❝നെയ്മറും വിനീഷ്യസ് ജൂനിയറുമല്ല, അടുത്ത ബാലൺ ഡി ഓർ നേടുന്ന താരത്തെ വെളുപ്പെടുത്തി ബ്രസീലിയൻ മിഡ്ഫീൽഡർ ❞ |Brazil

15 വർഷത്തിന് മുൻപാണ് ഒരു ബ്രസീലിയൻ താരത്തിന് അവസാനമായി ബാലൺ ഡി ഓർ ലഭിക്കുന്നത് .2007-ൽ എസി മിലാനൊപ്പം കാക്കയാണ് അവസാനമായി ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത അവാർഡ് നേടിയത്.എഫ്‌സി ബാഴ്‌സലോണയ്‌ക്കൊപ്പം യൂറോപ്യൻ ഫുട്ബോളിലേക്ക് നെയ്മർ ചുവടു വെച്ചപ്പോൾ ആ വരൾച്ച അവസാനിപ്പിക്കും എന്ന് ആരാധകർ കരുതിയെങ്കിലും അത് സാധിച്ചില്ല.

അദ്ദേഹം സ്പാനിഷ് ക്ലബ് വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് പോവുകയും ചെയ്തു. ഏഴു തവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസ്സിയുടെ നിഴലിൽ നിന്നും മാറുന്നതിനായാണ് നെയ്മർ ഫ്രാൻസിലേക്ക് മാറിയത്.എന്നാൽ പരിക്കുകളും മറ്റു പ്രശ്നനങ്ങളും ഒരു ബാലൺ ഡി ഓറിനായുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തി. റയൽ മാഡ്രിഡിനൊപ്പം മികച്ച പ്രകടനം നടത്തുന്ന വിനീഷ്യസ് ജൂനിയർ ഭാവിയിൽ ഇത് നേടും എന്ന് പലരും കരുതുന്നുണ്ട്.

എന്നാൽ മുൻ പിഎസ്ജി, ടോട്ടൻഹാം ഹോട്സ്പർ വിംഗർ ലൂക്കാസ് മൗറയെ സംബന്ധിച്ചിടത്തോളം ബ്രസീലിന്റെ ബാലൺ ഡി ഓർ വരൾച്ച അവസാനിപ്പിക്കാൻ ആ രണ്ടുപേർക്കും സാധിക്കില്ല.വ്യക്തിഗത അവാർഡ് ഉയർത്താൻ ഏറ്റവും സാധ്യത അയാക്സ് ഫോർവേഡ് ആന്റണിക്കാണെന്നാണ് അദ്ദേഹം പറയുന്നത്. അയാക്സിനൊപ്പം ഈ സീസണിൽ മികച്ച പ്രകടനമാണ് 22 കാരൻ നടത്തിയത്.

33 മത്സരങ്ങളിൽ പ്രത്യക്ഷപ്പെട്ട് 12 ഗോളുകളും പത്ത് അസിസ്റ്റുകളും നേടുകയും ചെയ്തു.ആംസ്റ്റർഡാമിൽ നിന്ന് വലിയ ട്രാൻസ്ഫറിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ് ആന്റണി.മൗറയുടെ സാധ്യതകൾ നിറവേറ്റണമെങ്കിൽ യൂറോപ്യൻ ഫുട്‌ബോളിലെ കൂടുതൽ പ്രമുഖ ക്ലബിലേക്കുള്ള നീക്കം ആന്റണിയുടെ അടുത്ത ഘട്ടമാണ്.22 കാരനായ ഫോർവേഡ് 2020 മുതൽ നെതർലാൻഡിലുണ്ട്. സാവോപോളയിൽ നിന്നാണ് താരം അയാക്സിലെത്തിയത്.

1995-ൽ യൂറോപ്യന്മാരല്ലാത്ത താരങ്ങൾ ഒരു യൂറോപ്യൻ ക്ലബിനായി കളിച്ചാൽ അവാർഡിന് അർഹത നേടുന്നതിന് യോഗ്യതാ നിയമങ്ങൾ മാറ്റിയതോടെ ലോക ഫുട്ബോളിലെ പ്രബല ശക്തിയായ ബ്രസീലിന്റെ ആധിപത്യം ബാലൺ ഡി ഓർ അവാർഡുകളിൽ കാണാൻ സാധിച്ചു. 1997 ൽ ബ്രസീലിയൻ സൂപ്പർ താരം റൊണാൾഡോ ബാലൺ ഡി ഓർ സ്വന്തമാക്കി. 1999 ൽ റിവാൾഡോയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ വ്യക്തിഗത അവാർഡിൽ മുത്തമിട്ടു. 2002 ൽ ബ്രസീലിനു വേൾഡ് കപ്പ് നേടികൊടുത്തതോടെ റൊണാൾഡോ രണ്ടാമതും അവാർഡിന് അർഹനായി മാറി.അതിനു ശേഷം 2005 ൽ ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കുമ്പോൾ റൊണാൾഡീഞ്ഞോയും 2007 കക്കയും അവാർഡ് കരസ്ഥമാക്കി.

Rate this post
Antonybalon d orNeymar jrVinicius Junior