മെസ്സിയിപ്പോൾ പഴയ മെസ്സിയായി തുടങ്ങിയിട്ടുണ്ട്, ഞങ്ങൾ എല്ലാത്തിനെയും മറികടക്കും : നെയ്മർ പറയുന്നു
തന്റെ കരിയറിൽ ഏറ്റവും അധികം വിമർശനങ്ങൾ ഏൽക്കേണ്ടി വന്ന ഒരു സീസണായിരുന്നു ലയണൽ മെസ്സിക്ക് ഇപ്പോൾ കഴിഞ്ഞു പോയിട്ടുള്ളത്.കഴിഞ്ഞ സീസണിൽ പലവിധ ബുദ്ധിമുട്ടുകൾ കാരണം മെസ്സിക്ക് പിഎസ്ജിയിൽ തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.ആകെ 33 മത്സരങ്ങൾ കളിച്ച മെസ്സി 11 തവണ മാത്രമാണ് പന്ത് ഗോൾവലയിൽ എത്തിച്ചിട്ടുള്ളത് ആരാധകർക്ക് തന്നെ നിരാശ നൽകിയ കാര്യമായിരുന്നു.
പക്ഷേ മെസ്സി ഇപ്പോൾ കൂടുതൽ മികവിലേക്ക് ഉയർന്നിട്ടുണ്ട്. പഴയ മെസ്സിയുടെ മിന്നലാട്ടങ്ങൾ അങ്ങിങ്ങായി പാർക്ക് ഡെസ് പ്രിൻസസിൽ കാണാൻ സാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ഗോളടിക്കുന്നതിനേക്കാൾ താല്പര്യം ഗോളടിപ്പിക്കുന്നതിനാണ്.ഒരു പ്ലേമേക്കറുടെ റോളിലാണ് ഇപ്പോൾ ഗാൾട്ടിയർക്ക് കീഴിൽ മെസ്സി കളിച്ചുകൊണ്ടിരിക്കുന്നത്. അത് ക്ലബ്ബിനെ ഗുണം ചെയ്യുന്നുണ്ട്.
മൂന്ന് ഗോളുകൾ,6 അസിസ്റ്റുകൾ, ഇതാണ് ഈ സീസണിൽ ഇതുവരെ മെസ്സി നേടിയിട്ടുള്ളത്. മെസ്സിയുടെ സഹതാരമായ നെയ്മറും ഇപ്പോൾ മിന്നുന്ന ഫോമിലാണ്. മെസ്സിയുടെ ഇപ്പോഴത്തെ പുരോഗതിയെ കുറിച്ച് നെയ്മർ തന്റെ വീക്ഷണങ്ങൾ പങ്കുവെച്ചിട്ടുണ്ട്. മെസ്സി ഇപ്പോൾ മെച്ചപ്പെട്ടു കൊണ്ട് പഴയ മെസ്സിയാവുന്നുണ്ടെന്നും തങ്ങൾക്ക് മുന്നിലുള്ള എല്ലാ ബുദ്ധിമുട്ടുകളെയും ഞങ്ങൾ മറികടക്കുമെന്നുമാണ് ബ്രസീലിയൻ താരമായ നെയ്മർ പറഞ്ഞിട്ടുള്ളത്.
‘ എനിക്ക് ഒരുപാട് കാലമായി അറിയാവുന്ന ആളാണ് മെസ്സി. ബാഴ്സ വിട്ടുകൊണ്ട് പിഎസ്ജിയിൽ എത്തി എന്നുള്ള മാറ്റം അദ്ദേഹത്തിന് വളരെയധികം കഠിനമായിരുന്നു. കാരണം ഒരുപാട് കാലം അദ്ദേഹം ബാഴ്സയിൽ കളിച്ചതാരമാണ്. അതുകൊണ്ടുതന്നെ ഈ മാറ്റം അദ്ദേഹത്തിനും ഫാമിലിക്കും വളരെയധികം കഠിനമായിരുന്നു.പക്ഷേ ആ ബുദ്ധിമുട്ടുകൾ മറികടന്നുകൊണ്ട് ഇപ്പോൾ മെസ്സി മെച്ചപ്പെട്ട് വരുന്നുണ്ട്. ഇപ്പോൾ വീട്ടിലാണ് ഉള്ളത് എന്ന ഒരു തോന്നൽ മെസ്സിക്ക് ഉണ്ട്. മെസ്സി സന്തോഷത്തോടെ ഇരിക്കാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. ഞങ്ങൾക്ക് രണ്ടുപേർക്കും മുന്നിൽ ഒരുപാട് കാര്യങ്ങളും ഒരുപാട് ബുദ്ധിമുട്ടുകളും ഉണ്ട് എന്നുള്ളത് അറിയാം. പക്ഷേ അതൊക്കെ മറികടന്നു കൊണ്ട് മുന്നേറാൻ ഞങ്ങൾക്ക് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട് ‘ നെയ്മർ DAZN നോട് പറഞ്ഞു.
ഇതുവരെ ക്ലബ്ബിന്റെ ചരിത്രത്തിൽ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ പിഎസ്ജിക്ക് കഴിഞ്ഞിട്ടില്ല. ആ ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുക എന്ന വെല്ലുവിളിയാണ് മെസ്സിയെയും നെയ്മറെയും ഇപ്പോഴും കാത്തിരിക്കുന്നത്.