ലയണൽ സ്കലോണി തന്ത്രങ്ങൾ മാറ്റുന്നു, നിർണായകമായ രണ്ട് മാറ്റങ്ങൾ അടുത്ത മത്സരത്തിൽ നടത്തിയേക്കും !

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ വിജയം കൊയ്യാൻ അർജന്റീനക്ക്‌ സാധിച്ചിരുന്നുവെങ്കിലും ആരാധകർക്ക്‌ സംതൃപ്തി നൽകാൻ ആ മത്സരത്തിന് കഴിഞ്ഞിരുന്നില്ല എന്നതാണ് യാഥാർഥ്യം. സൂപ്പർ താരം ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിന്റെ ബലത്തിലാണ് സ്കലോണിയുടെ സംഘം ഇക്വഡോറിനെ വീഴ്ത്തിയത്.ഇനി ബൊളീവിയയെയാണ് അർജന്റീനക്ക്‌ നേരിടാനുള്ളത്.

ബൊളീവിയയുടെ മൈതാനമായ ലാ പാസിൽ വെച്ചാണ് മത്സരം നടക്കുക. ലോകത്തിലെ തന്നെ ഏറ്റവും ഉയരമേറിയ പ്രദേശത്തുള്ള സ്റ്റേഡിയങ്ങളിൽ ഒന്നാണ് ലാ പാസ്. എന്നിരുന്നാലും എന്ത് വിലകൊടുത്തും വിജയിക്കാനുള്ള തീരുമാനത്തിലാണ് സ്കലോണി. അതിനാൽ തന്നെ നിർണായകമായ രണ്ട് മാറ്റങ്ങളാണ് ഇക്വഡോറിനെതിരെയുള്ള മത്സരത്തിലെ ഇലവനിൽ നിന്നും സ്കലോണി വരുത്താൻ ഉദ്ദേശിക്കുന്നത്.

മധ്യനിരയിലും പ്രതിരോധനിരയിലുമാണ് മാറ്റങ്ങൾ വരുത്തുക. റൈറ്റ് ബാക്ക് പൊസിഷനിലാണ് ആദ്യത്തെ മാറ്റം വരിക. കഴിഞ്ഞ മത്സരത്തിൽ കളിച്ച ഗോൺസാലോ മോണ്ടിയേലിനെ സ്കലോണി പുറത്തിരുത്തിയേക്കും. പകരം വിയ്യാറയൽ താരം യുവാൻ ഫോയ്ത്തിനെയാണ് ഇറക്കാൻ ഉദ്ദേശിക്കുന്നത്. മോണ്ടിയേലിന് കരുതിയ പോലെ തിളങ്ങാൻ സാധിച്ചിരുന്നില്ല.

ഇനി രണ്ടാമത്തെ മാറ്റം മിഡ്‌ഫീൽഡിൽ ആണ്. പൂർണ്ണ ഫിറ്റ്‌ അല്ലാത്ത മാർക്കോസ് അക്യുനയെ പിൻവലിച്ചു ബെഞ്ചിലിരുത്തിയേക്കും.പകരം എഡാഡോ സാൽവിയോയെയായിരിക്കും പരിഗണിക്കുക. അതല്ലെങ്കിൽ നിക്കോളാസ് ഡോമിങ്കസ്, എസ്ക്കിയൽ പലാസിയോസ് എന്നിവരിൽ ഒരാളെ സ്കലോണി പരിഗണിച്ചേക്കും

Rate this post
ArgentinaScaloni