ഒരു ലൈവ് പ്രോഗ്രാമിനിടെ നെയ്മർ കാണിച്ച അബദ്ധം പാരയായത് എവർട്ടണിന്റെ ബ്രസീലിയൻ താരം റിച്ചാർലിസണിനാണ്. നെയ്മറുടെ ഒരു ട്വിച്ച് ലൈവിൽ താരം അബദ്ധത്തിൽ പുറത്തു വിട്ടത് റിച്ചാർലിസണിന്റെ സ്വകാര്യഫോൺ നമ്പറാണ്. ഇതു വഴി അഞ്ചു മിനുട്ടിൽ മാത്രം താരത്തിനു വന്നത് പതിനായിരത്തോളം ഫോൺ കോളുകളാണ്.
നെയ്മർ ലൈവിൽ പങ്കെടുത്തു കൊണ്ടിരിക്കെ താരത്തിന്റെ ഫോണിലേക്ക് റിച്ചാർലിസൺ വിളിച്ചിരുന്നു. ആരാണു വിളിക്കുന്നതെന്നു കാണിക്കാൻ നെയ്മർ ഫോണിന്റെ സ്ക്രീൻ ആരാധകർക്കു നേരെ കാണിച്ചതാണ് റിച്ചാർലിസണിന്റെ ഫോൺ നമ്പർ ലീക്കാവാൻ കാരണമായത്. തനിക്ക് അബദ്ധം പറ്റിയെന്ന് നെയ്മർക്കു പിന്നീടാണു മനസിലായത്.
ഇതിനെക്കുറിച്ച് നെയ്മറോട് റിച്ചാർലിസൺ ട്വിറ്ററിൽ കുറിച്ചിരുന്നു. അഞ്ചു മിനുട്ടിനിടെ പതിനായിരത്തിലധികം മെസേജാണ് തനിക്ക് ഇതുമൂലം വന്നതെന്നാണ് റിച്ചാർലിസൺ പറഞ്ഞത്. എല്ലാവർക്കും തന്നെ ഇഷ്ടമായതു കൊണ്ടാണ് അതുണ്ടായതെന്നും ഫോൺ നമ്പർ മാറ്റാൻ സമയമായെന്നും നെയ്മർ രസകരമായി താരത്തിനു മറുപടിയും നൽകി.
അതേ സമയം നമ്പർ കിട്ടിയതോടെ തന്നെ ശല്യം ചെയ്യുന്നവരോട് വളരെ രൂക്ഷമായാണ് റിച്ചാർലിസൺ പ്രതികരിച്ചത്. തന്നെ ആരും വിളിക്കരുതെന്നും അങ്ങിനെ ചെയ്താൽ ഉടൻ ബ്ലോക്ക് ലഭിക്കുമെന്നും താരം വ്യക്തമാക്കിയിരുന്നു. ലിവർപൂളിന്റെ തിയാഗോ കഴിഞ്ഞ മത്സരത്തിൽ ഫൗൾ ചെയ്തതിനുള്ള ചീത്ത വിളിയായിരുന്നു കൂടുതലും വന്നതെന്നാണ് ഇതിൽ നിന്നും അനുമാനിക്കേണ്ടത്.