ഡ്യൂറന്റ് കപ്പിൽ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോല്‍വി|kerala Blasters

ഡ്യൂറന്റ് കപ്പിൽ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോല്‍വി. ക ഒഡീഷ എഫ്‌സിയോട് രണ്ട് ഗോളിനാണ് തോറ്റത്. ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഐസക്ക്, സോള്‍ ക്രെസ്‌പോ എന്നിവരുടെ ഗോളുകളിലാണ് തോല്‍വി വഴങ്ങിയത്. ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ സുദേവ ഡല്‍ഹി എഫ്‌സിയുമായി സമനിലയായിരുന്നു ഫലം.

സുദേവയ്‌ക്കെതിരെ കളിച്ച രീതിയില്‍തന്നെയായിരുന്നു ഒഡീഷയ്‌ക്കെതിരെയും ബ്ലാസ്‌റ്റേഴ്‌സിന്റെ തുടക്കം. ഒഡീഷയുടെ മുന്നേറ്റങ്ങളെ ബോക്‌സിന് മുന്നില്‍ തടഞ്ഞു. പ്രത്യാക്രമണങ്ങള്‍ക്കുള്ള അവസരങ്ങള്‍ക്കായി കാത്തിരുന്നു. ആദ്യ ഘട്ടത്തില്‍ ഇരു ഭാഗത്തും ഗോള്‍ കീപ്പര്‍മാരെ പരീക്ഷിക്കുന്ന ശ്രമങ്ങളുണ്ടായില്ല. തുടര്‍ന്ന് ഒഡീഷയുടെ ഗോള്‍ശ്രമങ്ങളെ ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ സച്ചിന്‍ സുരേഷ് സമര്‍ഥമായി തടയിട്ടു. ആദ്യപകുതിയില്‍ ഒഡീഷയ്ക്കാണ് മികച്ച അവസരം കിട്ടിയത്. 35ാം മിനിറ്റില്‍ ജെറിയാണ് തുടക്കമിട്ടത്. ബോക്‌സിന്റെ വലതുഭാഗത്ത്‌നിന്ന് ഗോള്‍മുഖത്തേക്ക് മികച്ച ക്രോസ് കൊടുത്തു. കൃത്യം നന്ദകുമാറിന്. ഒഡീഷ താരത്തിന്റെ ഹെഡര്‍ സച്ചിന്‍ സുരേഷ് സൂപ്പര്‍ സേവിലൂടെ തടഞ്ഞു. പ്രതിരോധത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് തിളങ്ങി.

51ാം മിനിറ്റിലായിരുന്നു ഒഡീഷയുടെ ഗോള്‍. ഐസകിന്റെ കരുത്തുറ്റ ഷോട്ട് സച്ചിന്‍ സുരേഷിനെ മറികടന്നു. പകരക്കാരനായെത്തിയ ദ്യേഗോ മൗറീസിയോ ആണ് അവസരമൊരുക്കിയത് . വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ മൗറീസിയോ ഗോള്‍മുഖത്തേക്ക് ക്രോസ് തൊടുത്തു. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരങ്ങള്‍ക്കിടയില്‍നിന്ന് ഐസക് വലകുലുക്കി. 74 ആം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് രണ്ടാംഗോള്‍ വഴങ്ങി. കോര്‍ണറില്‍നിന്നുള്ള പന്ത് അടിച്ചൊഴിവാക്കാനുള്ള പ്രതിരോധത്തിന്റെ ശ്രമം പാളി. പന്ത് ഒസാമ മാലിക്കിന്. ഹെഡര്‍ ബോക്‌സിലേക്ക്. ഒഴിഞ്ഞുനില്‍ക്കുകയായിരുന്ന ക്രെസ്‌പോ അനായാസം പന്ത് വലയിലാക്കി. രണ്ട് ഗോള്‍ ലീഡ് നേടിയതോടെ കളിയില്‍ ഒഡീഷ പൂര്‍ണമായും നിയന്ത്രണം നേടി.

തിരിച്ചടിക്കാനുള്ള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങളെ അവര്‍ തടയുകയും ചെയ്തു. 89ാം മിനിറ്റില്‍ മുഹമ്മദ് അസ്ഹറിന്റെ മികച്ച ശ്രമം നേരിയ വ്യത്യാസത്തില്‍ പുറത്തുപോയി. ബോക്‌സിന് പുറത്തുനിന്നുള്ള ലോങ് റേഞ്ചര്‍ പോസ്റ്റിന് അരികിലൂടെ പറന്നു. വഴികള്‍ ഒന്നും പിന്നെ ബ്ലാസ്‌റ്റേഴ്‌സിന് തുറന്നുകിട്ടിയില്ല. അവസാന നിമിഷം സച്ചിന്‍ സുരേഷിന്റെ മറ്റൊരു കൃത്യമായ ഇടപെടല്‍ ബ്ലാസ്‌റ്റേഴ്‌സിനെ രക്ഷിച്ചു. പിന്നാലെ ഗൗരവിന് പകരം അല്‍കേഷ് ഇറങ്ങി. 27ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

Rate this post
Kerala Blasters