ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശം സീസണോടെ സൂപ്പർ താരത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വരുമോ?|Cristiano Ronaldo

ഈ സീസണിന്റെ തുടക്കം മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ തീവ്രമായി ആഗ്രഹിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബിന്റെ ആദ്യ ഇലവനിലേക്ക് എത്താൻ പാടുപെടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. 37 കാരന്റെ മുൻ കാല സീസണിൽ നിന്നും വ്യത്യസ്തമായ തുടക്കമാണ് ഇത്തവണ ലഭിച്ചത്.

സമ്മർ ട്രാൻസ്ഫർ വിൻഡോ മുഴുവൻ തിരഞ്ഞെങ്കിലും ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ഒരു ക്ലബ് കണ്ടെത്താൻ റൊണാൾഡോക്ക് സാധിച്ചില്ല.മറ്റൊരു സീസണിൽ കൂടി യുണൈറ്റഡിൽ തുടരുകയല്ലാതെ മറ്റൊരു മാർഗവുമില്ലാതെയായി. കഴിഞ്ഞ ദിവസം യൂറോപ്പ ലീഗിലെ ഗ്രൂപ്പ് പോരാട്ടത്തിൽ റയൽ സോസിഡാഡിനെതിരെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചെങ്കിലും ഗോളുകൾ ഒന്നും നേടാൻ സാധിച്ചില്ല. മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോളിന് പരാജയപെട്ടു.ഈ സീസണിലെ തുടർച്ചയായ ഏഴാം മത്സരത്തിലും റൊണാൾഡോയ്ക്ക് ഗോൾ കണ്ടെത്താനായില്ല.റൊണാൾഡോ ഇല്ലാതിരുന്നപ്പോൾ തുടർച്ചയായി നാലു മത്സരങ്ങളിലും ജയിച്ച ടീം റൊണാൾഡോ വന്നതോടെ പരാജയപ്പെടുന്നത് ആണ് ഇന്നലെ കാണാൻ ആയത്.

സ്പാനിഷ് ടീമിനെതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം നിരാശാജനകമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അവസാന 5 മത്സരങ്ങളിൽ ആദ്യമായി റൊണാൾഡോ യുണൈറ്റഡിന്റെ സ്റ്റാർട്ടിംഗ് ലൈനപ്പിലേക്ക് തിരിച്ചെത്തിയ മത്സരം കൂടിയായിരുന്നു ഇത്.പോർച്ചുഗീസ് സൂപ്പർതാരത്തിന് വളരെയധികം വെല്ലുവിളി നിറഞ്ഞ മത്സരമായിരുന്നു ഇന്നലെ നടന്നത്. ഗോൾ നേടാൻ അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും മുതലാക്കാൻ സാധിച്ചില്ല. ഗോളിന് മുന്നിൽ തന്റെ പ്രതാപകാലത്തിന്റെ നിഴൽ മാത്രമായിരുന്നു 37 കാരൻ.46-ാം മിനിറ്റിൽ ഫെർണാണ്ടസ് സോസിഡാഡ് ബോക്സിലേക്ക് നൽകിയ ക്രോസ് ടൈം തെറ്റിച്ച ഹെഡ്ഡറിലൂടെ റൊണാൾഡോ ഗോളിന് പുറത്തേക്ക് പായിച്ചു.ഇത് താരതമ്യേന എളുപ്പമുള്ള അവസരമായിരുന്നു, പ്രത്യേകിച്ച് ഏറ്റവും മികച്ച ഹെഡ്ഡർമാരിൽ ഒരാളായി പരക്കെ പ്രശംസിക്കപ്പെടുന്ന താരത്തിന്.

