മുൻ ജർമൻ താരമായ മെസൂദ് ഓസിലിന്റെ ആഴ്സനൽ കരിയർ അവസാനിച്ചുവെന്ന സൂചനകൾ ശക്തമാകുന്നു. ആഴ്സനലിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായ ഓസിൽ അർടേട്ടയുടെ ഏറ്റവും പുതിയ പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്നും പുറത്തായെന്നാണ് ഇപ്പോൾ പുറത്തു വന്ന വിവരം. ഇഎസ്പിഎന്നാണ് ഇരുപത്തിയഞ്ചംഗ സ്ക്വാഡിൽ നിന്നും ഓസിൽ പുറത്തായെന്നു റിപ്പോർട്ടു ചെയ്തത്.
തന്റെ പദ്ധതികൾക്ക് ഓസിൽ അനുയോജ്യനല്ലെന്ന് പരിശീലകൻ അർടേട്ട കണ്ടെത്തിയതിനു ശേഷം മാസങ്ങളോളമായി ടീമിൽ നിന്നു പുറത്താണ് ഓസിൽ. അതിനു ശേഷം പകരക്കാരനായി പോലും ഇതു വരെയും ഒരു മത്സരത്തിൽ പോലും താരം കളത്തിലിറങ്ങിയിട്ടില്ല. ഇതിനു പിന്നാലെയാണ് പ്രീമിയർ ലീഗ് സ്ക്വാഡിൽ നിന്നും താരം പുറത്തായെന്ന റിപ്പോർട്ടുകൾ വരുന്നത്.
തന്റെ പദ്ധതികൾക്ക് അനുയോജ്യനല്ലെന്നു കണ്ടെത്തിയതിനെ തുടർന്ന് താരത്തോട് മറ്റു ക്ലബുകൾ കണ്ടെത്താൻ അർടേട്ട ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഴ്സനലിൽ തന്നെ തുടർന്ന് ടീമിലിടം പിടിക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിൽ താരം തുടരുകയായിരുന്നു. പുതിയ തീരുമാനം ശരിയാണെങ്കിൽ ജനുവരിയിൽ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.
ഈ സീസണോടെ ആഴ്സനലുമായുള്ള ഓസിലിന്റെ കരിയർ അവസാനിക്കുകയാണ്. അതു കൊണ്ടു തന്നെ ചെറിയ ട്രാൻസ്ഫർ തുകയെങ്കിലും ലഭിക്കണമെങ്കിൽ ജനുവരിയിലെങ്കിലും താരത്തെ ആഴ്സനലിന് ഒഴിവാക്കിയേ തീരൂ.