“അടുത്ത സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സ് ഈ സീസണിനേക്കാൾ മികച്ചതായിരിക്കും”

അഞ്ചു വർഷം നീണ്ടു നിന്ന ആരാധകരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിസച്ചിന്റെ തന്ത്രങ്ങളാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ സ്വപ്ന തുല്യമായ യാത്രക്ക് പിന്നിലെ ശക്തി. ആരാധകർ ബ്ലാസ്റ്റേഴ്സിൽ നിന്നും വര്ഷങ്ങളായി എന്താണോ പ്രതീക്ഷിച്ചത് അതാണ് ഇവാനിലൂടെ ലഭിച്ചത്.2016 നു ശേഷം പ്ലെ ഓഫ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനും ബ്ലാസ്റ്റേഴ്സിനായി.

2021-ഐ എസ് എല്ലിൽ ഏറ്റവും ജനപ്രീതിയുള്ള ടീമുകളിൽ മുൻപന്തിയിൽ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ അവരുടെ ആരാധകരുടെ മുന്നിൽ പല കാര്യങ്ങളും തെളിയിക്കേണ്ടതുണ്ടായിരുന്നു . മികച്ച ആരാധക സംഘം ബ്ലാസ്റ്റേഴ്സിന് പിന്തുണ നൽകാനുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു സീസണുകളിലായി ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശാജനകമാണ്. അതുകൊണ്ട് തന്നെ ഐ എസ് എല്ലിന്റെ പുതിയ സീസണിൽ ഉയിർത്തെഴുന്നേൽക്കാൻ കോപ്പ് കൂട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സീസൺ തുടങ്ങിയത് . കഴിഞ്ഞ സീസണിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആരാധക പിന്തുണയ്ക്ക് അല്പം ഇടിവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഈ സീസണിലെ പ്രകടനത്തിലൂടെ അത് തിരിച്ചുപിടിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്‌സ്.

എന്നാൽ ഇതിലും മികച്ച കേരള ബ്ലാസ്റ്റേഴ്‌സിനെ അടുത്ത സീസണിൽ കാണാമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച് അഭിപ്രായപ്പെട്ടു .കേരള ബ്ലാസ്റ്റേഴ്‌സ് ഇൻസ്റ്റാഗ്രാമിലുടെ പുറത്തു വിട്ട സ്റ്റാർ സ്പോട്ലൈറ്റ് എന്നാ പരുപാടിയിലാണ് അദ്ദേഹം മനസ്സ് തുറന്നത്. ” ആരാധകരെ അടുത്ത സീസണിൽ ഇതിനേക്കാൾ മികച്ച ബ്ലാസ്റ്റേഴ്‌സിനെ നിങ്ങൾക്ക് കാണാൻ സാധിക്കും” ഇവാൻ പറഞ്ഞു. ഈ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത വിദേശ താരങ്ങളെ നിലനിരത്താനുള്ള ശ്രമങ്ങളും ബ്ലാസ്റ്റേഴ്‌സ് അആരംഭിച്ചിട്ടുണ്ട്. അടുത്ത സീസണിൽ കൊച്ചിയിൽ ആരാധകർക്ക് മുന്നിൽ കളിക്കണം എന്ന് ഇവാനും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

മുൻ വര്ഷങ്ങളിലെ പിഴവുകൾ എല്ലാം തിരുത്തിയ ബ്ലാസ്റ്റേഴ്‌സ് ആധികാരികമായാണ് ഇത്തവണ പ്ലെ ഓഫിലെത്തിയത്.സീസൺ അവസാനിക്കുമ്പോൾ ഒരുപിടി ക്ലബ് റെക്കോർഡുകളും തകർത്തു. 20 മത്സരങ്ങളിൽ നിന്ന് ഒമ്പത് വിജയവും ഏഴ് സമനിലയും നാല് തോൽവിയുമായി 34 പോയിന്റാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്സ് സീസണിൽ ഏറ്റവുമധികം വിജയവും പോയിന്റും നേടുന്നത് ഇക്കുറിയാണ്. 34 ​ഗോളാണ് ഇക്കുറി ബ്ലാസ്റ്റേഴ്സ് അടിച്ചുകൂട്ടിയത്. ഇതും റെക്കോർഡാണ്. 34 അടിച്ചുകൂട്ടിയപ്പോൾ 24 ​ഗോളുകൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് വഴങ്ങിയത്. ഐഎസ്എൽ ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റ്ഴ്സ് വഴങ്ങിയ ​ഗോളിനേക്കാൾ കൂടതൽ അടിച്ചത്. അതും പത്ത് ​ഗോൾ വ്യത്യാസം. ലീ​ഗിൽ തുടർച്ചയായി പത്ത് കളി തോൽവിയറിയാതെയും ഇക്കുറി ബ്ലാസ്റ്റേഴ്സ് കുതിച്ചു. ഇതും ക്ലബ് റെക്കോർഡാണ്.

വെള്ളിയാഴ്ച്ച നടക്കുന്ന സെമി ഫൈനൽ ആദ്യ പാദ പോരാട്ടത്തിൽ ഷീൽഡ് ജേതാക്കളായ ജംഷഡ്‌പൂർ ആണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ. കരുത്തരായ ജാംഷെഡ്പൂരിനെതിരെ അനായാസ ജയം പ്രതീക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും ഇറങ്ങുകയില്ല.ലീഗ് ഘട്ടത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു തോൽവിയും സമനിലയും ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയിരുന്നു. മികച്ച പ്രതിരോധ നിരായുള്ള ജാംഷെഡ്പൂരിനെ ആക്രമണ ഫുട്ബോളിലൂടെ കീഴ്‌പെടുത്താം എന്ന വിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്.