ലയണൽ മെസ്സിയും നെയ്മർ ജൂനിയറും തമ്മിലുള്ള ഹൃദയം കൊണ്ടുള്ള ബന്ധം തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. മുമ്പ് ക്ലബ് വേൾഡ് കപ്പിൽ ഏറ്റുമുട്ടിയ സമയത്തായിരുന്നു നെയ്മർ ജൂനിയറെ ലയണൽ മെസ്സി ബാഴ്സയിലോട്ട് ക്ഷണിച്ചത്. പിന്നീട് നെയ്മർ ജൂനിയർ ബാഴ്സയിൽ എത്തിയതോടുകൂടി ഇരുവരും ഒരുമിച്ച് പന്ത് തട്ടാൻ ആരംഭിച്ചു.
ഇടക്കാലയളവിൽ ക്ലബ്ബ് പിരിഞ്ഞെങ്കിലും കഴിഞ്ഞ സീസണിൽ ഇരുവരും ഒന്നിക്കുകയായിരുന്നു. ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഇപ്പോൾ ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിക്ക് വേണ്ടി ഉഗ്രൻ ഫോമിലാണ് കളിക്കുന്നത്. ഗോളടിക്കുന്ന കാര്യത്തിലും ഗോളടിപ്പിക്കുന്ന കാര്യത്തിലും രണ്ടുപേരും ഒരുപോലെ മികവ് പുലർത്തുന്നുണ്ട്.
എന്നാൽ രാജ്യത്തിന്റെ കാര്യത്തിലേക്ക് വരുമ്പോൾ രണ്ടുപേരും ചിരവൈരികളാണ്. കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിൽ ഇരുവരും ഏറ്റുമുട്ടിയപ്പോൾ അന്തിമവിജയം ലയണൽ മെസ്സിക്കൊപ്പമായിരുന്നു.പക്ഷേ അതൊന്നും ഇവരുടെ സുഹൃദ് ബന്ധത്തിന് യാതൊരുവിധ തടസ്സവുമായിരുന്നില്ല.
കോപ്പ അമേരിക്കയുമായി ബന്ധപ്പെട്ട ഒരു ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പുറത്തിറക്കുന്നുണ്ട്. ആ ഡോക്യുമെന്ററിയിൽ നെയ്മർ ജൂനിയർ ലയണൽ മെസ്സിയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സിയെ ആരുമായും താരതമ്യം ചെയ്യരുത് എന്നാണ് നെയ്മർ ജൂനിയർ പറഞ്ഞുവെക്കുന്നത്.
🇧🇷 Neymar in ‘Campeones de America’ documentary on Messi: “Nothing compares to Leo.” pic.twitter.com/thxnpKvv5o
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 3, 2022
ലോക ഫുട്ബോളിൽ ഒട്ടേറെ ഇതിഹാസങ്ങൾ ഉണ്ടെങ്കിലും നെയ്മർ ജൂനിയറുടെ അഭിപ്രായത്തിൽ ലയണൽ മെസ്സി അവരിൽ നിന്നെല്ലാം വ്യത്യസ്തമാണ്. താരതമ്യങ്ങൾക്കതീതനാണ് മെസ്സി എന്നാണ് നെയ്മറുടെ അഭിപ്രായം. തീർച്ചയായും വ്യക്തിഗത നേട്ടങ്ങളുടെ കാര്യത്തിൽ ലയണൽ മെസ്സിയുടെ അടുത്തുപോലും ആരുമില്ല എന്ന് തന്നെ നമുക്ക് പറയേണ്ടിവരും. മെസ്സിയെക്കുറിച്ച് കാലികപ്രസക്തമായ വാക്കുകൾ തന്നെയാണ് നെയ്മർ പങ്കുവെച്ചിരിക്കുന്നത്.