പി.എസ്.ജി സൂപ്പർ താരമായ കിലിയൻ എംബാപ്പയെ ടീമിലെത്തിക്കാനൊരുങ്ങി നിന്ന പ്രീമിയർ ലീഗ് വമ്പന്മാർ ഇപ്പോൾ ശ്രമം ഉപേക്ഷിച്ചിരിക്കുകയാണ്. ഫ്രഞ്ച് യുവതാരം ആവശ്യപ്പെട്ടത് ആഴ്ചയിൽ 6 ലക്ഷം പൗണ്ട്, ഇന്ത്യൻ രൂപയിലേക്ക് മാറ്റുകയാണെങ്കിൽ ഏകദേശം 6 കോടിയുടെ മുകളിൽ വരും. നിലവിലെ സാമ്പത്തിക-വേതന ഘടന തകർക്കാൻ സിറ്റി തയ്യാറല്ല, അതുകൊണ്ട് തന്നെ താരത്തെ ടീമിലെത്തിക്കാനുള്ള പദ്ധതികൾക്ക് അവസാനം കുറിച്ചിരിക്കുകയാണ് സിറ്റിയിപ്പോൾ.
പ്രമുഖ ഫുട്ബോൾ മാധ്യമ ഏജൻസിയായ ദി അത്ലറ്റിക് റിപ്പോർട്ട് ചെയ്തതു പ്രകാരം സിറ്റിയുടെ അർജന്റീന സ്ട്രൈക്കറായ സെർജിയോ അഗ്യൂറോയ്ക്ക് പകരക്കാരനെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ലീഗ് വണ്ണിൽ തകർപ്പൻ പ്രകടനം നടത്തുന്ന ഫ്രഞ്ച് യുവ താരവുമായി ടീം അധികൃതർ ബന്ധപ്പെട്ടത്. പക്ഷെ ഇപ്പോഴിതാ താരത്തിന്റെ ആവശ്യം കേട്ട് അമ്പരന്നിരിക്കുകയാണ് സിറ്റി.
റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സിറ്റി താരവുമായി നല്ല ബന്ധത്തിലാണെന്നാണ്. താരവുമായി കരാറിന്റെ കാര്യത്തിൽ ഒരു ധാരണയിൽ എത്താൻ സാധിക്കാത്തതിനാൽ സിറ്റിയിപ്പോൾ മറ്റു സ്ട്രൈക്കർമാരുമായി ചർച്ചകൾ നടത്തുകയാണ്.
ഈ സീസണിൽ 25 ഗോളുകളുമായി കുതിക്കുന്ന എംബാപ്പേ തകർപ്പൻ ഫോമിലാണ്, പക്ഷെ സിറ്റിയുടെ ഡ്രെസ്സിങ് റൂമിൽ വേതനത്തെ പറ്റി വരാനിരിക്കുന്ന പ്രശ്നങ്ങളെ പരിഗണിച്ചായിരിക്കണം ടീം അധികൃതർ പിന്നീട് താരവുമായി ബന്ധപ്പെടാതെയിരുന്നത്.