പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സ് തന്റെ പ്രിയപ്പെട്ട ടീമിനെ തിരഞ്ഞെടുത്തപ്പോൾ ദേശീയ ടീമിലെ സഹതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പുറത്ത്. കഴിഞ്ഞ ദിവസമാണ് അത്ലറ്റികോ മാഡ്രിഡിൽ നിന്നും ലോൺ കരാറിൽ പ്രീമിയർ ലീഗ് ക്ലബായ ചെൽസിയിൽ കളിക്കുന്ന ജോവോ ഫെലിക്‌സ് നാല് പേർ മാത്രമുള്ള തന്റെ പ്രിയപ്പെട്ട ടീമിനെ തിരഞ്ഞെടുത്തത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കിയപ്പോൾ താരത്തിന്റെ പ്രധാന എതിരാളിയായ ലയണൽ മെസി ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിനു പുറമെ ബ്രസീലിയൻ താരം നെയ്‌മർ, പോർചുഗലിലെ തന്നെ മറ്റൊരു താരമായ ബെർണാഡോ സിൽവ എന്നിവരാണ് ടീമിൽ ഉൾപ്പെട്ടത്. റൊണാൾഡോ പോർചുഗലിന്റെ ഇതിഹാസമായിട്ടും ഫെലിക്‌സ് ഒഴിവാക്കിയത് അത്ഭുതം തന്നെയാണ്.
തന്റെ ടീമിൽ നിന്നും ക്രിസ്ത്യാനോ റൊണാൾഡോയെ ഒഴിവാക്കിയതിന് പിന്നാലെ ചെൽസി താരത്തെ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫോളോ ചെയ്‌തുവെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനു മുൻപ് ബെർണാഡോ സിൽവ മെസിയെ പിന്തുണച്ചതിനും റൊണാൾഡോ അൺഫോളോ ചെയ്‌തുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടു താരങ്ങളും റൊണാൾഡോയുടെ ഫോളോവേഴ്‌സ് ലിസ്റ്റിലില്ല.
Joao Felix: “My favourite squad? Neymar, Messi, Bernardo Silva and me.” 🗣️🇵🇹 pic.twitter.com/gWsm1Nxf4l
— All About Argentina 🛎🇦🇷 (@AlbicelesteTalk) May 19, 2023
ഖത്തർ ലോകകപ്പിലെ ഐതിഹാസികമായ പ്രകടനത്തോടെ മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ചിരുന്ന പല താരങ്ങളും മെസിയാണ് ചരിത്രത്തിലെ മികച്ച താരമെന്ന അഭിപ്രായം പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം യൂറോപ്പ് വിട്ടു സൗദി അറേബ്യയിലേക്ക് ചേക്കേറിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മുമ്പുണ്ടായിരുന്നത്ര പിന്തുണ ഇപ്പോൾ ലഭിക്കുന്നില്ലെന്നതും സത്യമാണ്.