മെസ്സിയുടെ കരാർ ചോർന്നതിൽ നിർണായക വെളിപ്പെടുത്തലുമായി ബർട്ടോമ്യൂ.

മെസ്സിയുടെ കരാർ പുറത്തു വന്ന വിഷയത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കാൻ ശ്രമിക്കുന്ന ബാഴ്‌സയുടെ മുൻ പ്രസിഡന്റ് ബർട്ടോമ്യൂ നിർണായകമായ വെളിപ്പെടുത്തലാണ് നടത്തിയത്. ബർട്ടോമ്യൂ ഇതിനെ പറ്റി പൊതുവേദിയിൽ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ മുൻ പ്രസിഡന്റ് കഴിഞ്ഞ ഞായറാഴ്ച ഇസ്‌പോർട് 3യോടും തിങ്കളാഴ്ച റേഡിയോ കനാൽ ബാഴ്സയോടും സംസാരിച്ചിരുന്നു.

“ഞാൻ ആണ് മെസ്സിയുടെ കരാറിനെ പറ്റിയുള്ള വിവരങ്ങൾ പുറത്ത് വിട്ടതെന്ന് പല മീഡിയ ഏജൻസികളും പറയുന്നതായി കേട്ടു,” അദ്ദേഹം പറഞ്ഞു. “ആ പ്രസ്താവന തെറ്റാണ്. ഇത് ഒരു ചൂടുപിടിച്ച പ്രശ്നമാണ്. കളിക്കാരുടെ കരാറിനെ പറ്റിയുള്ള വിശദാംശങ്ങൾ പുറത്തു വിടുന്നത് വളരെ പ്രശ്നമുള്ള കാര്യമാണ്, ഇതു തീർച്ചയായും കോടതിയിലാണ് അവസാനിക്കുക. ആരാണ് ഇതു ചെയ്തതെന്ന് എനിക്ക് അറിയില്ല. ക്ലബ്ബിൽ ആകെ നാലോ അഞ്ചോ ആളുകൾക്ക് മാത്രമേ കളിക്കാരുടെ കരാറിനെ പറ്റിയുള്ള വിഷയങ്ങൾ അറിയുകയുള്ളൂ. വക്കീലന്മാർക്കും പിന്നെ എൽ.എഫ്.പിക്കും എല്ലാ കളിക്കാരുടെയും കരാറിനെ പറ്റിയറിയാം.”

മെസ്സിയെ പറ്റി അദ്ദേഹം പ്രതികരിച്ചതിങ്ങനെ:

“ബാഴ്‌സയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം മെസ്സിയാണെന്ന് വാദിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. താരം അർഹിക്കുന്നത് മാത്രമേ സമ്പാദിക്കുന്നുള്ളൂ. താരം ക്ലബ്ബിനായി നൽകുന്ന സംഭാവനകൾ തന്നെ ധാരാളമാണ്. കൂടാതെ അദ്ദേഹം ടീമിനു നൽകുന്ന സാമ്പത്തികമായ പിന്തുണ വളരെ വലുതാണ്. ഈ കോവിഡ് വന്നില്ലായിരുന്നെങ്കിൽ, ബാഴ്സയ്ക്ക് എല്ലാവരുടെയും വേദനം കൃത്യമായി നൽകുവാൻ സാധിച്ചേനെ. 2017ൽ കരാർ ഒപ്പു വെക്കുമ്പോൾ ആർകുമറിയില്ലായിരുന്നല്ലോ 2020ൽ കടുത്ത പ്രതിസന്ധി വരുന്നുണ്ടെന്ന്.”

എന്നിരുന്നാലും ബർട്ടോമ്യൂ പ്രതീക്ഷയുടെ തിരുനാളങ്ങൾ കത്തികാനും മറന്നില്ല. “ബാഴ്‌സ ഇയതിനെയെല്ലാം തരണം ചെയ്യും. അതിനുള്ള എല്ലാവിധ വിഭവങ്ങളും തീരുമാനങ്ങളുമുണ്ട് ക്ലബ്ബിൽ. കോവിഡ് ഒഴിച്ചാൽ, നമ്മൾ തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ ക്ലബ്ബ്. അതുകൊണ്ട് തന്നെ ക്ലബ്ബ് ഇപ്പോൾ മുൻഗണന നൽകുന്നത് സ്പോർട്ടിങ് പദ്ധതികൾക്ക് തന്നെയാണ്. ഞങ്ങൾ അൻസു, പെഡ്രി അല്ല ആരെയും തന്നെ വൻ തുകയ്ക്ക് വിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല. ക്ലബ്ബിനു സ്പോർട്ടിങ്ങിൽ നിന്നുമല്ലാത്ത അനവധി സാമ്പത്തിക ശ്രോതസ്സുകൾ ഉള്ളതുകൊണ്ട് കോവിഡ് വരുത്തിവച്ച സാമ്പത്തിക പ്രതിസന്ധിയെ പെട്ടെന്ന് തന്നെ മറികടക്കാനായേക്കും.”

അദ്ദേഹം റൊണാൾഡ്‌ കൂമാനെ കുറിച്ചും സംസാരിച്ചു. “കഴിഞ്ഞ മാസങ്ങളിലുണ്ടായ ഏറ്റവും മികച്ച കാര്യം റൊണാൾഡ്‌ കൂമാൻ തന്റെ ജോലി മികച്ച രീതിയിൽ നിർവഹിക്കുന്നു എന്നുള്ളതാണ്, അദ്ദേഹത്തിൽ ഏൽപിക്കപ്പെട്ട എല്ലാവിധ ചുമതലകളും അദ്ദേഹം നന്നായി നിർവഹിക്കുന്നു. നമുക്ക് യുവ താരങ്ങൾ നിറഞ്ഞാടുന്ന ഒരു ടീമുണ്ട്, പരിചയസമ്പന്നരായ കളിക്കാരുമുണ്ട്, ലോകത്തിലെ ഏറ്റവും മികച്ച താരവുമുണ്ട്. അതുകൊണ്ടു തന്നെ നമ്മളെ കാത്തിരിക്കുന്നത് നല്ലൊരു ഭാവിയാണ്.”

കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ബാഴ്‌സ എങ്ങനെ ഈ പ്രതിസന്ധിയെ നേരിടും? മെസ്സിയിനി ബാഴ്സയിൽ തന്നെ തന്റെ കരിയർ അവസാനിപ്പിക്കുമോ? എല്ലാം കാത്തിരുന്നു കാണാം.

Rate this post