നെയ്മർ ജൂനിയർ : ചാമ്പ്യൻസ് ലീഗിലെ അസിസ്റ്റ് രാജാവ്.

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറുടെ ബൂട്ടുകളിൽ പ്രതീക്ഷയർപ്പിച്ചാണ് പിഎസ്ജി അവരുടെ കന്നി ഫൈനലിനിറങ്ങുന്നത്. ഈ ചാമ്പ്യൻസ് ലീഗിലുടനീളം പിഎസ്ജിയെ മുന്നോട്ട് നയിക്കുന്നതിൽ നെയ്മർ വഹിച്ച പങ്കാളിത്തം ചെറുതൊന്നുമല്ല. കഴിഞ്ഞ രണ്ട് തവണയും നെയ്മർക്ക് പരിക്ക് വില്ലനായപ്പോൾ നോക്കോട്ട് റൗണ്ടിൽ പിഎസ്ജിക്ക് കാലിടറി. എന്നാൽ ഇപ്രാവശ്യം അത്‌ സംഭവിച്ചില്ല. നെയ്മറും എംബാപ്പെയും ഡിമരിയയും ഇകാർഡിയും നവാസും സിൽവയുമെല്ലാം ഒന്നിച്ചു നിന്നപ്പോൾ പിഎസ്ജിയുടെ കുതിപ്പ് എത്തിനിൽക്കുന്നത് ഫൈനലിലാണ്. ബയേണിനെ കീഴടക്കാനായാൽ ഒരു ആരാധകകൂട്ടത്തിന്റെയും ഒരു ജനതയുടെയും ചിരകാലാഭിലാഷം പൂവണിയും. പക്ഷെ ബയേൺ ആണ് എതിരാളികൾ എന്നതാണ് പിഎസ്ജിയുടെ നെഞ്ചിടിപ്പേറ്റുന്നത്.

പക്ഷെ നെയ്മറിൽ തന്നെയാണ് പ്രതീക്ഷകൾ. ചാമ്പ്യൻസ് ലീഗിൽ നെയ്മർ എപ്പോഴും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കാറുള്ളത്. ഈ സീസണിൽ ബൊറൂസിയക്കെതിരെ ഇരുപാദങ്ങളിലുമായി രണ്ട് ഗോളുകൾ നേടിയ നെയ്മർ പിഎസ്ജിയെ ക്വാർട്ടറിൽ എത്തിക്കുകയായിരുന്നു. അറ്റലാന്റക്കെതിരെ ഉജ്ജ്വലപ്രകടനം പുറത്തെടുത്തുവെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. പക്ഷെ നിർണായകമായ ആ ഗോളിന് വഴിയൊരുക്കിയത് നെയ്മർ ആയിരുന്നു. സെമി ഫൈനലിൽ ഡിമരിയക്ക് മനോഹരമായ മറ്റൊരു അസിസ്റ്റ് കൂടെ നെയ്മറുടെ ബൂട്ടുകളിൽ നിന്നും പിറന്നു.

2013-ൽ ബാഴ്സയിൽ എത്തിയ താരം രണ്ടാം സീസണിൽ തന്നെ ബാഴ്സയ്ക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടിയിരുന്നു. അന്ന് പത്ത് ഗോളുകൾ നേടികൊണ്ട് ടോപ് സ്കോറെർ പട്ടം നെയ്മർ പങ്കിടുകയും ചെയ്തു. നെയ്മർ ഇതുവരെ ചാമ്പ്യൻസ് ലീഗിൽ 59 മത്സരങ്ങൾ ആണ് കളിച്ചത്. ഇതിൽ നിന്നായി 35 ഗോളുകളും 28 അസിസ്റ്റുകളും നെയ്മർ നേടികഴിഞ്ഞു. അതായത് 63 ഗോളിൽ പങ്കാളിത്തം നെയ്മർ വഹിച്ചു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലെ അസിസ്റ്റ് രാജാവ് എന്ന് നെയ്മറെ വിശേഷിപ്പിച്ചാൽ അത്‌ തെറ്റാവില്ല. കാരണം നെയ്മർ ചാമ്പ്യൻസ് ലീഗിൽ അരങ്ങേറിയത് മുതൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയത് നെയ്മറാണ്. 28 അസിസ്റ്റുകളാണ് നെയ്മർ ഇക്കാലയളവിൽ നൽകിയത്. മറ്റൊരു താരത്തിനും ഇത്രയുമധികം അസിസ്റ്റ് നൽകാൻ സാധിച്ചിട്ടില്ല. രണ്ടാം സ്ഥാനത്ത് 25 അസിസ്റ്റുമായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. എയ്ഞ്ചൽ ഡി മരിയ (20), ലയണൽ മെസ്സി (17), ജെയിംസ് മിൽനർ (15), മാഴ്‌സെലോ (14) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.അത്കൊണ്ട് തന്നെ നെയ്മറാണ് ഇന്ന് പിഎസ്ജിയുടെ പ്രതീക്ഷകൾ ചുമലിലേറ്റുന്നത്.

Rate this post
Neymar jrPsguefa champions league