ഇന്നലെ റൊണാൾഡോ ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് പോലും അടിക്കുന്നതിൽ പരാജയപെട്ടു.ആറ് ഏരിയൽ ഡ്യുവലുകളിൽ അഞ്ചെണ്ണം നഷ്ടമായി,രണ്ട് ക്രോസ്സുകൾ കൊടുത്തതും നഷ്ടപ്പെടുത്തി,ഒമ്പത് തവണ പൊസഷൻ വിട്ടുകൊടുത്തു, നാല് തവണ ഓഫ്‌സൈഡ് ആവുകയും ചെയ്തു.പ്രായത്തെ വെല്ലുന്ന ഫിറ്റ്‌നസിന് പേരുകേട്ട റൊണാൾഡോ ഈ സീസണിൽ എതിരാളികൾക്കൊപ്പം നിൽക്കാൻ പാടുപെടുന്ന കാഴ്ചയാണ് കണ്ടത്.ടെൻ ഹാഗിനായി താരങ്ങൾ അവരുടെ 100% നൽകുമ്പോൾ റൊണാൾഡോയിൽ നിന്ന് അങ്ങനെയിരു പ്രകടനം കാണാൻ ആയില്ല.

റൊണാൾഡോയെ ബെഞ്ചിൽ ഇരുത്താനുള്ള ടെൻ ഹാഗിന്റെ തീരുമാനം ശരിയാണെന്ന് ഇതിലൂടെ മനസ്സിലാക്കേണ്ടി വരും. യുണൈറ്റഡിന്റെ മുന്നേറ്റനിരയിൽ ഒരു സ്‌ട്രൈക്കറുടെ റോളിൽ റൊണാൾഡോ ഫലപ്രദനല്ലെന്ന് തെളിയിച്ച മത്സരം കൂടിയായിരുന്നു ഇത്.മാർക്കസ് റാഷ്ഫോർഡിനേയോ ആന്റണി മാർഷ്യലിനെപ്പോലെയോ ഡീപ് പാസുകൾ സ്വീകരിക്കാൻ കഴിയുന്ന ഒരു ഫോർവേഡ് പങ്കാളിയുണ്ടെങ്കിൽ, റൊണാൾഡോയ്ക്ക് മികച്ച പ്രകടനം പുറത്തെടുക്കാനാകും.

സോസിഡാഡിനെതിരായ റൊണാൾഡോയുടെ പ്രകടനം ടെൻ ഹാഗിന്റെ സിസ്റ്റത്തിൽ ആരംഭിക്കാൻ താൻ തയ്യാറല്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു.പ്രതിസന്ധി ഘട്ടം മറികടന്ന് ടെൻ ഹാഗിന്റെ ആദ്യ ഇലവനിലേക്ക് റൊണാൾഡോ എത്തുമോ അതോ ബെഞ്ചിൽ തന്നെ ഇരുന്നു സീസൺ അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ആരാധകർ.തന്റെ ഫുട്ബോൾ ജീവിതത്തിലെ ഏറ്റവും മോശം സീസണോടെ സൂപ്പർ താരത്തിന് കരിയർ അവസാനിപ്പിക്കേണ്ടി വരുമോ എന്ന് കണ്ടറിഞ്ഞു കാണേണ്ടി വരും.

ലിസാൻഡ്രോ മാർട്ടിനെസ് വഴങ്ങിയ പെനാൽറ്റിയാണ് സ്പാനിഷ് ടീമിന് അനുകൂലമായി നൽകിയത്. സോസിഡാഡിന് പെനാൽറ്റി നൽകാനുള്ള തീരുമാനത്തിൽ ബ്രൂണോ ഫെർണാണ്ടസും ഹാരി മഗ്വെയറും ഉൾപ്പെടെയുള്ള യുണൈറ്റഡ് താരങ്ങൾ കടുത്ത പ്രതിഷേധത്തിലായിരുന്നു. കാലിൽ നിന്ന് തെറിച്ച പന്ത് മാർട്ടിനെസിന്റെ കൈയിൽ തട്ടിയെന്നും അതിനാൽ പെനാൽറ്റി ആകാൻ പാടില്ലായിരുന്നുവെന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ വാദിച്ചു. വിഷയത്തിൽ VAR-നോട് കൂടിയാലോചിക്കുകയും പെനാൽറ്റി നൽകാനുള്ള തീരുമാനം റഫറി നിലനിർത്തുകയും ചെയ്തു.

Rate this post