പണം ലക്ഷ്യമിട്ടു മാത്രം ക്ലബുകളിലേക്കു മാറുന്ന ബ്രസീലിയൻ താരങ്ങളെ വിമർശിച്ച് ഇതിഹാസതാരം ജുനിന്യോ പെകാംബുനോ. പല താരങ്ങളും പണം മാത്രം ലക്ഷ്യമിട്ടാണു കളിക്കുന്നതെന്നും നെയ്മറുടെ പിഎസ്ജി ട്രാൻസ്ഫർ ആ ലക്ഷ്യം മുന്നിൽക്കണ്ടു മാത്രമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മുൻ ലിയോൺ താരമായിരുന്ന ജുനിന്യോ ഗാർഡിയനോടു സംസാരിക്കുകയായിരുന്നു.
“ബ്രസീലിൽ പണത്തെക്കുറിച്ചാണു കൂടുതൽ ചിന്തിക്കുന്നതെങ്കിൽ യൂറോപ്പിൽ മറ്റൊരു മനോഭാവമാണ്. അതവരുടെ രീതിയാണ്. എന്നാൽ മറ്റൊരു കരിയർ പ്ലാനാണ് യാദൃശ്ചികമായി ഞാൻ തിരഞ്ഞെടുത്തത്. നെയ്മറെ നോക്കിയാൽ പണത്തിനു വേണ്ടിയാണു പിഎസ്ജിയിൽ എത്തിയതെന്നതു വ്യക്തമാണ്.”
“പിഎസ്ജി അദ്ദേഹത്തിന് എല്ലാം നൽകിയെങ്കിലും താരം ഇപ്പോൾ ക്ലബ് വിടണമെന്നാണു പറയുന്നത്. എന്നാൽ ക്ലബിൽ തന്നെ തുടർന്ന് അവരോടുള്ള ആത്മാർത്ഥത കാണിക്കാനാണ് താരം ഇനി ശ്രമിക്കേണ്ടത്.”
“നെയ്മറെന്ന കളിക്കാരനും നെയ്മറെന്ന വ്യക്തിയും വ്യത്യസ്തരാണ്. മെസി, റൊണാൾഡോ എന്നിവർക്കൊപ്പമാണു താരത്തിന്റെ സ്ഥാനം. എന്നാൽ ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം ഇനിയും വളരാനുണ്ട്.” ജുനീന്യോ പറഞ്ഞു.