എഫ്സി ബാഴ്സലോണയിലെ ഉറ്റസുഹൃത്തുക്കളായിരുന്നു സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും.ലോകത്തെ ഏറ്റവും അപകടകാരികളായ ത്രയമെന്ന് വിശേഷിപ്പിക്കപ്പെട്ട എംഎസ്എൻ ത്രയത്തിലെ പ്രധാനികളായിരുന്നു ഇരുവരും. എന്നാൽ 2017-ൽ നെയ്മർ ലോകറെക്കോർഡ് തുകക്ക് പിഎസ്ജിയിലേക്ക് തട്ടകംമാറി. നെയ്മറെ വിൽക്കാൻ തീരുമാനിച്ചത് മെസ്സിക്ക് അതൃപ്തി ഉണ്ടാക്കിയിരുന്നു. തുടർന്ന് മൂന്ന് വർഷങ്ങൾക്കിപ്പുറം മെസ്സിയുമിതാ ക്ലബ് വിടാനുള്ള തീരുമാനത്തിലാണ്.
എന്നാൽ തന്റെ ഉറ്റസുഹൃത്തായ മെസ്സിയെ പിഎസ്ജിയിലെത്തിക്കാൻ ശ്രമിക്കണമെന്ന് നെയ്മർ ക്ലബ് അധികൃതരോട് ആവിശ്യപ്പെട്ടതായാണ് ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും പുതിയ വാർത്തകൾ. ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് ഫുട്ബോൾ, സ്പാനിഷ് മാധ്യമമായ എഎസ്സ്, ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ എന്നിവരെല്ലാവരും തന്നെ ഈ വാർത്ത പുറത്തു വിട്ടിട്ടുണ്ട് എന്നുള്ളത് ഇതിന്റെ ആധികാരികത വർധിപ്പിക്കുന്നു. പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്ടർ ആയ ലിയനാർഡോയോടാണ് നെയ്മർ ഇക്കാര്യം നേരിട്ട് അറിയിച്ചത്.
മുമ്പ് പിഎസ്ജി ശ്രമം ഉപേക്ഷിച്ചതായി വാർത്തകൾ ഉണ്ടായിരുന്നു. അറ്റാക്കിങ്ങിൽ സൂപ്പർ താരങ്ങൾ നിലവിൽ ഉള്ളതും യുവേഫയുടെ ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങളുമൊക്കെയായിരുന്നു ഇതിന് തടസ്സമായി പിഎസ്ജി കണ്ടിരുന്നത്. എന്നാലിപ്പോൾ ലിയനാർഡോ വീണ്ടും ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട് എന്നാണ് ഈ മാധ്യമങ്ങൾ പറയുന്നത്. അതായത് ഇദ്ദേഹം മെസ്സിയെ പ്രതിനിധികളുമായി സംസാരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.
മെസ്സിയുടെ നിലവിലെ അവസ്ഥകളെ കുറിച്ചാണ് ലിയനാർഡോ ചോദിച്ചറിഞ്ഞത്. അതായത് മെസ്സിയെ സ്വന്തമാക്കാൻ ബാഴ്‌സക്ക് എത്ര നൽകേണ്ടി വരും? മെസ്സിക്ക് സാലറിയായി എത്ര നൽകേണ്ടി വരും? എത്ര വർഷത്തെ കരാറാണ് മെസ്സിക്ക് ആവിശ്യമായി വരിക എന്നീ കാര്യങ്ങളാണ് ലിയനാർഡോ മെസ്സിയുടെ പ്രതിനിധികളുമായി സംസാരിച്ചത്. ഒന്നിൽ കൂടുതൽ തവണ ഇവരെ ബന്ധപ്പെട്ടതായാണ് ഡെയിലി മെയിൽ അറിയിക്കുന്നത്. കൂടാതെ ഏറ്റവും കൂടുതൽ അന്വേഷിച്ചത് യുവേഫയുടെ റൂൾ തെറ്റിക്കാതെ എങ്ങനെ മെസ്സിയെ സ്വന്തമാക്കാം എന്നാണ്. ഏതായാലും സിറ്റിക്ക് ഒരു വെല്ലുവിളിയാവാൻ പിഎസ്ജിക്ക് കഴിഞ്ഞേക്കും.