“ഡയസ് കളിക്കില്ല , നാളെ ലൂണയുടെ പൊസിഷൻ ഏതായിരിക്കും ? , ഇവാൻ വുകൊമാനോവിച്ച് പറയുന്നു “

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് നാളെ ഹൈദരാബാദ് എഫ്സിയെ നേരിടുകയാണ്. പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള ഹൈദരാബാദിനെതിരെ നാലാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സിന് ജയം നേടാനാവുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. നാളത്തെ മത്സരം വിജയിച്ചാൽ പ്ലെ ഓഫിലേക്ക് കടക്കാനുള്ള ബ്ലാസ്റ്റേഴ്സിന്റെ സാദ്ധ്യതകൾ വർധിക്കും.സീസണിൽ നേരത്തെ തമ്മിലേറ്റുമുട്ടിയപ്പോൾ ജയം ബ്ലാസ്റ്റേഴ്സിനായിരുന്നു.

നാളത്തെ മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഏറ്റവും അലട്ടുന്നത് മുന്നേറ്റ നിരതാരം ജോർജ് പെരേര ഡയസ് കളിക്കാത്തതാണ്. കഴിഞ്ഞ മത്സരത്തിനിടെ ചുവപ്പുകാർഡ് കണ്ടതോടെ സസ്പെൻനിലായതാണ് ഡയസിന് തിരിച്ചടിയായത്. നേരത്തെ ഡയസ് സസ്പെൻഷനിലായ മത്സരത്തിലാണ് ബ്ലാസ്റ്റേഴ്സ് ജെംഷദ്പുരിനോട് ദയനീയമായി തോറ്റത്.കഴിഞ്ഞ തവണ ഡയസിന് കളിക്കാനാകാതെ വന്നതോടെ വിങ്ങിൽ നിന്ന് അഡ്രിയാൻ ലൂണയെ സെക്കൻഡ് സ്ട്രൈക്കർ റോളിലേക്ക് മാറ്റിയിരുന്നു. ഈ നീക്കം എന്നാൽ വിജയിച്ചില്ല. ഈ സാഹചര്യത്തിൽ നാളെ ഈ പരീക്ഷണം ഉണ്ടാകാൻ സാധ്യതയില്ല എന്നാണ് ഇവാൻ പത്രസമ്മേളനത്തിൽ അറിയിച്ചത് .

ജെംഷദ്പുരിനെതിരെ ഡയസിന്റെ അഭാവം നികത്താൻ മിഡ്ഫീൽഡർ അഡ്രിയാൻ ലൂണയെ ആക്രമണത്തിൽ വിന്യസിച്ചെങ്കിലും, നീക്കം ആഗ്രഹിച്ച ഫലം നൽകിയില്ല. മുൻ സീസണുകളിൽ ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനത്തിന് പ്രധാന കാരണം അവരുടെ മധ്യനിരയിലെ മോശം തെരഞ്ഞെടുപ്പും കളിക്കാരെ മാറിമാറി പരീക്ഷിക്കുന്നതുമായിരുന്നു. ഈ സീസണിൽ ടീമിന്റെ മധ്യനിരയുടെ താക്കോൽ ലൂണയുടെ കയ്യിലാണ് . ലൂണയെ മുന്നിലേക്ക് അയക്കാനുള്ള തന്ത്രപരമായ പിഴവാണ് ആ മത്സരത്തിൽ തോൽവിക്ക് വഴിവെച്ചതായും പല പ്രമുഖരും അഭിപ്രായപ്പെടുകയും ചെയ്തു.

നാളെ ഹൈദെരാബാദിനെതിരെ കൂടുതൽ പരീക്ഷങ്ങൾ നടത്താൻ പരിശീലകൻ തയ്യാറാവാത്തത്തിന്റെ കാരണം ബ്ലാസ്റ്റേഴ്സിന്റെ സ്ക്വാഡിൽ മികവുള്ള താരങ്ങൾ ആവശ്യത്തിനുണ്ട്, പരുക്കേറ്റവർക്കോ സസ്പെൻഷനിലായവർക്കോ പകരമായി കളിത്തിലിറങ്ങാനുള്ള മികവുള്ളർ ധാരാളം ഉള്ളത് കൊണ്ടാണെന്നും പരിശീലകൻ പറഞ്ഞു. ഡയസിന് പകരം ഭൂട്ടാനീസ് താരം ചെഞ്ചോ ആയിരിക്കും ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഇടം നേടുക. എന്നാൽ ഡയസിന്റെ അഭാവത്തിൽ ബ്ലാസ്റ്റേഴ്സിന്റെ മുൻ നിരക്ക് മികവ് പുലർത്താൻ സാധിക്കുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടി വരും.

ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ കുതിപ്പിന് പിന്നിൽ നിർണായക പങ്ക് വഹിക്കുന്ന കളിക്കാരിൽ ഒരാളാണ് അർജന്റീനക്കാരനായ ഡയസ്. 15 മത്സരങ്ങളിൽ നിന്നും നാല് ഗോളുകളും ഒരു അസിസ്റ്റും നേടിയ ഡയസ് വസ്ക്വസ് -ലൂണ എന്നിവർക്കൊപ്പം മികച്ച കൂട്ടുകെട്ടും പടുത്തുയർത്തി. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സ്‌ട്രൈക്കിങ് പാർട്നെർസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഡയസും വാസ്ക്കസും തന്നെയാണ്. ഇരുതലമൂർച്ചയുള്ള ഈ ആയുധങ്ങളെ തടയാൻ ഏത് പ്രതിരോധ നിരയും ശരിക്കും വിഷമിക്കുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും കഠിനാധ്വാനിയായ താരങ്ങളിലൊരാളാണ് ഡയസ് . ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ചിന്റെ കളിശൈലിയിൽ ഏറ്റവും പ്രധാനഘടകവും ഡയസാണ്.

Rate this post
Kerala Blasters