ഈ സീസണിലേക്കുള്ള യൂറോപ്പ ലീഗിന്റെ സ്ക്വാഡിൽ നിന്നും പ്രീമിയർ ലീഗിന്റെ സ്ക്വാഡിൽ നിന്നും സൂപ്പർ താരം മെസ്യൂട്ട് ഓസിലിനെ ആഴ്സണൽ പരിശീലകൻ ആർട്ടെറ്റ തഴഞ്ഞിരുന്നു. ഇതോടെ ഈ സീസണിൽ താരത്തിന് കളിക്കാനുള്ള അവസരങ്ങൾ ഇല്ലാതായി എന്ന് വേണം പറയാൻ. തുടർന്നും ഓസിലും അദ്ദേഹത്തിന്റെ ഏജന്റും ക്ലബിനെതിരെയും ആർട്ടെറ്റക്കെതിരെയും രൂക്ഷവിമർശനമുയർത്തിയിരുന്നു.
ഈ വിമർശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണിപ്പോൾ ഗണ്ണേഴ്സ് പരിശീലകൻ. ഓസിലിനെ ഒഴിവാക്കിയത് ക്ലബ്ബിന്റെ നല്ലതിന് വേണ്ടിയാണ് എന്നാണ് ഇദ്ദേഹത്തിന്റെ അവകാശവാദം. താൻ തനിക്ക് കഴിയാവുന്നത്ര അവസരങ്ങൾ ഓസിലിന് നൽകിയെന്നും ഇനി എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് താനാണെന്നുമാണ് ആർട്ടെറ്റ പറഞ്ഞത്. കഴിഞ്ഞ ദിവസം സ്കൈ സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
” എനിക്ക് പറയാനുള്ളത് എന്തെന്നാൽ ഞാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നാണ്. അദ്ദേഹത്തിന് നൽകാൻ കഴിയുന്ന അത്രയും അവസരങ്ങൾ ഞാൻ നൽകിയിട്ടുണ്ട്. ഞാൻ വളരെ ക്ഷമയോട് കൂടിയാണ് അദ്ദേഹത്തിന് അവസരങ്ങൾ നൽകിയത്. ക്ലബ്ബിനൊപ്പമുള്ള താരമാണ് ഓസിൽ. കഴിഞ്ഞ കുറച്ചു സീസൺകളിലെ പ്രധാനപ്പെട്ട താരമാണ്. ഞാൻ അതിനെ ബഹുമാനിക്കുന്നു. പക്ഷെ ഇവിടെ തീരുമാനമെടുക്കുന്നത് ഞാനാണ്. ഞാൻ ക്ലബ്ബിന്റെ നല്ലതിന് വേണ്ടിയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ” ആർട്ടെറ്റ തുടർന്നു.
” ഞാൻ എപ്പോഴും ക്ലബ്ബിന്റെ നല്ലതിന് വേണ്ടി മാത്രമാണ് തീരുമാനങ്ങൾ എടുക്കുക. ഞാൻ ഇക്കാര്യം ആരാധകരോട് വിവരിക്കാൻ ശ്രമിക്കാറുമുണ്ട്. എന്നെ അംഗീകരിക്കാതിരിക്കുന്നതോ വിശ്വസിക്കാതിരിക്കുന്നതോ എനിക്ക് പ്രശ്നമല്ല. ഞാൻ എന്റേതായ തീരുമാനങ്ങൾ എടുക്കും. എനിക്കെന്റെ തീരുമാനങ്ങൾ എടുത്തേ മതിയാകൂ. എന്റെ ഹൃദയം കൊണ്ടും എന്റെ തലച്ചോറ് കൊണ്ടും ശരിയായ തീരുമാനങ്ങൾ എടുക്കാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നിട്ട് ആ തീരുമാനങ്ങളിൽ ഞാൻ വിശ്വസിക്കുകയും ചെയ്യുന്നു ” ആർട്ടെറ്റ പറഞ്ഞു.