അർജന്റീനയുടെ നിശബ്‌ദ കൊലയാളിയെ ഹോളണ്ട് പേടിക്കണമെന്ന് ടീമിന്റെ പ്രതിരോധതാരം ആക്കെ |Qatar 2022
ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരത്തിൽ അർജന്റീനയും ഹോളണ്ടും തമ്മിലുള്ള പോരാട്ടം വെള്ളിയാഴ്‌ച രാത്രിയാണ് നടക്കാൻ പോകുന്നത്. ഏറെക്കുറെ തുല്യ ശക്തികളെന്നു പറയാവുന്ന രണ്ടു ടീമുകളും തമ്മിലുള്ള പോരാട്ടത്തിൽ ഒരുപോലെയാണ് ടീമുകൾക്കു വിജയം നേടാനുള്ള സാധ്യത. ലൂയിസ് വാൻ ഗാലിന്റെ തന്ത്രങ്ങൾ ഹോളണ്ടിന് പ്രതീക്ഷ നൽകുമ്പോൾ ലയണൽ മെസിയാണ് അർജന്റീനയുടെ കരുത്ത്. എന്നാൽ മെസിക്ക് പുറമെ അർജന്റീന ടീമിലെ ഒരു നിശബ്ദനായ താരത്തെ ഹോളണ്ട് പേടിക്കണമെന്നാണ് പ്രതിരോധതാരം നഥാൻ ആക്കെ പറയുന്നത്.
ലൗടാരോ മാർട്ടിനസായിരുന്നു അർജന്റീനയുടെ ആദ്യ ഇലവനിൽ സ്ഥിരമായി ഇടം പിടിച്ചിരുന്നതെങ്കിലും ലോകകപ്പിൽ താരം അത്ര മികച്ച ഫോമിൽ കളിച്ചിട്ടില്ല. ഇതേതുടർന്ന് രണ്ടു മത്സരങ്ങളിലും പരിശീലകൻ ജൂലിയൻ അൽവാരസിനു ആദ്യ ഇലവനിൽ അവസരം നൽകുകയും താരം രണ്ടു മത്സരങ്ങളിലും ഗോളുകൾ നേടുകയും ചെയ്‌തു. ഈ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയ അൽവാരസാണ് ഹോളണ്ടിന് ഭീഷണിയുയർത്തുമെന്ന് ആക്കെ പറയുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ അൽവാരസിന്റെ സഹതാരം കൂടിയാണ് ആക്കെ.
“ഒരു കളിക്കാരനെന്ന നിലയിൽ വളരെയധികം സാങ്കേതികത്വം പുലർത്തുന്ന, പരിശീലനത്തിൽ വരെ മാർക്ക് ചെയ്യാൻ പ്രയാസമുള്ള, വളരെയധികം കൂർമതയും മികച്ച ഫിനിഷിങ്ങുമുള്ള താരം ബുദ്ധിമുട്ടുണ്ടാക്കും. മൈതാനത്തും അതിനു പുറത്തും മികച്ച താരമാണ് അൽവാരസ്. എന്നാൽ പൊതുവെ നിശ്ശബ്ദനായ ഒരാൾ കൂടിയാണ്. വേറൊരു അന്തരീക്ഷത്തിൽ നിന്നും വന്ന താരം ഇംഗ്ലീഷ് പഠിക്കാനും സാഹചര്യങ്ങളോട് ഇണങ്ങിച്ചേരാനും ശ്രമിക്കുകയാണെങ്കിലും ടീമിനോട് വളരെ വേഗത്തിൽ തന്നെ പൊരുത്തപ്പെട്ടു.” ആക്കെ തന്റെ സഹതാരത്തെക്കുറിച്ച് പറഞ്ഞു.
Nathan Aké on Julián Álvarez:
— Álvarez¹⁹ (@19Alvarez_) December 6, 2022
“He’s a great player, as a player he’s very technical, he’s very difficult to mark even in training, very sharp and good finishing. pic.twitter.com/vC9z7rxXz4
മെസിക്കൊപ്പം കളിപ്പിക്കാൻ രണ്ടു മികച്ച സ്‌ട്രൈക്കർമാരുണ്ടെന്നത് അർജന്റീനക്ക് പ്രതീക്ഷയാണ്. ലൗടാരോ മാർട്ടിനസ് ഗോളുകൾ നേടുന്നതിൽ പുറകോട്ടു പോയെങ്കിലും കഴിഞ്ഞ മത്സരത്തിൽ താരം വന്നതിനു ശേഷം അർജന്റീനയുടെ ആക്രമണങ്ങൾ ശക്തി പ്രാപിച്ചിരുന്നു. അതിനാൽ തന്നെ നെതർലാൻഡ്‌സിനെതിരെ ആരെയാവും സ്‌കൈലോണി ആദ്യ ഇലവനിൽ ഇറക്കുകയെന്ന ഉറപ്പിക്കാൻ കഴിയില്ല. അൽവാരസിനു തന്നെയാണ് സാധ്യത കൂടുതൽ.