മൊറോക്കോയും പോർച്ചുഗലും തമ്മിലുള്ള ലോകകപ്പ് ക്വാർട്ടർ ഫൈനൽ മത്സരം അർജന്റീനയിൽ നിന്നുള്ള റഫറി നിയന്ത്രിച്ചതിനെ വിമർശിച്ച് പോർച്ചുഗൽ താരം ബ്രൂണോ ഫെർണാണ്ടസും. നേരത്തെ പ്രതിരോധതാരം പെപ്പെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ബ്രൂണോ ഫെർണാണ്ടസും ആരോപണവുമായി രംഗത്തു വന്നത്. പോർച്ചുഗലിൽ നിന്നൊരു റഫറി പോലും ലോകകപ്പിൽ ഇല്ലാത്തപ്പോൾ അർജന്റീനിയൻ റഫറി പോർച്ചുഗലിന്റെ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്നത് വിചിത്രമായ കാര്യമാണെന്നു പറഞ്ഞ ബ്രൂണോ ആദ്യ പകുതിയിൽ റഫറി ഒരു പെനാൽറ്റി അനുവദിക്കാതിരുന്നതും ചൂണ്ടിക്കാട്ടി.
ഫാകുണ്ടോ ടെല്ലോയെന്ന അർജന്റീനിയൻ റഫറിയാണ് മത്സരം നിയന്ത്രിച്ചത്. മത്സരം തീർന്നതോടെ ഇതിനെതിരെ പെപ്പെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം മെസി റഫറിമാർക്കെതിരെ സംസാരിച്ചതിനു പിന്നാലെ ഒരു അർജന്റീനിയൻ റഫറി പോർച്ചുഗലിന്റെ മത്സരം നിയന്ത്രിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്നു പറഞ്ഞ പെപ്പെ ഇങ്ങനെയാണെങ്കിൽ കിരീടം ഇപ്പോൾ തന്നെ അർജന്റീനക്ക് നൽകുകയാണ് നല്ലതെന്നും പറഞ്ഞിരുന്നു. ഇതിനെ പിന്തുണക്കുന്ന പ്രതികരണമാണ് ബ്രൂണോ ഫെർണാണ്ടസും നടത്തിയത്.
“എനിക്ക് പറയാനുള്ളത് ഞാൻ പറയും, അവർക്ക് പിന്നീട് ചെയ്യാനുള്ളത് ചെയ്യാം. ലോകകപ്പിൽ ഇപ്പോഴും തുടരുന്ന അർജന്റീനയിൽ നിന്നുമുള്ള ഒരു റഫറി മത്സരം നിയന്ത്രിക്കുന്നത് വിചിത്രമായ കാര്യമാണ്. പോർച്ചുഗലിൽ നിന്നൊരു റഫറി ഇവിടെയില്ല. ഞങ്ങളുടെ റഫറിമാർ ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ നിയന്ത്രിക്കാറുണ്ട്, അവർക്ക് ഇതുപോലത്തെ മത്സരം നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. എന്നാൽ അർജന്റീനിയൻ റഫറിമാർ ചാമ്പ്യൻസ് ലീഗിൽ ഉണ്ടാകാറില്ല. അവരെ ഇത്തരം മത്സരങ്ങൾ ഏൽപ്പിക്കരുത്, അതിനുള്ള കഴിവ് അവർക്കില്ല, അത് മത്സരത്തെ മുറുക്കമുള്ളതാക്കി.”
“ആദ്യപകുതിയിൽ എനിക്ക് പെനാൽറ്റി നൽകേണ്ടതു തന്നെയായിരുന്നു. ഞാൻ ഒറ്റക്കായിരുന്നു, ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കുന്ന അവസരങ്ങളിൽ എന്റെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ സ്വയം വീണിട്ടില്ല. ഗോളിലേക്ക് എളുപ്പത്തിൽ ഷൂട്ട് ചെയ്യാൻ കഴിയുന്ന അതുപോലൊരു സാഹചര്യത്തിൽ പ്രത്യേകിച്ചും. എന്നാൽ വീഡിയോ റഫറി പരിശോധിച്ച് ഒന്നും തന്നില്ല.” ബ്രൂണോ ഫെർണാണ്ടസ് മത്സരത്തിനു ശേഷം പറഞ്ഞു. മത്സരം പോർച്ചുഗൽ തോൽക്കാൻ റഫറിയിങ് കാരണമായി എന്നു തന്നെയാണ് താരം ചൂണ്ടിക്കാട്ടുന്നത്.
#POR Bruno Fernandes: "It is strange to say the least that there are no Portuguese referees in this tournament and that we are facing an Argentine referee in this match." #Qatar2022 pic.twitter.com/fCxAmwx3Ot
— M•A•J (@Ultra_Suristic) December 10, 2022
മത്സരത്തിൽ എതിരില്ലാതെ ഒരു ഗോളിനാണ് മൊറോക്കോ വിജയം നേടിയത്. പോർച്ചുഗലിന് അവസരങ്ങൾ ഉണ്ടായിരുന്നെങ്കിലും മൊറോക്കൻ പ്രതിരോധവും ഗോൾകീപ്പറും അതിനെ മികച്ച രീതിയിൽ തടഞ്ഞു നിർത്തി. വിജയം നേടി സെമി ഫൈനലിൽ എത്തിയതോടെ ലോകകപ്പിന്റെ സെമി ഫൈനൽ കളിക്കുന്ന ആദ്യത്തെ ആഫ്രിക്കൻ രാജ്യമെന്ന നേട്ടവും മൊറോക്കോ സ്വന്തമാക്കി.