വരുമാനകണക്ക്:നെയ്മറുടെ സമ്പാദ്യം അറ്റലാന്റയുടെ മുഴുവൻ സ്‌ക്വാഡിന്റെയും സമ്പാദ്യത്തിന് മുകളിൽ !

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് കണ്ണുംനട്ടിരിക്കുകയാണ് ഫുട്ബോൾ ആരാധകർ ബുധനാഴ്ച രാത്രിയാണ് ഫ്രഞ്ച് അതികായകന്മാരായ പിഎസ്ജിയും ഇറ്റാലിയൻ കരുത്തരായ അറ്റലാന്റയും ഏറ്റുമുട്ടാനൊരുങ്ങുന്നത്. സമീപകാലപ്രകടനം പരിശോധിച്ചാൽ മിന്നുന്ന പ്രകടനമാണ് രണ്ട് ടീമുകളും കാഴ്ച്ചവെക്കുന്നത്. സിരി എയിൽ 98 ഗോളുകൾ അടിച്ചു കൂട്ടിയാണ് അറ്റലാന്റയുടെ വരവ്. മറുഭാഗത്ത് മൂന്നു കിരീടങ്ങളിൽ മുത്തമിട്ടു കൊണ്ടാണ് പിഎസ്ജി വരുന്നത്. അതിനാൽ തന്നെ മികച്ച ഒരു പോരാട്ടമാണ് ഏവരും പ്രതീക്ഷിക്കുന്നത്.

എന്നാൽ മത്സരത്തിന് മുൻപ് ഒരു വ്യത്യസ്ഥമായ കണക്ക് പുറത്ത് വിട്ടിരിക്കുകയാണ് ഫ്രഞ്ച് മാധ്യമമായ എൽ എക്വിപെ. രണ്ട് ടീമുകളിലെയും താരങ്ങളുടെ വരുമാനം താരതമ്യം ചെയ്തു കൊണ്ടുള്ള കണക്കാണിത്. ഇത് പ്രകാരം അറ്റലാന്റയുടെ മുഴുവൻ സ്‌ക്വാഡും ഒരു വർഷം സമ്പാദിക്കുന്നതിനേക്കാൾ പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർ സമ്പാദിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. നെയ്മർ ഒരു വർഷം പിഎസ്ജിയിൽ സമ്പാദിക്കുന്നത് 36 മില്യൺ യുറോയാണ്. ബോണസും മറ്റു കാര്യങ്ങളും ഒഴിച്ചാൽ ഇത് 30 മില്യൺ യുറോയാവും. എന്നാൽ അറ്റലാന്റയുടെ മുഴുവൻ സ്‌ക്വാഡിന്റെയും വരുമാനം 36 മില്യണിന് താഴെയാണ് വരുന്നത്. അതായത് എൽ എക്വിപെ കണക്കുകൾ പ്രകാരം ആകെ അവരുടെ താരങ്ങളുടെ വാർഷികസമ്പാദ്യം 33 മില്യൺ യുറോക്കും 36 മില്യൺ യുറോക്കും ഇടയിലാണ്.

അറ്റലാന്റയിൽ ഏറ്റവും കൂടുതൽ സമ്പാദിക്കുന്നത് അർജന്റൈൻ താരം പപ്പു ഗോമസ്, ടുവാൻ സപറ്റ, ലൂയിസ് മുറിയേൽ എന്നിവരാണ്. 1.2 മില്യൺ യുറോയാണ് ഒരു വർഷം സമ്പാദിക്കുന്നത്. ബോണസ് അടക്കം 1.8 മില്യൺ യുറോ ആവാറുണ്ട്. ഇവർ മൂന്നു പേര് കൂടി അഞ്ച് മില്യൺ യുറോയുടെ അടുത്താണ് സമ്പാദിക്കാറുള്ളത്. അതേസമയം പിഎസ്ജി താരം കിലിയൻ എംബാപ്പെ 16 മില്യൺ യുറോ ഒരു വർഷം സമ്പാദിക്കാറുണ്ട്. നായകൻ തിയാഗോ സിൽവ സമ്പാദിക്കുന്നത് 11 മില്യൺ യുറോയാണ്. പിഎസ്ജിയുടെ മുന്നേറ്റനിരയായ എംബാപ്പെ, നെയ്മർ,ഇകാർഡി എന്നിവർ മൂന്നു പേർ കൂടി സമ്പാദിക്കുന്നത് 55 മില്യൺ യുറോയാണ്.

Rate this post
AtalantaKylian MbappeNeymar jrPsg