സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉടമസ്ഥാവകാശം ഏറ്റെടുത്തതിനു ശേഷം പ്രീമിയർ ലീഗിൽ മികച്ച കുതിപ്പ് കാണിക്കുന്ന ക്ലബാണ് ന്യൂകാസിൽ യുണൈറ്റഡ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനങ്ങളിൽ നിന്നും കുതിച്ചെത്തി മിഡ് ടേബിളിൽ ഫിനിഷ് ചെയ്ത ടീം ഈ സീസണിൽ ടോപ് ഫോറിലാണുള്ളത്. കിരീടങ്ങളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയാണ് ടീം ലക്ഷ്യമിടുന്നത്.
ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നതോടെ അടുത്ത സമ്മറിൽ കൂടുതൽ സൈനിംഗുകൾ ന്യൂകാസിൽ നടത്തും. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ഫുട്ബോൾ ക്ലബായതിനാൽ തന്നെ താരങ്ങൾക്കായി പണം മുടക്കുന്നത് അവരെ സംബന്ധിച്ച് വിഷയമേയല്ല. റിപ്പോർട്ടുകൾ പ്രകാരം അടുത്ത സമ്മറിൽ ന്യൂകാസിൽ യുണൈറ്റഡ് ലക്ഷ്യമിടുന്ന പ്രധാന താരം ബാഴ്സലോണയുടെ റഫിന്യയാണ്.
ഇക്കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ റാഫിന്യയെ സ്വന്തമാക്കാൻ ന്യൂകാസിൽ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു. അവർക്കൊപ്പം ചെൽസിയും രംഗത്തുണ്ടായിരുന്നെങ്കിലും താരം ബാഴ്സലോണയെയാണ് തിരഞ്ഞെടുത്തത്. ബാഴ്സലോണയിൽ എത്തിയ താരം പരിശീലകൻ സാവിയുടെ പദ്ധതികളിൽ പ്രധാനിയായി മാറുകയും ചെയ്തു.
ഈ സീസണിൽ നാൽപതോളം മത്സരങ്ങളിൽ ടീമിനായി കളിച്ച റഫിന്യ പതിനെട്ടു ഗോളുകളിൽ പങ്കാളിയായിട്ടുണ്ട്. എന്നാൽ താരത്തെ ബാഴ്സലോണ വരുന്ന സമ്മറിൽ ഒഴിവാക്കുമെന്ന് അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ക്ലബിന്റെ വേതനബിൽ കുറക്കാനും പുതിയ സൈനിംഗുകൾ നടത്താനുള്ള ഫണ്ടിനും വേണ്ടിയാണ് താരത്തെ വിൽക്കുന്ന കാര്യം ബാഴ്സലോണ പരിഗണിക്കുന്നത്.
🚨🚨| BREAKING: Newcastle have decided to sign Raphinha this summer. They are ready to make a big offer to FC Barcelona.@gbsans [🎖️] pic.twitter.com/fmkJ0Ce9X4
— Managing Barça (@ManagingBarca) April 22, 2023
പ്രീമിയർ ലീഗ് ക്ലബുകൾക്ക് താൽപര്യമുള്ളതിനാൽ തന്നെ താരത്തെ വിറ്റാൽ വലിയ തുക ലഭിക്കുമെന്നാണ് ബാഴ്സ പ്രതീക്ഷിക്കുന്നത്. മുൻപ് ലീഡ്സ് യുണൈറ്റഡിന് വേണ്ടി തകർപ്പൻ പ്രകടനം നടത്തിയ താരത്തിന് പ്രീമിയർ ലീഗിൽ പരിചയസമ്പത്തുമുണ്ട്. എന്നാൽ ഈ സീസണിൽ ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരങ്ങളിൽ ഒരാളായ റാഫിന്യയെ നിലനിർത്താനാവും സാവിക്ക് താൽപര്യം.