ബ്രസീൽ ചാമ്പ്യനാകുമെന്നും അർജന്റീനക്കെതിരെ ജയിക്കുമെന്നും മെസ്സിയോട് പറഞ്ഞതായി നെയ്മർ |Qatar 2022 |Neymar

നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിനൊപ്പം ബ്രസീലും അർജന്റീനയും ഖത്തർ ലോകകപ്പിൽ വിജയിക്കാനുള്ള ഫേവറിറ്റുകളായി കണക്കാക്കപ്പെടുന്നു. വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഫുട്ബോൾ ആരാധകരും കളിക്കാരും ലോകകപ്പിനെക്കുറിച്ചുള്ള തങ്ങളുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും പങ്കു വെക്കുന്ന തിരക്കിലാണ്.

ടെലിഗ്രാഫിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നെയ്മർ അര്ജന്റീന സൂപ്പർ താരം മെസ്സിയെക്കുറിച്ച് ചില കാര്യങ്ങൾ പങ്കു വെക്കുകയും ചെയ്തു.ഫിഫ ലോകകപ്പിൽ ബ്രസീൽ ചാമ്പ്യനാകുമെന്നും അർജന്റീനക്കെതിരെ ജയിക്കുമെന്നും പിഎസ്ജി ടീമംഗവും അർജന്റീന ക്യാപ്റ്റനുമായ ലയണൽ മെസ്സിയോട് താൻ പറഞ്ഞതായി ബ്രസീൽ സൂപ്പർ താരം പറഞ്ഞു.മെസ്സിയോട് തമാശ രൂപേണ പറഞ്ഞു എന്നാണ് നെയ്മർ പറഞ്ഞിട്ടുള്ളത്.

” ഞങ്ങൾ ഖത്തർ വേൾഡ് കപ്പിനെ കുറിച്ച് കൂടുതലൊന്നും ചർച്ച ചെയ്തിട്ടില്ല. പക്ഷേ തമാശ രൂപേണ ചിലപ്പോഴൊക്കെ സംസാരിക്കാറുണ്ട്.ഫൈനലിൽ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടുകയാണെങ്കിൽ നിങ്ങളെ തോൽപ്പിച്ചുകൊണ്ട് ഞാൻ കിരീടം നേടുമെന്നുള്ളത് മെസ്സിയോട് പറഞ്ഞിരുന്നു.അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. ലയണൽ മെസ്സിക്കൊപ്പവും എംബപ്പേക്കൊപ്പവും കളിക്കുക എന്നുള്ളത് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ്.അവർ രണ്ട് മഹാന്മാരാണ്, മെസ്സി പണ്ടേ ലോകത്തിലെ ഏറ്റവും മികച്ചയാളായി കണക്കാക്കപ്പെടുന്നു ” നെയ്മർ പറഞ്ഞു.

ഫിഫ ലോകകപ്പ് നേടുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നമാണെന്നും ഖത്തറിൽ തന്റെ ലക്ഷ്യം നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രസീലിയൻ ഫോർവേഡ് പറഞ്ഞു.”ഫുട്ബോൾ എന്താണെന്ന് മനസ്സിലായി തുടങ്ങിയ കാലം മുതൽ ലോകകപ്പ് എന്റെ ഏറ്റവും വലിയ സ്വപ്നമാണ്.ഇപ്പോൾ എനിക്ക് മറ്റൊരു അവസരം ലഭിക്കുന്നു, അതിനാൽ ഞാൻ അത് നേടുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും വ്യക്തമായും ലോകകപ്പിൽ വലിയ പ്രതീക്ഷയുണ്ട്.ഉത്കണ്ഠയല്ല, ആവേശമാണ് അനുഭവപ്പെടുന്നത്. എല്ലാവരും ലോകകപ്പിൽ എത്താൻ ആഗ്രഹിക്കുന്നു,” നെയ്മർ പറഞ്ഞു.

ഗ്രൂപ്പ്-ജിയിൽ നിന്ന് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലെത്താൻ ബ്രസീലിന് സെർബിയ, കാമറൂൺ, സ്വിറ്റ്‌സർലൻഡ് എന്നിവരുമായി പോരാടേണ്ടതുണ്ട്. നവംബർ 25 ന് സെർബിയയ്‌ക്കെതിരായ പോരാട്ടത്തോടെയാണ് ലോകകപ്പ് ആരംഭിക്കുക. അർജന്റീനയും ബ്രസീലും ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ട് മുന്നേറുകയാണെങ്കിൽ സെമി ഫൈനലിൽ ഇരുവരും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്.