കൃത്യം നാല് വർഷങ്ങൾക്ക് മുന്നേ അർജന്റീനയുടെ അമരക്കാരനായി സ്‌കലോണിയെത്തി, പിന്നീട് നടന്നത് ചരിത്രം|Lionel Scaloni

2018ലെ റഷ്യൻ വേൾഡ് കപ്പ് അർജന്റീനയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം മധുരമുള്ള ഓർമ്മകളായിരുന്നില്ല. വേൾഡ് കപ്പിൽ നിന്നും പുറത്തായതോടുകൂടി പരിശീലകനായ ജോർഗെ സാംപോളിയുടെ സ്ഥാനവും നഷ്ടമായി. ഇനി അർജന്റീനയെ രക്ഷിക്കാൻ ആര് വരുമെന്നുള്ളതായിരുന്നു ആരാധകരെ ഏറെ അലട്ടിയിരുന്ന ചോദ്യം.ലയണൽ സ്‌കലോണിയെന്ന പരിശീലകൻ ടീമിന്റെ താൽക്കാലിക കോച്ചായിക്കൊണ്ട് ചുമതലക്കുമ്പോഴും ആർക്കും വലിയ പ്രതീക്ഷകളൊന്നും ഇല്ലായിരുന്നു.

ഇന്നേക്ക് കൃത്യം നാലു വർഷങ്ങൾക്കു മുന്നേ, അതായത് 2018ലായിരുന്നു സ്‌കലോണിയുടെ അർജന്റീന ആദ്യമായി കളത്തിലിറങ്ങിയത്. ഒരു യുഗത്തിന്റെ തുടക്കമായിരുന്നു അന്ന് സംഭവിച്ചത്. ഗ്വാട്ടിമാലക്കെതിരെ നടന്ന മത്സരത്തിൽ സ്‌കലോണിയുടെ അർജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചു കയറിയത്.പിറ്റി മാർട്ടിനസ്,ലോ സെൽസോ,ജിയോ സിമയോണി എന്നിവരായിരുന്നു അർജന്റീനയുടെ ഗോളുകൾ നേടിയത്.

അവിടെനിന്നാണ് പുതിയ ചരിത്രത്തിന്റെ രചന ആരംഭിക്കുന്നത്. പിന്നീട് സ്‌കലോണി അർജന്റീനയുടെ സ്ഥിര പരിശീലകനായി മാറി. ടീമിനെ ആ മനുഷ്യൻ പുനർ നിർമ്മിച്ചു. ഒരു ഇടവേളക്കുശേഷം മെസ്സി കൂടി എത്തിയതോടെ അർജന്റീന കൂടുതൽ ഊർജ്ജസ്വലമായി. 2019 ലെ കോപ്പ അമേരിക്ക സെമിയിൽ ബ്രസീലിനോട് പരാജയപ്പെട്ടെങ്കിലും ഈ ടീമിൽ തനിക്ക് വിശ്വാസമുണ്ടെന്ന് ലയണൽ മെസ്സി പറഞ്ഞത് സ്‌കലോണിയുടെ പ്രയത്നത്തിന്റെ ഫലമായിരുന്നു. ഒടുവിൽ അർജന്റീനയുടെ കിരീടമില്ല ശാപത്തിന് അറുതി വരുത്താൻ സ്‌കലോണിക്ക് കഴിഞ്ഞു. ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് കോപ്പ അമേരിക്ക കിരീടം നേടിയതോടെ ഈ യുഗം ലാ സ്‌കലോനേറ്റ എന്നറിയപ്പെട്ടു.

പിന്നീട് നടന്ന ഫൈനലിസിമയിൽ ഇറ്റാലിയൻ പ്രതിരോധക്കോട്ട അർജന്റീനക്ക് മുന്നിൽ തകർന്ന് തരിപ്പണമായി. അർജന്റീനയുടെ അപരാജിത കുതിപ്പിന് ഇന്നേവരെ തടയിടാൻ ആർക്കും കഴിഞ്ഞിട്ടില്ല. ഒരു തോൽവിയറിഞ്ഞിട്ട് അർജന്റീന ഇപ്പോൾ മൂന്നു വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു.33 മത്സരങ്ങളായി അർജന്റീന പരാജയം അറിഞ്ഞിട്ടില്ല.

ആകെ 47 മത്സരങ്ങളാണ് അർജന്റീന ഇദ്ദേഹത്തിന് കീഴിൽ കളിച്ചത്.31 വിജയങ്ങൾ,12 സമനിലകൾ, നാല് പരാജയങ്ങൾ, 84 ഗോളുകൾ നേടിയപ്പോൾ 27 ഗോളുകൾ വഴങ്ങി. ഇതൊക്കെയാണ് സ്‌കലോണിയുടെ അർജന്റീനയുടെ കണക്കുകൾ. ഫിഫ റാങ്കിങ്ങിൽ അർജന്റീനയെ ബഹുദൂരം മുന്നിലേക്ക് കൊണ്ടുവരാൻ ഈ പരിശീലകന് കഴിഞ്ഞു എന്നുള്ളത് മറക്കാൻ പാടില്ല.

ഇനി മുന്നിലുള്ളത് ഖത്തർ വേൾഡ് കപ്പ് എന്ന വലിയ ലക്ഷ്യമാണ്.സ്‌കലോണിയും സംഘവും തങ്ങളുടെ മാന്ത്രികത അവിടെ തുടരുമെന്നുള്ള പ്രതീക്ഷയിലാണ് ഓരോ അർജന്റീന ആരാധകനുമുള്ളത്.

Rate this post