നിലവിൽ യൂറോപ്പ് കീഴടക്കി കൊണ്ട് മുന്നേറുകയാണ് ജർമ്മൻ വമ്പൻമാരായ ബയേൺ മ്യൂണിക്ക്. ഈ കഴിഞ്ഞ സീസണിൽ നിരവധി കിരീടങ്ങളാണ് ബയേൺ വാരിക്കൂട്ടിയത്. കഴിഞ്ഞ ദിവസം ജർമ്മൻ സൂപ്പർ കപ്പും അതിന് മുമ്പ് യുവേഫ സൂപ്പർ കപ്പും ബയേൺ നേടിയിരുന്നു. നേട്ടങ്ങളുടെ പാരമ്യതയിലാണ് നിലവിൽ ബയേൺ പരിശീലകൻ ഉള്ളത്.
എന്നാൽ തങ്ങൾ ഭാവിയിലേക്ക് കണ്ടുവെച്ചിരിക്കുന്ന ഒരു പരിശീലകനെ തുറന്നു പറഞ്ഞിരിക്കുകയാണ് ബയേൺ പ്രസിഡന്റ് ആയ കാൾ ഹെയ്ൻസ് റുമ്മനിഗേ. കഴിഞ്ഞ ദിവസം ജർമ്മൻ മാധ്യമമായ ബിൽഡിനോട് സംസാരിക്കുന്ന വേളയിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. മുൻ സ്പാനിഷ് മിഡ്‌ഫീൽഡറും റയൽ മാഡ്രിഡ്-ബയേൺ മ്യൂണിക്ക് എന്നിവർക്ക് വേണ്ടി കളിച്ച താരവുമായ സാബി അലോൺസോയെയുമാണ് ഇദ്ദേഹം ബയേണിന്റെ ഭാവി പരിശീലകനായി കണ്ടുവെച്ചിരിക്കുന്നത്.
” എനിക്ക് തോന്നുന്നത് സാബി അലോൺസോക്ക് ബയേൺ മ്യൂണിക്കിനെ പരിശീലിപ്പിക്കാൻ ആഗ്രഹമുണ്ട് എന്നാണ്. തീർച്ചയായും ഭാവിയിൽ ഞങ്ങൾ ഇക്കാര്യം പരിഗണിക്കും. മഹത്തായ ഒരു വ്യക്തിയാണ് അദ്ദേഹം. മാത്രമല്ല സമർത്ഥനുമാണ്. വളരെയധികം സഹാനുഭൂതിയുള്ള ഒരു താരമാണ് സാബി അലോൺസോ. ഇന്നത്തെ കാലഘട്ടത്തിലുള്ള താരങ്ങളെ പരിശീലിപ്പിക്കാൻ ആവിശ്യമായ ഒരു ഘടകമാണത് ” ബയേൺ ചീഫ് പറഞ്ഞു.
2014 മുതൽ 2017 വരെ ബയേണിന് വേണ്ടി കളിച്ച താരമാണ് അലോൺസോ. മൂന്ന് തവണയും ബയേൺ തന്നെയായിരുന്നു ബുണ്ടസ്ലിഗ ചാമ്പ്യൻമാർ. അതിന് മുമ്പ് 2009 മുതൽ 2014 വരെ റയലിലെ സ്ഥിരസാന്നിധ്യമായിരുന്നു താരം. മുപ്പത്തിയെട്ടുകാരനായ താരം നിലവിൽ റയൽ സോസിഡാഡിന്റെ ബി ടീമിന്റെ പരിശീലകനാണ്.