ഈ ട്രാൻസ്ഫർ ജാലകത്തിൽ ആഴ്‌സണൽ വിറ്റൊഴിവാക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ ഒരാളാണ് മെസ്യൂട് ഓസിൽ. കോവിഡ് പ്രശ്നം മൂലം സാമ്പത്തികപ്രതിസന്ധി അനുഭവിക്കുന്ന ആഴ്‌സണൽ കൂടുതൽ താരങ്ങളെ വിൽക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മാത്രമല്ല താരത്തിന്റെ സാലറി വളരെയധികമാണെന്നും താരത്തെ മറ്റു ക്ലബുകൾക്ക് കൈമാറിയാൽ അത് ലഭിക്കാമെന്നുമാണ് ആഴ്‌സണലിന്റെ കണക്കുകൂട്ടലുകൾ.മാത്രമല്ല, ക്ലബ് വിടാൻ താരത്തിന് ആഴ്‌സണൽ പണം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ ക്ലബ് വിടുന്ന പ്രശ്നമില്ലെന്ന് അറിയിച്ചിരിക്കുകയാണ് ഓസിൽ. എന്തൊക്കെ സംഭവിച്ചാലും താൻ ഇവിടെ തുടരുമെന്നും വിവാദങ്ങളിലൂടെ തന്നെ തകർക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നുമാണ് അദ്ദേഹം അറിയിച്ചത്. കൂടാതെ ഞാൻ എവിടെക്ക് പോവണമെന്ന കാര്യം താനാണ് തീരുമാനിക്കുന്നതെന്നും മറ്റുള്ളവർക്ക് അധികാരമില്ലെന്നും ഓസിൽ അറിയിച്ചു. 2018 ഫെബ്രുവരിയിൽ ആണ് ഓസിൽ അവസാനമായി കരാർ പുതുക്കിയത്. മൂന്നര വർഷത്തേക്കാണ് ക്ലബ് അന്ന് താരവുമായി കരാറിൽ എത്തിയത്. അതായത് 2021 ജൂൺ മുപ്പതിനാണ് താരത്തിന്റെ കരാർ അവസാനിക്കുക.
” എന്റെ നിലപാട് വ്യക്തമാണ്. എന്റെ കരാർ പ്രകാരമുള്ള അവസാനദിവസം വരെ ഞാൻ ഇവിടെ തുടരും. എന്നെകൊണ്ട് കഴിയുന്നതെല്ലാം ക്ലബിന് ഞാൻ സംഭാവന ചെയ്യുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങൾക്ക് എന്നെ തകർക്കാൻ കഴിയില്ല. അത് എന്നെ കൂടുതൽ കരുത്തനാക്കുകയാണ് ചെയ്യുക. ഞാൻ അത് മുൻപേ തെളിയിച്ചതാണ്. ഞാൻ ശക്തമായി തന്നെ തിരിച്ചു വരിക തന്നെ ചെയ്യൂ. ഒരിക്കൽ കൂടി ടീമിന് വേണ്ടി നല്ല രീതിയിൽ കളിക്കുകയും ചെയ്യും ” ഓസിൽ തുടർന്നു.
” ഞാൻ എവിടേക്കാണ് പോവേണ്ടതെന്ന് ഞാൻ തീരുമാനിക്കും. അത് മറ്റുള്ള ആളുകൾ അല്ല തീരുമാനിക്കുന്നത്. ഞാൻ രണ്ടോ മൂന്നോ വർഷത്തിന് വേണ്ടിയല്ല കരാറിൽ ഒപ്പിട്ടത്. നാലു വർഷത്തിനാണ്. അത് വരെ ഇവിടെ തുടരുക തന്നെ ചെയ്യും. കാര്യങ്ങൾ ബുദ്ധിമുട്ടേറിയ അവസ്ഥയിലൂടെയാണ് കടന്നു പോവുന്നത് എന്നറിയാം. പക്ഷെ ഞാൻ ആഴ്‌സണലിനെ സ്നേഹിക്കുന്നുണ്ട്. ഇതെന്റെ വീടാണ്. എന്റെ അവസാനത്തെ വർഷമാണ് ഈ വരാൻ പോവുന്നത്. എനിക്കറിയാം എനിക്ക് കളിക്കാൻ അവസരങ്ങൾ ഉണ്ടാവില്ലെന്ന്. പക്ഷെ ഞാൻ പരിശീലിക്കും. എന്നെ കൊണ്ട് സാധ്യമാവുന്നതെല്ലാം ചെയ്യും ” ഓസിൽ അത്ലറ്റികിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.