഗ്രൂപ്പിൽ നിന്ന് അടുത്ത റൗണ്ടിലേക്ക് കടന്നത്.
ചാമ്പ്യൻസ് ലീഗ് ഫോർമാറ്റ് ഗ്രൂപ്പ് ഘട്ടങ്ങളെ വെസ്റ്റ് റീജിയൻ (ഗ്രൂപ്പ് എ മുതൽ ഇ വരെ), ഈസ്റ്റ് റീജിയൻ (ഗ്രൂപ്പ് എഫ് മുതൽ ജെ വരെ) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.ഈസ്റ്റ് റീജിയൻ വെസ്റ്റ് റീജിയണിൽ അതത് ഗ്രൂപ്പുകളിൽ ഒന്നാമതെത്തുന്ന അഞ്ച് ക്ലബ്ബുകൾ നേരിട്ട് അവസാന-16 ഘട്ടത്തിലേക്ക് മുന്നേറും, അഞ്ച് ഗ്രൂപ്പ് റണ്ണേഴ്സ് അപ്പിൽ മൂന്ന് പേർക്ക് മാത്രമേ നോക്കൗട്ട് ഘട്ടം കളിക്കാൻ കഴിയൂ.