ഈ വരുന്ന സീസണിലേക്ക് ഒരു പ്രതിരോധനിര താരത്തെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ മാഞ്ചസ്റ്റർ സിറ്റി എന്നേ ആരംഭിച്ചതാണ്. നാപോളിയുടെ കൂലിബലിയായിരുന്നു സിറ്റി ഏറ്റവും കൂടുതൽ ലക്ഷ്യം വെച്ച താരം. എന്നാൽ നാപോളി ആവിശ്യപ്പെടുന്ന വമ്പൻ തുക നൽകാൻ സിറ്റി വിസമ്മതിച്ചതോടെ ആ ചർച്ചകൾ വഴിമുട്ടി കിടക്കുകയാണ്. തുടർന്നാണ് സിറ്റി സെവിയ്യയുടെ ഹൂലെസ് കൗണ്ടെയെ നോട്ടമിടുന്നത്.
എന്നാൽ ഇരുപത്തിമൂന്നുകാരനായ താരത്തിന്റെ കാര്യത്തിലും സിറ്റിക്ക് നിരാശ തന്നെയാണ് ഫലം. 65 മില്യൺ പൗണ്ടോളമാണ് താരത്തിന്റെ വിലയായി കണക്കാക്കുന്നത്. ഈ ട്രാൻസ്ഫറും നടക്കാനുള്ള സാധ്യത കുറവാണ് എന്ന് കണ്ടതോടെ സിറ്റി മറ്റൊരു താരത്തിലേക്ക് തിരിഞ്ഞിരിക്കുകയാണ്. ബെൻഫിക്കയുടെ പോർച്ചുഗീസ് സൂപ്പർ താരം റൂബൻ ഡയസിനെയാണ് ഇപ്പോൾ സിറ്റി കണ്ടുവെച്ചിരിക്കുന്നത്. താരത്തിന് നിലവിൽ അൻപത് മില്യൺ പൗണ്ടാണ് ബെൻഫിക്ക വിലയിട്ടിരിക്കുന്നത്.
87 മില്യൺ പൗണ്ടാണ് താരത്തിന്റെ റിലീസ് ക്ലോസായിട്ട് വരുന്നത്. മാത്രമല്ല താരത്തിന് ബെൻഫിക്കയുമായി 2024 വരെ കരാറുമുണ്ട്. പക്ഷെ താരത്തെ ബെൻഫിക്ക വിൽക്കാൻ ആലോചിക്കാനുള്ള പ്രധാനകാരണം കോവിഡ് മൂലമുള്ള ക്ലബ്ബിന്റെ സാമ്പത്തികപ്രശ്നങ്ങൾ തന്നെയാണ്. ഇതിനാൽ തന്നെയാണ് താരത്തിന്റെ വില അൻപത് മില്യണായി ബെൻഫിക്ക കുറച്ചതും. എന്നാൽ മറ്റൊരു നീക്കത്തിനാണ് നിലവിൽ സിറ്റി ഒരുങ്ങുന്നത്. ഒരു കൈമാറ്റകച്ചവടമാണ് സിറ്റി നടത്താൻ ഉദ്ദേശിച്ചിരിക്കുന്നത്.
സിറ്റിയുടെ അർജന്റൈൻ ഡിഫൻഡർ ഓട്ടമെൻഡിയെ ഡീലിൽ ഉൾപ്പെടുത്താനാണ് സിറ്റിയുടെ ശ്രമം. താരത്തെ വിൽക്കാൻ തന്നെയാണ് നിലവിൽ സിറ്റി ആലോചിക്കുന്നത്. എന്നാൽ ബെൻഫിക്ക ഇതിനോട് പ്രതികരിച്ചിട്ടില്ല. പോർച്ചുഗൽ താരത്തിൽ പെപ് ഗ്വാർഡിയോളക്ക് അതീവതാല്പര്യമുണ്ട്. കഴിഞ്ഞ സീസണിൽ രാജ്യത്തിനും ക്ലബ്ബിനും വേണ്ടി 49 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഏതായാലും സിറ്റിയുടെ ശ്രമങ്ങൾ വരും ദിവസങ്ങളിൽ ശക്തിപ്പെട്ടേക്കും.