സൗദി നേതൃത്വം പണം വാരിയെറിയുന്നു, റെക്കോർഡ് ട്രാൻസ്‌ഫർ പൂർത്തിയാക്കി ന്യൂകാസിൽ

സൗദി അറേബ്യൻ പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് നേതൃത്വം ഏറ്റെടുത്തതിനു ശേഷം തങ്ങളുടെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാനുള്ള പ്രവർത്തനങ്ങൾ നടത്തുകയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ യുണൈറ്റഡ്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ ഉടമകളുള്ള ഫുട്ബോൾ ക്ലബുകളിൽ ഒന്നായി മാറിയ അവർ കഴിഞ്ഞ ജനുവരി ട്രാൻസ്‌ഫർ ഏതാനും മികച്ച സൈനിംഗുകൾ നടത്തിയതിന്റെ ഭാഗമായി തരം താഴ്ത്തൽ മേഖലയിൽ നിന്നും പതിനൊന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയിരുന്നു. ഈ സീസണിൽ തങ്ങളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്തി യൂറോപ്യൻ ടൂർണമെന്റിനു യോഗ്യത നേടാനാണ് അവർ ശ്രമിക്കുന്നത്.

സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കാനിരിക്കെ മറ്റൊരു സൈനിങ്‌ കൂടി നടത്തിയിരിക്കയാണ് ന്യൂകാസിൽ യുണൈറ്റഡ്. ഇത്തവണ ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയാണ് ന്യൂകാസിൽ യുണൈറ്റഡ് മുടക്കിയിരിക്കുന്നത്. സ്‌പാനിഷ്‌ ക്ലബായ റയൽ സോസിഡാഡിൽ നിന്നും സ്വീഡിഷ് സ്‌ട്രൈക്കറായ അലക്‌സാണ്ടർ ഇസാക്കിനെ സ്വന്തമാക്കിയ ന്യൂകാസിൽ അതിനായി 58 മില്യൺ പൗണ്ടാണ് മുടക്കിയത്. ഇരുപത്തിരണ്ടു വയസ് മാത്രം പ്രായമുള്ള താരത്തെ സ്വന്തമാക്കിയ വിവരം ന്യൂകാസിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു.

റയൽ സോസിഡാഡിനു വേണ്ടി 132 മത്സരങ്ങളും സ്വീഡൻ ദേശീയ ടീമിനു വേണ്ടി 37 മത്സരങ്ങളും കളിച്ചിട്ടുള്ള അലക്‌സാണ്ടർ ഇസക്ക് ഇരുപത്തിരണ്ടാം വയസിൽ തന്നെ വളരെ പരിചയസമ്പന്നനായ താരമാണ്. റയൽ സോസിഡാഡിനു വേണ്ടി 44 ഗോളുകളും സ്വീഡനു വേണ്ടി ഒൻപത്‌ ഗോളുകളും നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇതിനു പുറമെ ജർമൻ ക്ലബായ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മാറ്റ് ടാർജറ്റ്, നിക്ക് പോപ്പെ, സ്വേൻ ബോട്ട്മാൻ എന്നിവരെ സ്വന്തമാക്കിയ ന്യൂകാസിൽ യുണൈറ്റഡിന്റെ നാലാമത്തെ സൈനിങാണ് അലക്‌സാണ്ടർ ഇസാക്ക്.

മികച്ച കഴിവുകളുള്ള, ഇരുപത്തിരണ്ടാം വയസിൽ തന്നെ വളരെ പരിചയസമ്പത്ത് നേടിയ ഇസാക്കിനെപ്പോലൊരു താരത്തിന്റെ സാന്നിധ്യം ന്യൂകാസിൽ യുണൈറ്റഡിന് ഈ സീസണിൽ കൂടുതൽ കരുത്തു പകരുന്നതാണ്. കല്ലം വിത്സണ് പരിക്കു പറ്റി നിരവധി ആഴ്‌ചകൾ നഷ്‌ടമാകുമെന്നിരിക്കെ ഇസാക്കിന്റെ സാന്നിധ്യം പരിശീലകൻ എഡ്ഡീ ഹോവെക്ക് ആശ്വാസമാകും. വോൾവ്‌സിനെതിരെ ഞായറാഴ്‌ച നടക്കുന്ന മത്സരത്തിൽ കളിക്കുമെന്നു പ്രതീക്ഷിക്കുന്ന താരം പ്രീമിയർ ലീഗിൽ ചുവടുറപ്പിച്ചാൽ അത് ന്യൂകാസിലിന്റെ മുന്നിലുള്ള ലക്ഷ്യങ്ങൾ നിറവേറ്റാനും സഹായിക്കും.

Rate this post