നെയ്മർ ജൂനിയർ തിരികെ എഫ്സി ബാഴ്സലോണയിലേക്ക് തന്നെ എത്തുന്നു എന്ന വാർത്തകൾ ഒരിക്കൽ കൂടി സജീവമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് ട്രാൻസ്ഫർ വിൻഡോകളിലും ഈ വാർത്ത സജീവമായി നിലകൊണ്ടിരുന്നു. എന്നാൽ ഇത്തവണ പ്രചരിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. ബാഴ്സലോണ ബയേൺ മ്യൂണിക്കിനോട് ഏറ്റുവാങ്ങിയ വമ്പൻ തോൽവിക്ക് പിന്നാലെയാണ് നെയ്മറെ ബാഴ്സ തിരികെ കൊണ്ടു വരാൻ പരിശ്രമങ്ങൾ പുനരാരംഭിച്ചു എന്ന തരത്തിലുള്ള വാർത്തകൾ പുറത്ത് വന്നത്.
എന്നാൽ ഈ വിഷയത്തിൽ ഒരു തവണ കൂടി തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ് ബർത്തോമു. ഇന്നലെ ബാഴ്സ ടിവിക്ക് നൽകിയ ഇന്റർവ്യൂവിലാണ് ബർത്തോമു ക്ലബിന്റെ ഭാവി പരിപാടികളെ കുറിച്ച് സംസാരിച്ചത്. ഈ സമ്മർ ട്രാൻസ്ഫറിൽ നെയ്മറെ ക്ലബിൽ എത്തിക്കൽ അസാധ്യമാണ് എന്നാണ് ബർത്തോമു അറിയിച്ചത്. പിഎസ്ജി താരത്തെ വിട്ടുനൽകാൻ ഒരുക്കമല്ല എന്നാണ് ഇതിനു കാരണമായി പ്രസിഡന്റ് അറിയിച്ചത്. കഴിഞ്ഞ വർഷം രണ്ട് ഓഫറുകളുമായി ബാഴ്സ പിഎസ്ജിയെ സമീപിച്ചിരുന്നു. എന്നാൽ അത് രണ്ടും പിഎസ്ജി തള്ളികളയുകയായിരുന്നു.
ഇന്റർവ്യൂവിൽ ബർത്തോമു പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. “ നെയ്മർക്ക് വേണ്ടി ഞങ്ങൾ ശ്രമിച്ചിരുന്നു. എന്നാൽ പിഎസ്ജി താരത്തെ വിൽക്കാൻ ഒരുക്കമല്ല. അത്കൊണ്ട് തന്നെ അടുത്ത സീസണിലേക്ക് നെയ്മറെ ടീമിൽ എത്തിക്കൽ അസാധ്യമാണ്. കഴിഞ്ഞ സമ്മറിലും ഞങ്ങൾ ശ്രമങ്ങൾ നടത്തിയിരുന്നു. ഇപ്രാവശ്യവും നടത്തി. എന്നാൽ അദ്ദേഹത്തെ ട്രാൻസ്ഫർ മാർക്കറ്റിൽ വെക്കാൻ പിഎസ്ജി ഒരുക്കമല്ല. ഇത് സാധാരണമായ ഒരു കാര്യമാണ്. വലിയ ക്ലബുകൾക്ക് എപ്പോഴും മികച്ച താരങ്ങളെ ആവിശ്യമാണ് “പ്രസിഡന്റ് പറഞ്ഞു.
2017-ലാണ് 198 മില്യൺ പൗണ്ടിന് നെയ്മർ പിഎസ്ജിയിൽ എത്തിയത്. പിഎസ്ജിക്കൊപ്പം മൂന്ന് ലീഗ് വൺ കിരീടങ്ങൾ നെയ്മർ നേടി. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും നെയ്മർ എത്തിയിട്ടുണ്ട്.