പെറുവിനെതിരെ നടന്ന കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് വിജയം നേടാൻ ബ്രസീലിനു സാധിച്ചിരുന്നു. പെറുവിനെതിരെ ഹാട്രിക്കോടെ മികച്ച പ്രകടനം നടത്തിയത് നെയ്മർ ജൂനിയറായിരുന്നു. എന്നാൽ മികച്ച പ്രകടനം നടത്തിയ നെയ്മറിനെ അവഹേളിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പെറു പ്രതിരോധനിരതാരം കാർലോസ് സാംബ്രാനോ.
മികച്ച താരം തന്നെയാണെങ്കിലും നെയ്മർ ഒരു കോമാളിയാണെന്നാണ് സാംബ്രാനോയുടെ ആരോപണം. സൗത്ത് അമേരിക്കൻ ടീവി പ്രോഗ്രാമായ ലാ ബാൻഡ ഡെൽ ചിനോയിലാണ് കളിയിലെ നെയ്മറിന്റെ പെരുമാറ്റത്തിനെതിരെ തുറന്നടിച്ചത്. ഹാട്രിക്ക് നേടിയതോടെ ബ്രസീലിനു വേണ്ടി ഗോൾനേടിയവരുടെ പട്ടികയിൽ ഇതിഹാസതാരം റൊണാൾഡോ ഡി ലിമയെ മറികടന്നു രണ്ടാം സ്ഥാനത്തെത്താൻ നെയ്മറിന് സാധിച്ചിരുന്നു.
“സത്യം പറയുകയാണെങ്കിൽ നെയ്മർ മികച്ച താരം തന്നെയാണ്, ലോകത്തിലെ തന്നെ മികച്ച താരങ്ങളിലൊരാൾ. എങ്കിലും എനിക്ക് അദ്ദേഹം ശരിക്കും ഒരു കോമാളി മാത്രമാണ്. കളിക്കളത്തിൽ എന്താണ് കാണിക്കുന്നതെന്നെല്ലാം നെയ്മറിന് നല്ല ബോധ്യമുണ്ട്. അദ്ദേഹം മികച്ച താരമാണെങ്കിലും എല്ലായ്പ്പോഴും ചെറിയ ചെറിയ ഫൗളുകൾക്ക് വേണ്ടി ശ്രമിക്കുകയാണ് ചെയ്യുന്നത്. “
“പെനാൽറ്റി ബോക്സിൽ നാലും അഞ്ചും തവണയാണ് അദ്ദേഹം വീണത്. എന്നിട്ട് പെനാൽറ്റി റഫറി പെനാൽറ്റി നൽകുന്നുണ്ടോയെന്നു നോക്കും. ഒടുവിൽ അദ്ദേഹം അദ്ദേഹത്തിന്റെ ലക്ഷ്യം നേടിയെടുക്കുകയും ചെയ്തു. രണ്ടു പെനാൽറ്റികൾ ഗോളാക്കി മാറ്റി. പക്ഷെ അതു പെനാൽറ്റികളല്ലായിരുന്നു. അത് ബ്രസീൽ ആണ്. അവർ ആരെങ്കിലും ഒന്ന് തോറ്റാൽ അപ്പോൾ വീഡിയോ റഫറിയിങ്ങിനെ സമീപിക്കും. അതൊരു പോസിറ്റീവോ നെഗറ്റീവോ ആയ നീക്കാമാണെങ്കിലും അവർ വീഡിയോ ചിത്രങ്ങൾ പുനപരിശോധിക്കാൻ മുറവിളികൂട്ടും. കാരണം അവർ ബ്രസീലുകാർ ആണ്. ” സംബ്രാനോ കുറ്റപ്പെടുത്തി.