ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിന്റെ മധ്യനിര താരം ഡോണി വാൻ ഡി ബീക്കിനെ ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്. തന്റെ അരങ്ങേറ്റമത്സരത്തിൽ തന്നെ ഗോൾ കണ്ടെത്താൻ വാൻ ഡി ബീക്കിന് സാധിച്ചിരുന്നു. എന്നാൽ പിന്നീട് താരത്തിന് വേണ്ട വിധത്തിലുള്ള അവസരങ്ങൾ ലഭിച്ചില്ല എന്നുള്ളതാണ് യാഥാർഥ്യം. ഫ്രഡും ബ്രൂണോയും മാറ്റിച്ചും പോഗ്ബയുമൊക്കെ മധ്യനിരയിലെ നിറസാന്നിധ്യങ്ങളായിരുന്നു.
എന്നാൽ ഇനിയും മധ്യനിര താരങ്ങളെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇത്തവണ എസി മിലാൻ താരത്തെയാണ് നോട്ടമിട്ടിരിക്കുന്നത്. മിലാന്റെ തുർക്കിഷ് താരം ഹക്കാൻ കൽഹനോഗ്ലുയെയാണ് ഇപ്പോൾ റെഡ് ഡെവിൾസ് നോട്ടമിട്ടിരിക്കുന്നത്. ഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2021 വരെയാണ് താരത്തിന് മിലാനുമായി കരാറുള്ളത്. എന്നാൽ താരം ഇത് പുതുക്കാനുള്ള സാധ്യത കുറഞ്ഞു വരികയാണ്.
കരാർ പുതുക്കണമെങ്കിൽ 6.5-7 മില്യൺ യൂറോ വാർഷികവേതനമായി വേണമെന്നാണ് താരത്തിന്റെ ഏജന്റ് ആവിശ്യപ്പെട്ടിരിക്കുന്നത്. നിലവിൽ സ്ലാട്ടനും ഡോണ്ണറുമ്മയുമാണ് ഈ വേതനം പറ്റുന്നവർ. നിലവിലെ അവസ്ഥയിൽ അത് സാധിക്കില്ലെന്ന് മിലാൻ പറഞ്ഞതോടെ താരം പുതിയ ക്ലബ് അന്വേഷിച്ചു തുടങ്ങുയായിരുന്നു. ഇതോടെയാണ് ഇരുപത്തിയാറുകാരനായ താരത്തിന് വേണ്ടി മാഞ്ചസ്റ്റർ രംഗപ്രവേശനം ചെയ്തത്.
താരത്തിന് ഈ ജനുവരി ട്രാൻസ്ഫറിൽ ക്ലബുമായി കരാറിലെത്താൻ കഴിയും. തുടർന്ന് സീസണിന്റെ അവസാനം ഫ്രീ ഏജന്റ് ആയി കൊണ്ട് ചേക്കേറാൻ കഴിയും. 2017 സമ്മറിൽ ബയേർ ലെവർകൂസനിൽ നിന്നായിരുന്നു 23.2 മില്യൺ യൂറോക്ക് താരം മിലാനിൽ എത്തിയത്.